| Thursday, 31st October 2019, 1:15 pm

രാജ്യത്തിന്റെ ഐക്യത്തില്‍ ഇന്ത്യയുടെ ശത്രുക്കള്‍ അസ്വസ്ഥരാണ്; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നെന്നും മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയും ആദ്യത്തെ ആഭ്യന്തരമന്ത്രിയുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 144-ാം ജന്മവാര്‍ഷിക ദിനത്തില്‍ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാഷ്ട്രീയ ഏക്താ ദിവസ് പരിപാടിയില്‍ സംസാരിച്ച മോദി കശ്മീര്‍ വിഷയത്തെ കുറിച്ചും പാക്കിസ്ഥാനെതിരെയും വിമര്‍ശനമുന്നയിച്ചു. ഇന്ത്യയുടെ ഏകീകരണത്തിന് ഏറ്റവും വലിയ സംഭാവന നല്‍കിയ വ്യക്തിയാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലെന്നും അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും വിലമതിക്കുന്നതാണെന്നും മോദി പറഞ്ഞു.

‘നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയെ ചാണക്യന്‍ ഐക്യപ്പെടുത്തി. അതിനുശേഷം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജഭരണങ്ങളെ ഇന്ത്യന്‍ യൂണിയനുമായി ലയിപ്പിച്ചുകൊണ്ട് ഇതേ നേട്ടം കൈവരിച്ചു. ഇന്ത്യയെപ്പോലെ ബഹുസ്വരതയെ അംഗീകരിക്കുന്ന മറ്റൊരു രാജ്യവും ഇല്ല. സര്‍ദാര്‍ പട്ടേലിന് നല്‍കാവുന്ന ഏറ്റവും മികച്ച ആദരാഞ്ജലിയാണ് നമ്മുടെ ഈ ഐക്യ’മെന്നും മോദി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം താന്‍ സര്‍ദാര്‍ പട്ടേലിന് സമര്‍പ്പിക്കുന്നതായും മോദി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 ഒരു മതിലായിരുന്നു. ആ മതില്‍ ഇപ്പോള്‍ ഇല്ലാതായി. – മോദി പറഞ്ഞു.

പ്രസംഗത്തില്‍ പാക്കിസ്ഥാനെതിരെയും മോദി രംഗത്തെത്തി. രാജ്യത്തിന്റെ ഐക്യത്തില്‍ ഇന്ത്യയുടെ ശത്രുക്കള്‍ അസ്വസ്ഥരാണെന്നായിരുന്നു മോദി പറഞ്ഞത്. ‘നമുക്കെതിരെ യുദ്ധങ്ങള്‍ ജയിക്കാന്‍ കഴിയാത്തവര്‍ നമ്മുടെ ഐക്യം നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നൂറ്റാണ്ടുകളായി ശ്രമിച്ചിട്ടും ആര്‍ക്കും നമ്മെ ഉന്മൂലനം ചെയ്യാനോ പരാജയപ്പെടുത്താനോ കഴിഞ്ഞിട്ടില്ല” പ്രധാനമന്ത്രി പറഞ്ഞു.

ജമ്മു കശ്മീരിന് വിഘടനവാദവും ഭീകരതയും മാത്രം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ രാജ്യം തീരുമാനിച്ചു. വടക്കു കിഴക്കന്‍ മേഖലകള്‍ വിഘടനവാദത്തില്‍ നിന്ന് കരകയറുകയാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്- മോദി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജമ്മു കശ്മീര്‍ വിഭജനത്തിന് പിന്നാലെ സംസ്ഥാനത്തേയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളേയും വേര്‍തിരിച്ച് ഒരു മതില്‍ ഉയര്‍ന്നു. ഞാന്‍ സര്‍ദാര്‍ സാബിനോട് പറയും, നിങ്ങളുടെ സ്വപ്നം, ആ മതില്‍ തകര്‍ന്നിരിക്കുന്നു, നിങ്ങളുടെ സ്വപ്നം പൂര്‍ത്തീകരിച്ചിരിക്കുന്നു. ഇന്നത്തെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തുകൊണ്ടുള്ള തീരുമാനം സര്‍ദാര്‍ സാഹിബിന് സമര്‍പ്പിക്കുന്നു.

ജമ്മു കശ്മീരിലെയും ലഡാക്കിലെയും രണ്ടാക്കിയത് ഒരു അതിര്‍ത്തി വരയ്ക്കാനല്ലെന്നും മറിച്ച് വിശ്വാസത്തിന്റെ ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയാണ് എന്നായിരുന്നു സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിനെ കുറിച്ച് മോദി പറഞ്ഞത്.

മൂന്ന് പതിറ്റാണ്ടിന്റെ ഭീകരതയില്‍ 40,000 ത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, പട്ടേല്‍ നല്‍കിയ പ്രചോദനം തന്നെയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനം എടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ആ തീരുമാനം ആദ്യത്തെ ആഭ്യന്തരമന്ത്രിയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നെന്നും മോദി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more