ആലപ്പുഴ: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സുകള്‍ അടിമുടി മാറുന്നു. ഇന്ത്യയൊട്ടാകെ ഏകീകൃത ലൈസന്‍സ് നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ട “സാരഥി” സംവിധാനം കേരളത്തില്‍ സജ്ജമായതായി “മാതൃഭൂമി”യാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ അടുത്തയാഴ്ച മുതല്‍ ലഭ്യമായിത്തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആറുതരം സുരക്ഷാ സംവിധാനങ്ങളാണ് പുതിയ ലൈസന്‍സില്‍ ഉണ്ടാകുക. ക്യു.ആര്‍ കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോടെക്‌സ്റ്റ്, യു.വി എംബ്ലം, ഗൈല്ലോച്ചേ പാറ്റേണ്‍ എന്നിവ ഉള്‍പ്പെട്ടതാണ് സുരക്ഷാസംവിധാനങ്ങള്‍. ഇളം മഞ്ഞ, പച്ച, വയലറ്റ് നിറങ്ങള്‍ ലയിപ്പിച്ച ഡിസൈനാണ് പുതിയ ലൈസന്‍സിന്.
സംസ്ഥാനസര്‍ക്കാറിന്റെ മുദ്ര, ഹോളോഗ്രാം, വ്യക്തിയുടെ ചിത്രം, രക്തഗ്രൂപ്പ് എന്നിവയാണ് മുന്‍വശത്ത് ഉണ്ടാകുക. പിറകുവശത്താണ് ക്യു.ആര്‍ കോഡ് ഉള്ളത്. ഇത് സ്‌കാന്‍ ചെയ്താല്‍ ലൈസന്‍സ് ഉടമയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകും. ലൈസന്‍സ് നമ്പര്‍, മോട്ടോര്‍ വാഹനവകുപ്പിന്റെ മുദ്ര എന്നിവ ഇരുവശത്തും ഉണ്ടാകും.
കോഴിക്കോട് ആസ്ഥാനമായുള്ള ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് കാര്‍ഡിന്റെ രൂപകല്‍പ്പന പൈലറ്റ് പ്രൊജക്ടായി ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തെ കുടപ്പനക്കുന്ന്, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ സബ് ആര്‍.ടി.ഒ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ “സാരഥി ലൈസന്‍സ്” ലഭ്യമാകുക. സംസ്ഥാനത്തെ മറ്റിടങ്ങളിലും “സാരഥി” വൈകാതെ തന്നെ ലഭ്യമാകും.