രാമനേക്കാളും രാവണനോട് ഇഷ്ടം, അതുകൊണ്ട് വില്ലന്‍ വേഷങ്ങള്‍ ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം; ശരത് അപ്പാനി
Entertainment
രാമനേക്കാളും രാവണനോട് ഇഷ്ടം, അതുകൊണ്ട് വില്ലന്‍ വേഷങ്ങള്‍ ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം; ശരത് അപ്പാനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th May 2023, 10:45 pm

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത കഥാപാത്രമാണ് അപ്പാനി രവി. കഥാപാത്രത്തെ അവതരിപ്പിച്ച ശരത് ഇന്നും ആ പേര് തന്റെ കൂടെ കൊണ്ടുനടക്കുന്നുണ്ട്.

തനിക്ക് കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍ കഥാപാത്രത്തോടാണ് കൂടുതല്‍ ഇഷ്ടമെന്ന് പറയുകയാണ് ശരത്. രാമനെക്കാളും തനിക്ക് രാവണനോടാണ് കൂടുതല്‍ ഇഷ്ടം തോന്നിയതെന്നും അതുക്കൊണ്ട് തന്നെ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്‍പര്യമെന്നും താരം പറഞ്ഞു. മീഡിയ വണ്ണിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍ കഥാപാത്രത്തോട് വളരെ ഇഷ്ടം തോന്നിയിട്ടുണ്ട്. പണ്ട് ബാബു ആന്റണി സാറിന്റെ ഫൈറ്റും ഞാന്‍ ഭയങ്കരമായി ആസ്വദിച്ചിട്ടുണ്ട്. നാടകം പഠിച്ച് വളരെ സജീവമായി നിന്നിരുന്ന കാലഘട്ടങ്ങളില്‍ രാമനേക്കാളും രാവണനോടാണ് എനിക്ക് പ്രേമം തോന്നിട്ടുള്ളത്. അതുക്കൊണ്ട് തന്നെ കൂടുതല്‍ ശക്തന്‍ വില്ലനാണെന്ന് തോന്നിയിട്ടുണ്ട്. അതുക്കൊണ്ടാണ് വില്ലന്‍ വേഷങ്ങള്‍ ചെയാന്‍ കൂടുതല്‍ ഇഷ്ടം,’ ശരത്ത് പറഞ്ഞു.

അഭിമുഖത്തില്‍ സിനിമ താരങ്ങളെ താന്‍ ഇപ്പോഴും അത്ഭുതത്തോടെയാണ് കാണുന്നതെന്നും മുതിര്‍ന്ന നടന്മാരെ കാണുമ്പോള്‍ അവരുടെ കൂടെ ഫോട്ടോ എടുക്കാന്‍ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് മുന്‍പേ സിനിമയില്‍ എത്തിയിട്ടുള്ള മുതിര്‍ന്ന നടന്മാരെ ഞാന്‍ വളരെ ബഹുമാനത്തോടെയാണ് നോക്കിക്കാണാറുള്ളത്. അവരെ കാണുമ്പോള്‍ വളരെ എക്‌സൈറ്റ്‌മെന്റും സന്തോഷവും എനിക്ക് തോന്നാറുണ്ട്. അമ്മയുടെ മീറ്റിങ്ങിനു പോവുമ്പോഴൊക്കെ ചര്‍ച്ചകള്‍ ശ്രദ്ധിക്കുന്നതിലുപരി ഞാന്‍ വന്നിട്ടുള്ള താരങ്ങളെയാണ് നോക്കാറുള്ളത്. ഞാന്‍ ഒരു നടന്‍ ആണെങ്കിലും അവരുടെയെല്ലാം കൂടെ നിന്ന് ഫോട്ടോസ് എടുക്കുന്നത് എനിക്ക് ഇഷ്ടമാണ്. ഇപ്പോഴും ഞാന്‍ ചിത്രങ്ങള്‍ എടുക്കാറുണ്ട്;’ അദ്ദേഹം പറഞ്ഞു.

സൈനു ചാവക്കാടന്‍ സംവിധാനം ചെയ്ത് ഷിജി മുഹമ്മദ് നിര്‍മിക്കുന്ന പോയിന്റ് റേഞ്ച് ആണ് ശരത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പോയിന്റ് റേഞ്ച് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ റിലീസ് ആയിട്ടാണ് തിയേറ്ററില്‍ ത്തുന്നത്. റിയാസ് ഖാന്‍, ഷാജു നവോദയ, അരിസ്റ്റോ സുരേഷ്, ചാര്മിള തുടങ്ങി തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlights: Sarath Appaani on Villain roles