| Wednesday, 31st October 2018, 2:45 pm

ഏകതാ പ്രതിമ; ആര്‍.എസ്.എസ് അജണ്ടയുടെ പ്രാവര്‍ത്തികരൂപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

“ഗാന്ധിജിയെ വധിക്കാന്‍ പദ്ധതിയിടുകയും അത് നടപ്പിലാക്കുകയും ചെയത, സവര്‍ക്കരുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള, ഹിന്ദുമഹാസഭയുടെ മതഭ്രാന്തുപിടിച്ച  ഒരു സംഘടനയാണത്”- ഗാന്ധി വധത്തിനു ശേഷം അന്നത്തെ ഉപപ്രധാനമന്ത്രി ആയിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജവഹര്‍ലാല്‍ നെഹ്റുവിന് 1948, ഫെബ്രുവരി 27 ന് നല്‍കിയ കത്തിലെ പ്രസക്തഭാഗം ഇങ്ങനെയായിരുന്നു.

70 വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍.എസ്.എസിന്റെ രാഷ്ട്രീയ പ്രതിരൂപമായ ബി.ജെ.പി 3000 കോടി രൂപ ചെലവിട്ട് സമീപപ്രദേശത്തെ കര്‍ഷകരുടെയും ആദിവാസികളുടെയും ആവാസവ്യവസ്ഥയും ജീവിതവും തകര്‍ത്ത് സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നിര്‍മ്മിച്ചത് ഒരു വിരോധാഭാസമായിട്ടല്ല, മറിച്ച് ബി.ജെ.പിയുടെ മുഖംമിനുക്കലിന്റെയും സ്വാതന്ത്ര്യസമര പോരാട്ടത്തിലെ ഇനിയും തെളിയിക്കപ്പെടാത്ത പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായിട്ടാണെന്നാണ് രാഷ്ട്രീയ രംഗത്തെ വിദ്ഗദര്‍ വിലയിരുത്തുന്നത്.

ഗാന്ധിവധത്തെത്തുടര്‍ന്ന് നിരോധിക്കപ്പെട്ട ആര്‍.എസ്.എസിനെ തിരിച്ചുകൊണ്ടു വരണമെന്ന എം.എസ് ഗോല്‍വാക്കറുടെ ആവശ്യവും പട്ടേല്‍ അന്ന് ശക്തമായ ഭാഷയില്‍ എതിര്‍ത്തിരുന്നു.


“കൂടെ നിന്നേക്കണം കേട്ടോ”; ഡ്രാമയുടെ വിശേഷങ്ങളുമായി പോര്‍ച്ചുഗലില്‍ നിന്ന് മോഹന്‍ലാല്‍


1948 സെപ്റ്റംബര്‍ 11ന് പട്ടേല്‍ നല്‍കിയ മറുപടി ഇതായിരുന്നു: ” ആര്‍.എസ്.എസ് ഹിന്ദു സമൂഹത്തിന് സേവനങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അവര്‍ പ്രതികാര ബുദ്ധിയോടെ മുസല്‍മാനെ ആക്രമിക്കാന്‍ തുടങ്ങുമ്പോഴാണ് അവരോട് എതിര്‍പ്പു തോന്നുന്നത്. അവരുടെ പ്രസംഗം നിറയെ വര്‍ഗീയ വിഷമാണ്. ആ വിഷത്തിന്റെ അവസാന ഫലമെന്ന നിലയില്‍ ഗാന്ധിജിയുടെ നഷ്ടം നമുക്ക് സഹിക്കേണ്ടിവന്നു. ഗാന്ധി വധത്തിനുശേഷം ആര്‍.എസ്.എസുകാര്‍ മധുരം വിതരണം ചെയ്യുകയും ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തു. ഇതോടെ ആര്‍.എസ്.എസിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.”

സ്വന്തമായി രാഷ്ട്രീയ നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവന്ന് ഇന്ത്യയുടെ രാഷ്ട്രീയ-സ്വാതന്ത്ര്യസമര ചരിത്രത്തിന് ഒരു സമാന്തരം വ്യാഖ്യാനം നല്‍കാനായിരുന്നു ബി.ജെ.പിയും ആര്‍.എസ്.എസും 2014ല്‍ ഭരണത്തിലെത്തിയ ഉടന്‍ ശ്രമിച്ചത്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ഗോല്‍വാക്കറിനോ സവര്‍ക്കറിനോ ഒരു മതേതരമുഖം ഉണ്ടാക്കിയെടുക്കാന് സാധിക്കില്ലെന്ന് ബി.ജെ.പിക്കും ആര്‍.എസ്.എസിനും തീര്‍ച്ചയായിരുന്നു.

പദ്ധതിയുടെ ഭാഗമായി ആര്‍.എസ്.എസിന്റെ ത്വാതികാചാര്യന്‍ ദീന്‍ദയാല്‍ ഉപാദ്യായയെ ജനപ്രിയനാക്കാന്‍ അദ്ദേഹത്തിന്റെ നൂറാം ജന്മദിനാഘോഷത്തിന് കേന്ദ്രസര്‍വകലാശാലകളിലും മറ്റും നൂറു കോടി രൂപ ചിലവഴിച്ച് ബൃഹത്തായ ആഘോഷപരിപാടികള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തി. നൂറു കോടി രൂപ ചെലവഴിച്ചിട്ടും റെയില്‍വേ സ്റ്റേഷനും ട്രെയിനുകള്‍ക്കും ഉപാദ്യായുടെ പേരു നല്‍കിയിട്ടും ബി.ജെ.പി ശക്തികേന്ദ്രങ്ങള്‍ക്കപ്പുറം ഉപാദ്യായയെ വളര്‍ത്തിക്കൊണ്ടു വരാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല.

കോണ്‍ഗ്രസിന്റെ കുടുംബകേന്ദ്രീകൃതമായ ഭരണത്തില്‍ രാഷ്ട്രീയവലങ്ങള്‍ക്കുള്ളില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയ സ്വാതന്ത്ര്യസമര സേനാനികളെ തങ്ങളുടെ സംജ്ഞയാക്കി മാറ്റുകയായിരുന്നു പിന്നീട് ബി.ജെ.പിയുടെ ലക്ഷ്യം. ഇപ്രകാരം സ്വാതന്ത്ര്യസമര ചരിത്രത്തില്‍ തങ്ങള്‍ക്കും ഇടംപിടിക്കാനാകും എന്ന അതികലാഭം കൂടിയുണ്ടായിരുന്നു ബി.ജെ.പിക്ക്.

സ്വാതന്ത്ര്യസമരത്തില്‍ മാത്രമല്ല സ്വതന്ത്ര ഇന്ത്യയിലും കൃത്യമായ ഇടപെടലുകള്‍ നടത്തിയ രാജ്യത്തെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഇന്ന് ഉദ്ഘാടനം ചെയ്ത ഏക്താ പ്രതിമ ഈ ഒരു ആര്‍.എസ്.എസ് അജണ്ടയുടെ പ്രാവര്‍ത്തികരൂപമാണ്.

രാഷ്ട്രീയ അഭിപ്രായഭിന്നതകള്‍ മറന്നു കൊണ്ട് നിസ്വാര്‍ത്ഥമായാണ് ബി.ജെ.പി പ്രതിമ നിര്‍മ്മിച്ചതെങ്കില്‍ ആ പ്രതിമയുടെ കീഴില്‍ ആര്‍.എസ്.എസി നെതിരെ അദ്ദേഹം നെഹ്റുവിന് നല്‍കിയ കത്തിന്റെ പ്രസ്‌ക്തഭാഗങ്ങള്‍ ആലേഖനം ചെയ്യണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം.

We use cookies to give you the best possible experience. Learn more