ന്യൂദല്‍ഹി: ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ സ്ഥാപകനായ പി.രാജഗോപാലിനെയടക്കം ആറുപേരം മദ്രാസ് ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2001ല്‍ ഹോട്ടല്‍ ജീവനക്കാരനായ പ്രിന്‍സ് ശാന്തകുമാറിനെ രാജഗോപാലും സംഘവും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
ആരോപണ വിധേയനായ രാജഗോപാലിനെ കോടതി 2004ല്‍ ബോധപൂര്‍വമല്ലാത്ത നരഹത്യയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ 10 വര്‍ഷം കഠിനതടവിനും 55 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. എന്നാല്‍ പിന്നീട് കേസ് പരിഗണിച്ച ഹൈക്കോടതി ഈ വിധി തള്ളികളയുകയും ഇത് കൊലപാതകം തന്നെയാണെന്ന് വിധിക്കുകയുമായിരുന്നു.
ശാന്തകുമാറിന്റെ ഭാര്യയെയും മറ്റൊരു ജീവനക്കാരനായ രാമസ്വാമിയുടെ മകളെയും ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലും രാജഗോപാല്‍ പ്രതിയാണ്. പിഴയില്‍ 50 ലക്ഷം രൂപ പീഡനത്തിനിരയായവര്‍ക്ക് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.
കള്ളപ്രമാണങ്ങള്‍ കാണിച്ച് യു.എസിലേക്ക് ആളെക്കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രാജഗോപാലിന്റെ മകന്‍ പി ശിവകുമാറിനെ കഴിഞ്ഞ വര്‍ഷം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെത്തുടര്‍ന്ന് പല അമേരിക്കന്‍ നയതന്ത്ര സ്ഥാപനങ്ങളിലും ശരവണഭവനിലെ ഭക്ഷണം നിരോധിച്ചിട്ടുണ്ട്.