ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ ആദ്യം എതിര്‍ക്കുക താനായിരിക്കുമെന്ന സിനിമാ താരവും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാറിന്റെ പ്രസ്താവനക്കെതിരെ രജനി ആരാധകര്‍.
ശരത്കുമാര്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധവുമായി തെരുവിലിറങ്ങിയ രജനി ആരാധകര്‍ ശരത്കുമാറിന്റെ കോലം കത്തിച്ചു. രജനീകാന്തിനെ വിമര്‍ശിക്കാന്‍ ശരത്കുമാറിന് അവകാശമില്ലെന്നും തങ്ങളുടെ സൂപ്പര്‍സ്റ്റാറിനോട് ശരത്കുമാര്‍ മാപ്പ് പറയണമെന്നുമാണ് ഇവരുടെ ആവശ്യം.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണ ശേഷം രജനീകാന്ത് രാഷ്ട്രീയ രംഗത്തേക്കിറങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം തുഗ്ലക് മാസികയുടെ മുന്‍ പത്രാധിപര്‍ ചോ രാമസാമിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് രജനീകാന്ത് രാഷ്ട്രീയ പരാമര്‍ശം നടത്തിയത്.
തമിഴകത്തെ നിലവിലെ രാഷ്ട്രീയം അസാധാരണമാണെന്നായിരുന്നു രജനീകാന്തിന്റെ പ്രസ്താവന. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുക്കുകയും ചെയ്തു.
ചടങ്ങില്‍ മാസികയുടെ പത്രാധിപര്‍ ഗുരുമൂര്‍ത്തി രജനീകാന്ത് രാഷ്ട്രീയത്തിലേക്കിറണമെന്നും തമിഴ് സിനിമയും രാഷ്ട്രീയവും തമ്മില്‍ അത്രയേറെ ബന്ധമുണ്ടന്നും പറഞ്ഞിരുന്നു. ഇതിനു ശേഷം സംസാരിച്ച രജനീകാന്ത് തന്റെ നിലപാട് വ്യക്തമാക്കിയില്ലെങ്കിലും സംസ്ഥാനത്തെ നിലവിലെ അസാധാരണ രാഷ്ട്രീയ സാഹചര്യത്തില്‍ ചോ രാമസ്വാമി ഇല്ലാത്തത് വേദനയുണ്ടാക്കുന്നു എന്നു പറഞ്ഞിരുന്നു.
രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാത്ത രജനീകാന്ത് ഇപ്പോള്‍ പ്രസ്താവന നടത്തിയത് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നത് കൊണ്ടാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലായിരുന്നു രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരസ്യമായി എതിര്‍ത്ത് ശരത് കുമാര്‍ രംഗത്തെത്തിയത്.