ആക്ഷന്‍ സിനിമകളിലൂടെ തമിഴിലും മലയാളത്തിലും ആരാധകരെ ഉണ്ടാക്കിയെടുത്ത നടനാണ് ശരത്കുമാര്‍. 1997ല്‍ റിലീസായ സൂര്യവംശം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാലോകത്ത് ജനപ്രിയ താരമായി മാറി. ഇടക്ക് സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും 2007ല്‍ എം.എല്‍.എ ആവുകയും ചെയ്തു.
2017 മുതല്‍ വീണ്ടും സിനിമയില്‍ സജീവമായി. 2023ല്‍ മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ പഴുവേട്ടരയര്‍ എന്ന ശക്തമായ കഥാപാത്രത്തെയും, പോര്‍ തൊഴില്‍ എന്ന സിനിമയിലെ പൊലീസ് വേഷവും ശ്രദ്ധേയമായിരുന്നു.
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ആദ്യ തമിഴ് സിനിമ ശരത്കുമാറിനൊപ്പമായിരുന്നു. 2005ല്‍ പുറത്തിറങ്ങിയ അയ്യാ എന്ന സിനിമയിലൂടെയായിരുന്നു നയന്‍താരയുടെ തമിഴ് അരങ്ങേറ്റം. ഷൂട്ടിന്റെ സമയത്തുണ്ടായ ഓര്‍മകള്‍ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.
നയന്‍താരയുടെ ആദ്യ സിനിമ താങ്കളുടെ ഒപ്പമായിരുന്നല്ലോ, അതിന്റെ ഓര്‍മകള്‍ എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘അയ്യാ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ നയന്‍താര ഇത്രയും വലിയ നടിയാവുമെന്നോ, ലേഡി സൂപ്പര്‍സ്റ്റാറായി മാറുമെന്നോ ഞാന്‍ കരുതിയില്ല. നമ്മുടെ കൂടെ അഭിനയിച്ചവര്‍ നല്ല നിലയില്‍ എത്തുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. അയ്യാ സിനിമയുടെ ഷൂട്ടിങ് തെങ്കാശിയില്‍ നടക്കുന്ന സമയം. നയന്‍താര ആദ്യമായി സെറ്റില്‍ എത്തുന്ന ദിവസമാണ്. അവര്‍ വന്നത് മോഡേണ്‍ ഡ്രസ് ധരിച്ചാണ്. ഇതു കണ്ടപ്പോള്‍ സംവിധായകന്‍ ഹരിക്ക് ദേഷ്യം വന്നു. ഈ ക്യാരക്ടര്‍ ഗ്രാമത്തിലെ പെണ്‍കുട്ടിയാണ്. ആ കുട്ടിയോട് ഡ്രസ് മാറിയിട്ട് വരാന്‍ പറഞ്ഞ് ബഹളം വെച്ചു. ഞാന്‍ ഹരിയെ ആശ്വസിപ്പിച്ചിട്ട് പറഞ്ഞു, ഞാന്‍ ആ കുട്ടിയെ പറഞ്ഞ് മനസിലാക്കാം,’ ശരത്കുമാര്‍ പറഞ്ഞു.
40 വര്‍ഷത്തിലധികമായി സിനിമാ ഫീല്‍ഡില്‍ നിറഞ്ഞു നില്‍ക്കുന്ന ശരത്കുമാര്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 100ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1994ല്‍ നാട്ടാമൈ എന്ന സിനിമക്കും, 1998ല്‍ സിമ്മരാസി, നട്പുക്കാക എന്നീ സിനിമകള്‍ക്കും മികച്ച നടനുള്ള തമിഴ്‌നാട് സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
content Highlight: Sarathkumar shares the experience first day of Nayanthara in her Tamil movie