| Wednesday, 31st May 2023, 9:12 am

അങ്കമാലി ഡയറീസ് ഇറങ്ങിയപ്പോഴുള്ള സന്തോഷം പിന്നീട് ഉണ്ടായിട്ടില്ല: ശരത് അപ്പാനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അങ്കമാലി ഡയറീസിലെ അപ്പാനി രവിയെ ശ്രദ്ധിക്കാത്ത പ്രേക്ഷകർ കുറവാണ്. ഒരു പുതുമുഖത്തിന് നൽകാവുന്നതിൽ വെച്ച് ഏറ്റവും വലിയ സ്വീകരണമാണ് പ്രേക്ഷകർ ശരത്തിന് നൽകിയത്. തന്റെ അങ്കമാലി ഡയറീസ് ഓർമകളും ഒപ്പം പുതിയ സിനിമയുടെ വിശേഷങ്ങളും പങ്കുവെക്കുകയാണ് ശരത്ത്.

തന്റെ സ്വന്തം പണംകൊണ്ട് സിനിമ പ്രൊമോഷൻ നടത്തിയിട്ടുണ്ടെന്ന് പറയുകയാണ്‌ ശരത്. തന്റെ ചെറുപ്പത്തിൽ സ്വന്തമായിട്ട് 12 പേര് അടങ്ങുന്ന ട്രൂപ് ഉണ്ടായിരുന്നെന്നും സിനിമയോടുള്ള അമിതമായ ഇഷ്ടംകൊണ്ടാണ് പ്രൊമോഷൻ നടത്തുന്നതെന്നും പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ഒരു സിനിമ ചെയ്തിട്ട് അത് ജനങ്ങൾ കാണാതെ പോകരുതെന്ന നിർബന്ധം എനിക്കുണ്ട്. സിനിമയിൽ അഭിനയിച്ചാൽ മാത്രം പോരേ സ്വന്തം കയ്യിലെ പണം മുടക്കി എന്തിനാണ് സിനിമ പ്രൊമോട്ട് ചെയ്യുന്നതെന്ന് എന്നോട് എല്ലാവരും ചോദിക്കാറുണ്ട്. പക്ഷെ അങ്ങനെ ചെയ്യാൻ എന്റെ മനസനുവദിക്കില്ല. ഞാൻ പ്ലസ് ടു കഴിഞ്ഞിരിക്കുന്ന സമയത്ത് എനിക്ക് സ്വന്തമായി 12 പേര് അടങ്ങുന്ന ട്രൂപ് ഉണ്ടായിരുന്നു. ഈ 12 പേർക്കും വേണ്ടി പരിപാടി പിടിക്കണം, അവരുടെ ഭക്ഷണം, യാത്ര ചെലവ്, ശമ്പളം, ലൈറ്റ്, സൗണ്ട്, കർട്ടൻ എന്നിവ അന്ന് എനിക്ക് സ്വന്തമായിട്ടുണ്ടായിരുന്നു. കടം വാങ്ങിച്ചും സ്വർണം പണയം വെച്ചും ആണ് അതൊക്കെ നടത്തിയിരുന്നത്. ഇതൊക്കെ എനിക്ക് കലയോടുള്ള അമിതമായ സ്നേഹം കൊണ്ടാണ്. ചെറുപ്പം മുതൽക്കേ ഞാൻ നിൽക്കുന്ന മേഖല ആയതുകൊണ്ട് എനിക്ക് അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കാൻ പറ്റില്ല,’ ശരത് പറഞ്ഞു.

അങ്കമാലി ഡയറീസ് എന്ന ചിത്രം നൽകിയ സ്വീകാര്യതയും സന്തോഷവും അതിനുശേഷം കിട്ടിയിട്ടില്ലെന്നും ഇനി കിട്ടുമോ എന്നറിയില്ലെന്നും ശരത്ത് പറഞ്ഞു.

‘സിനിമക്ക് വേണ്ടി ആത്മാർഥമായിട്ട് നിൽക്കണം. അങ്ങനെ പ്രയത്നിച്ചാൽ ഇന്ന് നമ്മളെ തള്ളിപ്പറയുന്നവർ പിന്നീട് നമുക്ക് വേണ്ടി സംസാരിക്കും. അതൊക്കെയാണ് സന്തോഷം തരുന്ന കാര്യങ്ങൾ. നമ്മുടെ സിനിമകാണാൻ ആളുകൾ വരുന്നതും, ടിക്കറ്റ് കിട്ടാത്ത രീതിയിൽ തിയേറ്ററിൽ തിരക്ക് കാണുന്നതും നമുക്ക് സന്തോഷം നൽകുന്ന ഒന്നാണ്. അങ്കമാലി ഡയറീസ് എന്ന ചിത്രം ഇറങ്ങിയപ്പോൾ എനിക്ക് കിട്ടിയ സന്തോഷം വളരെ വലുതാണ്. അത്തരത്തിൽ സന്തോഷം എനിക്ക് കിട്ടിയോ എന്ന് ചോദിച്ചാൽ ചിലപ്പോൾ ഇല്ലെന്ന് പറയേണ്ടി വരും. ആ രീതിയിലുള്ള സന്തോഷം ഇനി കിട്ടുമോ എന്നും ഞാൻ ആലോചിക്കാറുണ്ട്,’ ശരത് പറഞ്ഞു.

സൈനു ചാവക്കാടൻ സംവിധാനം ചെയ്ത് ബോണി അസ്നർ തിരക്കഥയെഴുതുന്ന പോയിന്റ് റേഞ്ച് ആണ് ശരത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് ശരത് തന്നെയാണ്. ഡയ്യാന, ഹമീദ്, റിയാസ് ഖാൻ, ഹരീഷ് പേരടി, ചാർമിള എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlights: Sarath Appani on cinema

We use cookies to give you the best possible experience. Learn more