[]കറാച്ചി: പാക്കിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞ ഇന്ത്യന്‍ പൗരന്‍ സരബ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരുടെ വിചാരണ ഇന്നലെ ആരംഭിച്ചു. സരബ്ജിത്തിന്റെ സഹതടവുകാരായ അമര്‍ സര്‍ഫറാസ്, മുദ്‌സിര്‍ ബഷീര്‍ എന്നിവരുടെ വിചാരണയാണ് ആരംഭിച്ചത്.
കോട്ട്‌ലാഖ്പത് സെന്‍ട്രല്‍ ജയിലിലാണ് വിചാരണ. ലാഹോര്‍ കോട്‌ലാഖ്പത് ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയവേയാണ് സരബ്ജിത് സിങ് സഹതടവുകാരുടെ മര്‍ദ്ദനത്തിനിരയായി മരണപ്പെട്ടത്.
തടവുകാരുടെ മര്‍ദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ സരബ്ജിത് സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാഴ്ച്ച കഴിഞ്ഞ് മരണപ്പെടുകയായിരുന്നു.
സരബിജിത് സിങ്ങിനെ കൊലപ്പെടുത്താന്‍ തന്നെയായിരുന്നു ഉദേശിച്ചിരുന്നെന്ന് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി നല്‍കിയിരുന്നു.
1990 ല്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ 14 പേരുടെ മരണത്തിന് ഇടയാക്കി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് പാകിസ്ഥാന്‍ സരബ്ജിത്തിനെ പിടികൂടി തടവിലിട്ടത്.
പിന്നീട് വധശിക്ഷ വിധിക്കുകയായിരുന്നു. അതിനു ശേഷം വിവിധ ജയിലുകളിലായി 22 വര്‍ഷം തടവുശിക്ഷ അനുഭവിച്ച സരബ്ജിത്ത് നല്‍കിയ ദയാഹരജി പാകിസ്ഥാനിലെ വിവിധ കോടതികളും മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫും തള്ളിയിരുന്നു.