| Thursday, 28th June 2018, 11:21 pm

'നിങ്ങളുടെ പരിഹാസവും ആക്ഷേപവും എന്റെ അമ്മയെ രോഗിയാക്കി'; ഇറാന്‍ ലോകകപ്പ് ടീമംഗം 23ാം വയസ്സില്‍ വിരമിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

തെഹ്‌റാന്‍: ലോകകപ്പില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ഇറാന്‍ ദേശീയതാരം സര്‍ദാര്‍ അസ്മൗന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായ ആക്ഷേപങ്ങളും പരിഹാസവും മാതാവിനെ രോഗിയാക്കിയെന്നും ഇതുകൊണ്ടാണ് രാജിവെക്കുന്നതെന്നും സര്‍ദാര്‍ അസ്മൗന്‍ പറഞ്ഞു.

“ഇറാനിയന് മെസ്സി” എന്നറിയപ്പെടുന്ന താരമാണ് അസ്മൗന്‍. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് കളി നിര്‍ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞത്.

“ഗുരുതര രോഗമുണ്ടായിരുന്ന മാതാവ് അതിനെ മറികടന്നതില്‍ ഞാന്‍ സന്തോഷിച്ചിരിക്കുകയായിരുന്നു. പക്ഷെ കരുണയില്ലാത്ത ചില ആളുകള്‍ കാരണം, എനിക്കും ടീമിനുമേറ്റ അപമാനം സഹിക്കവയ്യാതെ അവരുടെ രോഗം മൂര്‍ച്ഛിച്ചിരിക്കുകയാണ്.” അസ്മൗന്‍ പറഞ്ഞു.

ദേശീയ ജഴ്‌സിക്ക് പകരം അമ്മയെ തെരഞ്ഞെടുത്തിരിക്കുകയാണ്. ദേശീയ ടീമിലെത്താന്‍ ഏറെ കഷ്ടപ്പെട്ട തന്നെ സംബന്ധിച്ചെടുത്തോളം 23ാം വയസ്സില്‍ രാജ്യത്തിന് വേണ്ടിയുള്ള കളിയവസാനിപ്പിക്കുന്നത് വളരെ വിഷമമുള്ള കാര്യമാണ്. അസ്മൗന്‍ പറഞ്ഞു.

19ാം വയസില്‍ ഇറാന്‍ ടീമിലെത്തിയ അസ്മൗനാണ് യോഗ്യതാ മത്സരങ്ങളില്‍ ഇറാന്റെ ടോപ്‌സ്‌കോറര്‍. റഷ്യയില്‍ മൂന്നു മത്സരങ്ങളിലും മുഴുവന്‍ സമയവും കളിച്ചെങ്കിലും അസ്മൗന് ഗോളടിക്കാന്‍ കഴിഞ്ഞിരുന്നില്ല. റഷ്യന്‍ ക്ലബ്ബായ റുബിന്‍ കസാന്‍ താരമാണ് ഇദ്ദേഹം. ഇറാന്റെ ഇതിഹാസ താരമായ അലി ദയിയുടെ പിന്‍മുറക്കാരനായി അറിയപ്പെടുന്ന താരമായിരുന്നു അസ്മൗന്‍.

ലോകകപ്പില്‍ ഇറാന്‍ മൊറോക്കോയോട് ജയിക്കുകയും സ്‌പെയിനോട് തോല്‍ക്കുകയും പോര്‍ച്ചുഗലുമായി സമനില പിടിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more