| Wednesday, 31st May 2023, 6:04 pm

കുറേയെണ്ണം വിജയിച്ചു, കുറേയെണ്ണം പരാജയപ്പെട്ടു; തോല്‍വി എന്നെ സംബന്ധിച്ച് പുതിയ കാര്യമല്ല: ശരത് അപ്പാനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ കുറേ സിനിമകള്‍ വിജയിക്കുകയും കുറേയെണ്ണം പരാജയപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് നടന്‍ ശരത് അപ്പാനി. തോല്‍വി തന്നെ സംബന്ധിച്ച് പുതിയ കാര്യമല്ലെന്നും താരം പറഞ്ഞു. പ്രോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം സിനിമക്ക് പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയിട്ടുണ്ടെന്നും അത് പറയാന്‍ തനിക്കൊരു മടിയുമില്ലെന്നും ശരത് പറയുന്നു. ആദ്യ ചിത്രമായ അങ്കമാലി ഡയറീസില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥാകൃത്ത് ചെമ്പന്‍ വിനോദുമാണ് തന്നെ കൊണ്ടു വന്നതെന്ന് കരുതി അവരെപ്പോഴും കൂടെ കാണണമെന്ന് പറയുന്നത് മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എന്റെ സിനിമക്ക് പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയിട്ടുണ്ട്. എന്റെ ഫസ്റ്റ് ഹീറോ പടമായ കോണ്ടസ്സയുടെ ഡയറക്ടറോട് ചോദിച്ചാല്‍ അറിയാമത്. എന്റെ വണ്ടിയുടെ പുറകില്‍ ഞാന്‍ പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ട്. എനിക്കത് പറയാന്‍ ഒരു മടിയും ഇല്ല. എന്നെ പ്രൊമോട്ട് ചെയ്യാന്‍ എനിക്ക് ഞാനേയുള്ളൂ. എന്നെ, എന്റെ ആദ്യ പടമായ അങ്കമാലി ഡയറീസില്‍ ലിജോ ചേട്ടനും ചെമ്പന്‍ ചേട്ടനും കൈ പിടിച്ച് കൊണ്ടു വന്നു. എന്ന് കരുതി അവരെപ്പോഴും എന്റെ കൂടെ കാണണം എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. അവര്‍ നമുക്ക് ജീവിക്കാനായി ഒരു അവസരം ഒരുക്കി തന്നു.

പിന്നെ ലിജോ സാറാണെങ്കിലും ചെമ്പന്‍ സാറാണെങ്കിലും സിനിമയിലേക്ക് നമ്മളെ വെറുതെ വിളിക്കില്ലല്ലോ. നമ്മുടെ കയ്യില്‍ അഭിനയിക്കാനുള്ള കഴിവുണ്ടെന്ന് മനസിലാക്കി, അവര്‍ക്ക് നല്ല രീതിയില്‍ വര്‍ക്ക് ചെയ്യാന്‍ കഴിയുമെന്നുള്ളത് കൊണ്ടാണ് നമ്മളെ വിളിക്കുന്നത്.

അങ്കമാലി ഡയറീസില്‍ വന്ന് അഭിനയിച്ച്, ഞാന്‍ ഇപ്പോഴും ആറു വര്‍ഷമായി മലയാള സിനിമയില്‍ നടനായി തുടരുന്നു. അങ്കമാലി ഡയറീസിനു ശേഷം ഞാന്‍ ചെയ്ത സിനിമകളൊന്നും ഇവരുടെ സിനിമകളല്ല. ഞാന്‍ തേടി പിടിച്ചതും എന്നെ തേടി വന്നതുമായ സിനിമകളാണ്. അതില്‍ കുറേ സിനിമകള്‍ വിജയിച്ചിട്ടുണ്ട്, കുറേ സിനിമകള്‍ പരാജയപ്പെട്ടിട്ടുമുണ്ട്. അതൊക്കെ ഇതിന്റെയൊരു ഭാഗമാണ്. തോല്‍വി എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് ആദ്യത്തെ കാര്യമൊന്നുമല്ല,’ അപ്പാനി ശരത് പറഞ്ഞു.

CONTENT HIGHLIGHTS: Sarath Appani on the successes and failures of the film

We use cookies to give you the best possible experience. Learn more