| Wednesday, 31st October 2018, 8:19 pm

ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മുമ്പില്‍ ആര്‍.എസ്.എസുകാരന്റെ വലുപ്പമെന്തെന്ന് മോദിജിക്ക് ബോധ്യപ്പെട്ടല്ലോ: വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മൂവായിരം കോടി രൂപ ചെലവില്‍ നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമക്കരികില്‍ നില്‍ക്കുന്ന പ്രധാനമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. രൂപ മൂവായിരം മുടക്കിയാലും സാരമില്ല, ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മുമ്പില്‍ ആര്‍.എസ്.എസുകാരനായ ഒരാളുടെ യഥാര്‍ത്ഥ വലുപ്പമെന്തെന്ന് മോദിജിക്ക് സ്വയം ബോധ്യപ്പെട്ടല്ലോ എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

പട്ടേലിന്റെ നര്‍മ്മദാതീരത്തെ ഏകതാപ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത് വിദേശമാദ്ധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരുന്നു. അതേസമയം ഇത്രയും പണം ചെലവിട്ട് പ്രതിമ നിര്‍മിച്ചതിനെതിരെ രൂക്ഷമായ വിമര്‍ശനവും പല കോണുകളില്‍ നിന്നും ഉയരുന്നിരുന്നു. അതിന് പിന്നാലെയാണ് ബല്‍റാമിന്റെ പരിഹാസം.


Read Also : ഏകതാ പ്രതിമ; ആര്‍.എസ്.എസ് അജണ്ടയുടെ പ്രാവര്‍ത്തികരൂപം


ചൈനീസ് നിര്‍മിത വസ്തുക്കള്‍ ഉപയോഗിച്ച് പ്രതിമ നിര്‍മിക്കുന്നതിനെ കളിയാക്കി വി.ടി.ബല്‍റാം നേരത്തേയും രംഗത്തെത്തിയിരുന്നു.

അനാച്ഛാദനം ചെയ്യാനിരിക്കെ ഗുജറാത്തില്‍ ട്രൈബല്‍ ആക്ടിവിസ്റ്റുകളെ പൊലീസ് അറസ്റ്റു ചെയ്തത് വിവാദമായി. പ്രതിമാ നിര്‍മ്മാണത്തില്‍ പ്രതിഷേധിച്ച് ആദിവാസികളും കര്‍ഷകരും രംഗത്തെത്തിയത് അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരുന്നു. പ്രതിമ അനാച്ഛാദനം ചെയ്യുന്ന ദിവസം പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു. ഇതാണ് ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ കലാശിച്ചതെന്നാണ് വിലയിരുത്തല്‍. ആയിരക്കണക്കിന് പൊലീസുകാരെയാണ് പ്രതിമ സംരക്ഷിക്കാനായി വിന്യസിച്ചിരിക്കുന്നതെന്ന് എ.എഫ്.പി റിപ്പോര്‍ട്ടു ചെയ്യുന്നു.

ഗുജറാത്തിലെ കെവാദിയയിലാണ് ഒരുമയുടെ പ്രതിമ എന്ന് പേരിട്ടിരിക്കുന്ന പട്ടേല്‍ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 182 മീറ്റര്‍ ഉയരമുള്ള വെങ്കലപ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്നാണ് കണക്കാക്കപ്പെടുന്നത്. നിര്‍മാണച്ചെലവ് 2900 കോടി രൂപ. ഏകതാ ദിവസ് ആയി ആചരിക്കുന്ന സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനത്തിലാണ് പ്രതിമയുടെ അനാച്ഛാദനം.

We use cookies to give you the best possible experience. Learn more