മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ് 2000ല്‍ രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ദേവദൂതന്‍. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന സംഗീതജ്ഞനായിട്ടായിരുന്നു മോഹന്‍ലാല്‍ എത്തിയത്. തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്ത ദേവദൂതനെ കാലം തെറ്റിയിറങ്ങിയ മാസ്റ്റര്‍പീസ് എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. 24 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്.
മികച്ച താരനിര തന്നെ ഒന്നിച്ച ഈ സിനിമയില്‍ ശരത് ദാസും ഒരു കഥാപാത്രമായി എത്തിയിരുന്നു. ദേവദൂതന്‍ അന്ന് സൂപ്പര്‍ഹിറ്റാകും എന്നായിരുന്നു താന്‍ വിചാരിച്ചിരുന്നതെന്ന് പറയുകയാണ് ശരത്. അതിന്റെ കാരണം മോഹന്‍ലാലിന്റെ ഡെഡിക്കേഷനായിരുന്നു എന്നും താരം പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശരത് ദാസ്.
‘ആ സിനിമ സൂപ്പര്‍ഹിറ്റാകും എന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്. കാരണം ലാലേട്ടന്റെ ഡെഡിക്കേഷനായിരുന്നു. ഞാന്‍ അന്ന് ആദ്യമായി ലൊക്കേഷനില്‍ എത്തുമ്പോള്‍ കാണുന്നത് മെലിഞ്ഞ ലാലേട്ടനെയാണ്. നമ്മള്‍ നരസിംഹത്തിലോ അല്ലെങ്കില്‍ അതിന് മുമ്പുള്ള സിനിമകളിലോ കണ്ടിട്ടുള്ളത് അങ്ങനെയുള്ള ലാലേട്ടനെ അല്ലല്ലോ. ശരിക്കും ഒരു ദേവന്റെ പ്രകൃതത്തിലുള്ള കോസ്റ്റിയൂമുമൊക്കെ ഇട്ടാണ് അദ്ദേഹത്തെ ആദ്യമായി ലൊക്കേഷനില്‍ കാണുന്നത്. അദ്ദേഹത്തിന് എന്തൊരു മാറ്റമാണെന്ന് ഞാന്‍ അപ്പോള്‍ ചിന്തിച്ചു.
അതിന് വേണ്ടി ലാലേട്ടന്‍ എത്രമാത്രം എഫേര്‍ട്ട് എടുത്തിട്ടുണ്ടാകും എന്നും ആലോചിച്ചു. അതിന് കുറിച്ച് ഞാന്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്, ഏകദ്ദേശം ഒരു മാസത്തോളം അദ്ദേഹം അതിന് വേണ്ടി തടി കുറക്കാനുള്ള പരിശ്രമത്തിലായിരുന്നു എന്നാണ്. കാരണം സിനിമയില്‍ അദ്ദേഹത്തിന് രണ്ട് രീതിയിലുള്ള കഥാപാത്രമാണല്ലോ വരുന്നത്. വിശാല്‍ കൃഷ്ണമൂര്‍ത്തിയുടെ ഒരു ഫ്‌ളാഷ്ബാക്കുണ്ട്, പിന്നെ പ്രസന്റിലെ ആ രൂപവുമുണ്ട്. സിനിമയോടുള്ള അദ്ദേഹത്തിന്റെ ആ ഡെഡിക്കേഷന്‍ വളരെ വലുതാണ്,’ ശരത് ദാസ് പറഞ്ഞു.
Content Highlight: Sarath Das Talks About Mohanlal’s Dedication