Entertainment
ഇരുവറില്‍ പ്രകാശ് രാജ് ചെയ്ത റോളില്‍ നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ശരത്കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 30, 09:35 am
Tuesday, 30th January 2024, 3:05 pm

ആക്ഷന്‍ ഹീറോ വേഷങ്ങളിലൂടെ തമിഴില്‍ ആരാധകരെ സൃഷ്ടിച്ച നടനാണ് ശരത്കുമാര്‍. 1990കളിലും 2000ത്തിന്റെ തുടക്കത്തിലും തമിഴില്‍ നിറഞ്ഞു നിന്നിരുന്ന താരം ഇടയ്ക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരുന്നു. 2007ല്‍ സ്വന്തമായി പാര്‍ട്ടി ഉണ്ടാക്കുകയും, എ.ഐ.എ.ഡി.എം.കെ മുന്നണിയില്‍ നിന്ന് മത്സരിച്ച് എം.എല്‍.എ ആവുകയും ചെയ്തു. 2017ല്‍ വീണ്ടും സിനിമയില്‍ സജീവമായി.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പോര്‍ തൊഴില്‍ എന്ന സിനിമയിലെ കര്‍ക്കശക്കാരനായ പൊലീസുകാരന്റെ കഥാപാത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. 2000ത്തില്‍ റിലീസായ മണിരത്‌നം ചിത്രം ഇരുവറിലെ റോള്‍ വേണ്ടെന്നു വെച്ചതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ശരത്കുമാര്‍. ബിഹൈന്‍ഡ് വുഡ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘എം.ജി.ആര്‍, കലൈഞ്ജര്‍ എന്നിവരുടെ കഥയാണ് ആ സിനിമയുടേത്. ആ സമയത്ത് എനിക്ക് തോന്നിയ കാര്യമെന്താണെന്ന് വെച്ചാല്‍ ഡി.എം.കെ പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ഈ സിനിമ ചെയ്താല്‍ എന്താകും എന്ന് അറിയില്ല. മണിരത്‌നം എന്ന സംവിധായകനില്‍ നല്ല വിശ്വാസമുണ്ടായിരുന്നു. പക്ഷേ ഞാന്‍ അത് ചെയ്താല്‍ ശെരിയാകുമോ എന്ന സംശയമായിരുന്നു. കലൈഞ്ജരുടെ വേഷം ചെയ്തിട്ട് ശെരിയായില്ലെങ്കില്‍ അദ്ദേഹം എന്നെപ്പറ്റി എന്ത് വിചാരിക്കും എന്ന ചിന്തയായിരുന്നു എനിക്ക്. കലൈഞ്ജറുമായി സംസാരിച്ച ശേഷം ഞാന്‍ ആ വേഷം വേണ്ടെന്നു വെച്ചു,’ ശരത്കുമാര്‍ പറഞ്ഞു.

എം.ജി.ആര്‍- കരുണാനിധി സൗഹൃദത്തെ മുന്‍നിര്‍ത്തി മണിരത്‌നം സംവിധാനം ചെയ്ത ഇരുവറില്‍ എം.ജി.ആറായി വന്നത് മോഹന്‍ലാലായിരുന്നു. കലൈഞ്ജറിന്റെ വേഷത്തിലേക്ക് ശരത്കുമാര്‍, മമ്മൂട്ടി, കമല്‍ ഹാസന്‍, നസ്‌റുദ്ദീന്‍ ഷാ എന്നിവരെ ആലോചിചിചിരുന്നെങ്കിലും ഒടുവില്‍ ആ വേഷം പ്രകാശ് രാജ് ചെയ്യുകയായിരുന്നു. ആ വര്‍ഷത്തെ മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡും ഇരുവറിലെ പ്രകടനത്തിന് പ്രകാശ് രാജ് നേടി.

Content Highlight: Sarathkumar explains why he rejected the role in Iruvar movie