ചെന്നൈ: ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമ പി.രാജഗോപാല്‍ ചെന്നൈയിലെ കോടതിയില്‍ കീഴടങ്ങി. ഹോട്ടലിലെ ജീവനക്കാരന്‍ പ്രിന്‍സ് ശാന്തകുമാറിനെ കൊലപ്പെടുത്തിയ കേസില്‍ രാജഗോപാലിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
എന്നാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന പി.രാജഗോപാലിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് രാജഗോപാല്‍ കീഴടങ്ങിയത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് രാജഗോപാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.
അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഓക്സിജന്‍ മാസ്‌ക് ധരിച്ചെത്തിയ രാജഗോപാല്‍ വീല്‍ ചെയറിലാണ് ജഡ്ജിയുടെ മുന്നിലെത്തിയത്.
2001ലാണ് പ്രിന്‍സ് ശാന്തകുമാറിനെ പി. രാജഗോപാലും സംഘവും കൊലപ്പെടുത്തിയത്. കേസില്‍ 2004ല്‍ സെഷന്‍സ് കോടതി രാജഗോപാലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വര്‍ഷം കഠിന തടവിന് ശിക്ഷിക്കുകയായിരുന്നു. ഇതിനെതിരെ അദ്ദേഹം ഹൈകോടതിയെ സമീപിച്ചു.
2009ല്‍ മദ്രാസ് ഹൈകോടതി ശിക്ഷ ജീവപര്യന്തമാക്കി. ഈ വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചു. എന്നാല്‍ മദ്രാസ് ഹൈകോടതി വിധി ശരിവെക്കുകയാണ് സുപ്രിംകോടതി ചെയ്തത്.