മലയാളികള്‍ക്ക് ഏറെ പരിചിതനായ ഒരു താരമാണ് ശരത് ദാസ്. സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ശരത് ഒരു ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. മഴവില്‍ മനോരമയിലെ ഭ്രമണം എന്ന സീരിയലില്‍ രവിശങ്കര്‍ എന്ന കഥാപാത്രമായി താരം അഭിനയിച്ചിരുന്നു. ആ സീരിയലിന്റെ അവസാനം അയാള്‍ നെറ്റിയില്‍ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. എന്നാല്‍ അത് ടെലികാസ്റ്റ് ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയ ആ മീമുകള്‍ കൊണ്ട് നിറഞ്ഞിരുന്നു. നിരവധി ട്രോളുകളായിരുന്നു അന്ന് ശരതിന് നേരിടേണ്ടി വന്നത്. ഇപ്പോള്‍ ആ ട്രോളുകളെ കുറിച്ച് പറയുകയാണ് ശരത് ദാസ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ആ കഥാപാത്രം എനിക്ക് തന്നതില്‍ ഞാന്‍ ജോയ്‌സി സാറിനോടും മനോരമയോടും നന്ദി പറയുകയാണ്. അത്രയും നല്ല കഥാപാത്രമായിരുന്നു അത്. ആ കഥാപാത്രത്തെ കുറിച്ച് അന്ന് ജോയ്‌സി സാര്‍ പറഞ്ഞപ്പോള്‍ അവതരിപ്പിക്കപ്പെടേണ്ട കഥാപാത്രമായിരുന്നു അതെന്ന് എനിക്ക് തോന്നി. ഇന്നത്തെ കാലത്ത് അത്തരം മനുഷ്യര്‍ ഒരുപാടുണ്ട്. അതില്‍ ആണെന്നോ പെണ്ണെന്നോയില്ല. ആ കഥാപാത്രം ചെയ്താല്‍ നന്നാകുമെന്ന് തോന്നിയത് കൊണ്ടാണ് ഞാന്‍ തയ്യാറായത്. പക്ഷെ അതിലെ അഭിനയത്തിന്റെ കാര്യത്തില്‍ എനിക്ക് ഇപ്പോഴും ആളുകളില്‍ നിന്ന് പരാതിയൊന്നും കേട്ടിട്ടില്ല.
എന്നാല്‍ ആ വെടി കൊള്ളുന്ന സീനിന് ഏതോ ഒരു വിദ്വാന്‍ തുടക്കമിട്ടതാണ് (ചിരി). ആരാണ് അതെന്ന് എനിക്ക് അറിയില്ല. വെടി കൊണ്ട ശേഷം വീഴാന്‍ പോകുന്ന സമയം പോസ് ചെയ്താണ് ആ ട്രോള്‍ മീമ് ചെയ്ത്. അയ്യോ, അന്ന് തുടങ്ങിയതാണ്. ആദ്യത്തെ ഒന്നോ രണ്ടോ ആഴ്ച എനിക്ക് ഒരു രക്ഷയും ഉണ്ടായിരുന്നില്ല. ആ സമയത്ത് എങ്ങനെ ഇത് ഡീല് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എല്ലായിടത്തും ഈ മീമിന്റെ പ്രളയമായിരുന്നു. ആ സമയത്ത് ‘ഇത് എന്താണെടാ’ എന്ന് ചോദിച്ച് എന്റെ ഫ്രണ്ട്‌സൊക്കെ എനിക്ക് അയച്ച് തരുമായിരുന്നു. അപ്പോള്‍ ഇത് അയക്കല്ലേയെന്ന് ഞാന്‍ പറയും.
പക്ഷെ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ആ ട്രോള്‍ വളരെ നല്ലതായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഒരു മനുഷ്യന്റെ ഉയര്‍ച്ചക്ക് ഇത്തരം ട്രോളുകള്‍ വളരെ ആവശ്യമാണ്. നല്ല കഥാപാത്രങ്ങള്‍ നമ്മള്‍ ചെയ്യുമ്പോള്‍ അത് നല്ലതാണെന്ന് പറഞ്ഞ് നമ്മളെ അഭിനന്ദിക്കുന്ന പ്രേക്ഷകര്‍ക്ക്, മോശമായ എന്തെങ്കിലും കണ്ട് മോശമാണെന്ന് പറയാനുള്ള അധികാരവും ഉണ്ടല്ലോ. അതിന്റെ ഭാഗമായിട്ടുള്ള ഒന്നായാണ് ഞാന്‍ ആ ട്രോളിനെയും കാണുന്നത്.
ആ സമയത്ത് ഫാമിലിയെയും ബാധിച്ചിരുന്നു. ഒരാളെ ബാധിക്കുമ്പോള്‍ മൊത്തത്തില്‍ ബാധിക്കുമല്ലോ. പിന്നെ അതുമായി അഡ്ജസ്റ്റ്ഡായി. എന്റെ കുട്ടികള്‍ക്ക് അത് ഫീലായോ എന്ന് അറിയില്ല. അത് കണ്ട് അവരും ചിരിച്ചിട്ടുണ്ടാകും. രണ്ട് ദിവസം മുമ്പ് പോലും എന്റെ മകളോട് അവളുടെ ഒരു ഫ്രണ്ട് ‘നിന്റെ അച്ഛന്റെ വീഡിയോ കണ്ടിരുന്നു’വെന്ന് പറഞ്ഞിരുന്നു. ഇനി ഇങ്ങനെയുള്ള ട്രോളില്‍ പെടല്ലേയെന്ന് അവര്‍ പറയുന്നുണ്ട്. പക്ഷെ ട്രോളുകളില്‍ പെട്ടാലല്ലേ ഇന്നത്തെ കാലത്ത് ജീവിക്കാന്‍ പറ്റുള്ളൂ,’ ശരത് ദാസ് പറയുന്നു.
Content Highlight: Sarath Das Talks About Troll After Bhramanam Serial