| Friday, 2nd June 2023, 11:58 pm

സീരിയലുകളുടെ തിരക്കുകള്‍ കാരണം സിനിമക്ക് പിന്നാലെ പോവാനായില്ല: ശരത് ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ ആദ്യമായി കയ്യടി കിട്ടിയത് പത്രം എന്ന സിനിമയിലെ ഇബ്നു എന്ന കഥാപാത്രത്തിനായിരുന്നുവെന്ന് നടന്‍ ശരത് ദാസ്. സിനിമ ഒരിക്കലും നമ്മളെ ഇങ്ങോട്ട് തേടി വരില്ലെന്നും സീരിയലുകളുടെ തിരക്കുകള്‍ കാരണമാണ് തനിക്ക് സിനിമയില്‍ സജീവമാകാന്‍ സാധിക്കാഞ്ഞതെന്നും താരം ഗൃഹലക്ഷമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘സിനിമയില്‍ ആദ്യമായി കയ്യടി കിട്ടിയത് പത്രം എന്ന സിനിമയിലാണ്. ആ സിനിമ ഞാന്‍ വിവിധ തിയേറ്ററുകളില്‍ പോയി കണ്ടിട്ട് ആ കയ്യടി ആ സ്വദിച്ചിട്ടുണ്ട്. സിനിമ കഴിഞ്ഞ് ഞാന്‍ പുറത്തേക്ക് ഇറങ്ങി നില്‍ക്കുമ്പോള്‍ ആളുകള്‍ ചുറ്റും കൂടി നിന്ന് പരിചയപ്പെടും. സിനിമ ഒരിക്കലും നമ്മളെ ഇങ്ങോട്ടേക്ക് അന്വേഷിച്ച് വരില്ല, നമ്മള്‍ അങ്ങോട്ട് തന്നെ പോകണം.

സീരിയലുകളുടെ തിരക്കുകള്‍ കാരണം പലപ്പോഴും സിനിമക്ക് പിന്നാലെ പോയിട്ടില്ല. അതായിരിക്കാം എനിക്ക് സിനിമയില്‍ സജീവമാകാന്‍ കഴിയാഞ്ഞത്. എന്നാല്‍ കുറേയധികം സീരിയലുകള്‍ ചെയ്യാനായി. അതുകൊണ്ട് തന്നെ വളരെയധികം സന്തോഷമുണ്ട്. കുഞ്ഞമ്മിണീസ് ഹോസ്പ്പിറ്റല്‍ എന്ന പുറത്തിറങ്ങാനിരിക്കുന്ന സിനിമയില്‍ ഒരു ഡോക്ടര്‍ കഥാപാത്രം ചെയ്തിട്ടുണ്ട്. സംവിധാനവും, സംഗീത സംവിധാനവും എനിക്ക് ഏറെ ഇഷ്ടപ്പെട്ട മേഖലകളാണ്. അതില്‍ സംഗീത സംവിധാനത്തിലേക്ക് ഈ വര്‍ഷം ചുവടുവെക്കും,’ ശരത് ദാസ് പറഞ്ഞു.

സിനിമയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ചും ശരത് അഭിമുഖത്തില്‍ പറഞ്ഞു.

‘എന്റെ അച്ഛന്‍ വെണ്‍മണി ഹരിദാസ് കഥകളി സംഗീതജ്ഞനായിരുന്നു. അതുകൊണ്ട് തന്നെ ചെറുപ്പംമുതലേ എനിക്ക് സംഗീതത്തില്‍ താത്പര്യമുണ്ടായിരുന്നു. 1993ല്‍ ഞാന്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് വളരെ അപ്രതീക്ഷിതമായിട്ടാണ് സിനിമയിലേക്ക് എത്തുന്നത്.

ഒരിക്കല്‍ സംവിധായകന്‍ ഷാജി എന്‍. കരുണിന്റെ ചിത്രത്തിലേക്ക് അച്ഛനെ അഭിനേതാവായി ക്ഷണിക്കാന്‍ വീട്ടിലേക്ക് വന്നിരുന്നു. തിരക്കഥ വായിച്ചിട്ട് നമ്പൂതിരി മാഷാണ് അച്ഛനെ ആ കഥാപാത്രത്തിലേക്ക് നിര്‍ദേശിക്കുന്നത്. അച്ഛനോട് സംസാരിക്കുമ്പോള്‍ സിനിമയിലേക്ക് മകന്റെ വേഷം ചെയ്യാനായി ഒരാളെ വേണമെന്ന് പറഞ്ഞപ്പോള്‍ എന്റെ ഫോട്ടോ എടുത്ത് കാണിച്ച് കൊടുത്തു, അവര്‍ക്ക് ഇഷ്ടപ്പെട്ടു.

ആ സമയത്ത് ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല. ഷാജി സാര്‍ അവിടെ ഫോട്ടോഗ്രാഫറെ നിര്‍ത്തി പോയിട്ടുണ്ടായിരുന്നു. ഞാന്‍ കോളേജില്‍ നിന്ന് വന്നതിനുശേഷം അവര്‍ എന്റെ ഫോട്ടോ എടുത്തിട്ട് പോയി. അങ്ങനെയായിരുന്നു എന്റെ സിനിമയിലേക്കുള്ള പ്രവേശനം.

മുമ്പ് അഭിനയിച്ചിട്ട് പരിജയം ഒന്നും ഇല്ലാത്തതുകൊണ്ട് ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. ഷാജി സാര്‍ എല്ലാ കാര്യങ്ങളും പറഞ്ഞുതന്നു. ഒരാഴ്ച ഞാന്‍ ലോക്കേഷനില്‍ പോയി ഷൂട്ടിങ് എല്ലാം കണ്ടുപഠിച്ചു. ആദ്യം ലോങ് ഷോട്ടുകളായിരുന്നു എടുത്തിരുന്നത്. പിന്നീട് ആ സിനിമയില്‍ അഭിനയിച്ചതിന് ശേഷം ആര്‍ട്ട് ഡയറക്ടര്‍ പത്മകുമാര്‍ സംവിധാനം ചെയ്ത സമ്മോഹനം എന്ന സിനിമയിലേക്ക് വിളി വന്നു.

എന്ന് സ്വന്തം ജാനകികുട്ടി, പത്രം, ഇന്ദ്രീയം, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങളുടെ ഭാഗമാകാന്‍ സാധിച്ചു. പത്രം സിനിമയിലെ ഇബ്നു എന്ന കഥാപാത്രത്തിനാണ് പ്രശംസ ലഭിച്ചത്,’ ശരത് ദാസ് പറഞ്ഞു.

Content Highlight:  Sarath Das says  Due to rush of serials, the film could not follow

We use cookies to give you the best possible experience. Learn more