| Friday, 12th January 2024, 2:12 pm

സജിയേട്ടന്‍ സേഫല്ല, പക്ഷേ പേരില്ലൂരിലെ ജ്യോത്സ്യന്‍ അംബരീഷ് സേഫാണ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘സജിയേട്ടാ, ഇവിടെ സേഫല്ലെന്ന’ ഒരൊറ്റ ഡയലോഗിലൂടെ മലയാള സിനിമയിലെ തന്റെ സ്ഥാനം സേഫാക്കിയ നടനാണ് ശരത് സഭ. പേരില്ലൂര്‍ പ്രീമിയര്‍ ലീഗെന്ന ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ പുറത്തിറങ്ങിയ പുതിയ വെബ് സീരീസിലൂടെ വീണ്ടും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കഥാപാത്രവുമായി എത്തിയിരിക്കുകയാണ് ശരത്.

ജ്യോത്സ്യന്‍ അംബരീഷ്, (ഐ.ടിഐ ഡിപ്ലോമ, മെക്കാനിക്) എന്നൊരു ബോര്‍ഡും തൂക്കി പേരില്ലൂരുകാരെ മൊത്തം പറ്റിക്കുന്ന കള്ള ജ്യോത്സ്യനെ പ്രേക്ഷകര്‍ ഏറ്റെടുത്തെന്ന് തന്നെ പറയാം.

സോമന്‍ പണിക്കരുടെ കാലംതെറ്റി പിറന്ന മൂത്ത സന്തതി എന്നാണ് അംബരീഷിനെ കുറിച്ച് നാട്ടുകാര്‍ പറയുന്നത്. പണ്ട് ഗള്‍ഫിലായിരുന്ന അംബരീഷ് സ്വന്തം ചേട്ടന് അത്യാവശ്യമായി ചുണ്ടിന് സര്‍ജറി വേണമെന്ന് പറഞ്ഞ് കല്യാണ രാമനിലെ നായകന്റെ ഫോട്ടോ കാണിച്ചുകൊടുത്ത് അറബിയില്‍ നിന്നും കാശ് പറ്റിച്ച മൊതലാണ്. ഇങ്ങനെയൊക്കെയാണെങ്കിലും പേരില്ലൂരുകാര്‍ തങ്ങള്‍ക്കൊരു പ്രശ്‌നം വന്നാല്‍ ആദ്യം സമീപിക്കുന്നത് അംബരീഷ് ജ്യോത്സനെയാണ്.

പേരില്ലൂര്‍ പ്രീമിയര്‍ ലീഗില്‍ അംബരീഷ് എത്തുന്ന ഓരോ സീനും ചിരിയ്ക്ക് വഴിയൊരുക്കുന്നതാണ്.

‘ശ്ലഥകാകളിവൃത്തത്തില്‍ രണ്ടാം പാദത്തിലന്ത്യമാം രണ്ടക്ഷരം കുറച്ചീടിലതു മഞ്ജരിയായിടും’ എന്നത് ശ്ലോകമാക്കി ചൊല്ലി നാട്ടുകാരുടെ മുന്‍പില്‍ പണ്ഡിതനാകുന്ന അംബരീഷിനെ പേരില്ലൂകാര്‍ക്ക് വിശ്വാസമാണ്. ഏകപട ത്രിപുട ത്രിപുട പഞ്ച പട ഠിം ഠിം ഠിം ഠിം എന്നിങ്ങനെയുള്ള അംബരീഷ് ജ്യോത്സന്റെ ശ്ലോകം ഭക്തിപുരസരം കേട്ടിരിക്കുന്നവരാണ് പേരില്ലൂരുകാര്‍.

മൊബൈല്‍ ഫോണില്‍ ഓംകാര ശ്ലോകം വെച്ച് കവടി നിരത്തുന്ന അംബരീഷ് ഒരു ഘട്ടത്തില്‍ നായകന്‍ ശ്രീക്കുട്ടന്റെ ഭാവി പ്രവചിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തുന്ന ഒരു രംഗമുണ്ട്.

രണ്ടക്ഷരം കുറഞ്ഞീടിനാല്‍ അത് മഞ്ജരിയായിടും. ലഘ്‌നത്തില്‍ വിഘ്‌നമില്ല തുടങ്ങിയ കിടിലന്‍ ഡയലോഗുകള്‍ പറഞ്ഞ് കവടി നിരത്തുന്ന അംബരീഷിന് കാമുകിയുടെ അപ്രതീക്ഷിത കോള്‍ വരുന്നതാണ് രംഗം.

വേറെ കല്യാണം ഉറപ്പിച്ചെന്നും ജോലിയുള്ള ഗള്‍ഫുകാരനായതുകൊണ്ട് വേറൊന്നും നോക്കിയില്ലെന്നും കാമുകി വിളിച്ചു പറയുമ്പോള്‍ വെപ്രാളപ്പെട്ട് കവടി പോലുമെടുക്കാത്ത പാഞ്ഞുപോകുന്ന ജ്യോത്സ്യന്‍ അംബരീഷിന്റെ പ്രകടനം ഗംഭീരമെന്ന് പറയാതെ വയ്യ.

കല്യാണത്തിനായി കാമുകി ഫേഷ്യല്‍ ചെയ്ത് കാറില്‍ വരുന്ന രംഗത്തില്‍ എട്ടുവര്‍ഷത്തെ പ്രേമമായിരുന്നു എന്ന് പറഞ്ഞ് അംബരീഷ് നെഞ്ചു പൊട്ടിക്കരയുമ്പോള്‍ പ്രേക്ഷകര്‍ ചിരിയടക്കാന്‍ പാടുപെടും.

കാമുകിയുടെ കല്യാണം മുടക്കാന്‍ അവളുടെ വീട്ടിലേക്ക് വെള്ളമെടുക്കുന്ന അടുത്ത വീട്ടിലെ കിണറില്‍ നിധിയുണ്ടെന്നും മറ്റൊരാള്‍ക്ക് ആ വെള്ളം കൊടുക്കരുതെന്നും പറഞ്ഞ് കാമുകിയോടുള്ള റിവഞ്ച് തീര്‍ക്കാനും അംബരീഷ് ശ്രമിക്കുന്നുണ്ട്.

ഏറ്റവും ഒടുവില്‍ വിവാഹം കഴിക്കാന്‍ പോകുന്നയാളുടെ ജോലി പോയെന്ന് അറിഞ്ഞ് അംബരീഷിനെ തന്നെ കാമുകി തേടിയെത്തുമ്പോള്‍ ഒരു പരിഭവം പോലും പറയാതെ ആ നാട്ടില്‍ നിന്ന് തന്നെ അവളെയും കൊണ്ട് കടന്നുകളയുകയാണ് ജ്യോത്സ്യന്‍.

2021ല്‍ പുറത്തിറങ്ങിയ ജാന്‍ എ മന്‍ എന്ന ചിത്രത്തിലെ കണ്ണന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശരത് ശ്രദ്ധിക്കപ്പെട്ടത്. കൊറോണ ധവാന്‍ എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ ശരത് എത്തിയിട്ടുണ്ട്.

Content Highlight: Sarath Sabha Performance on perilloor premier League

We use cookies to give you the best possible experience. Learn more