| Thursday, 1st June 2023, 5:21 pm

ആ കഥാപാത്രത്തിന് ഒരുപാട് ട്രോളുകള്‍ വന്നിരുന്നു; ഏറെ ആസ്വദിച്ച് ചെയ്ത വേഷമാണത്: ശരത് ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീ മഹാഭാഗവതം എന്ന സീരിയലിലെ ശ്രീകൃഷ്ണന്റെ വേഷത്തിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ആളാണ് ശരത് ദാസ്. നടന്‍, ഗായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഭ്രമണം എന്ന സീരിയലിലെ കഥാപാത്രത്തിന് ട്രോളുകള്‍ ലഭിച്ചെന്നും എന്നാല്‍ താന്‍ ഏറ്റവും ആസ്വദിച്ച് ചെയ്ത സീരിയലാണെന്നും പറയുകയാണ് അദ്ദേഹം. എന്നാല്‍ ശ്രീ മഹാഭാഗവതം എന്ന സീരിയലിലെ ശ്രീകൃഷ്ണന്റെ വേഷത്തെപ്പറ്റിയാണ് ആളുകള്‍ ഇപ്പോഴും ചോദിക്കാറുള്ളതെന്നും ശരത് പറഞ്ഞു.

ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീ മഹാഭാഗവതം എന്ന സീരിയലിലെ ശ്രീകൃഷ്ണന്റെ വേഷത്തെപ്പറ്റിയാണ് ആളുകള്‍ കാണുമ്പോള്‍ ഇപ്പോഴും ചോദിക്കാറുള്ളതെന്നും ശരത് കൂട്ടിച്ചേര്‍ത്തു.

‘ആളുകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം ഏതായിരുന്നു എന്നുവെച്ചാല്‍ ഭാഗവതത്തിലെ ശ്രീകൃഷ്ണന്‍ ആണ്. ഇപ്പോഴും പലരും ആദ്യം കാണുമ്പോള്‍ ചോദിക്കാറുള്ളത് അതിനെപ്പറ്റിയാണ്. ഭ്രമണം എന്ന സിനിമയിലെ രവി അങ്കിള്‍ എന്ന കഥാപാത്രം ഏറെ ചര്‍ച്ചയായ ഒന്നാണ്.

ആ കഥാപാത്രത്തെ കുറിച്ച് ഒരുപാട് ട്രോളുകള്‍ വന്നിരുന്നു. പക്ഷെ ഞാന്‍ ആ കഥാപാത്രം ഏറെ ആസ്വദിച്ചാണ് ചെയ്തിരുന്നത്. പിന്നീട് അങ്ങാടിപ്പാട്ട് എന്ന സീരിയലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഒരു ഓട്ടംതുള്ളല്‍ക്കാരന്റെ വേഷം ചെയ്തിരുന്നു. എന്നാല്‍ കലാപാരമ്പര്യം ഉള്ളതുകൊണ്ട് തന്നെ അത് മികച്ച രീതിയില്‍ ചെയ്യാനായി സാധിച്ചു. ബാലനും രമയും ആണ് ഏറ്റവും പുതിയ സീരിയല്‍,’ ശരത് ദാസ് പറഞ്ഞു.

അഭിനയത്തോടൊപ്പം താന്‍ പഠനവും തുടര്‍ന്നിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സിനിമയില്‍ തുടര്‍ച്ചയായി അവസരം കിട്ടിയിരുന്നില്ലെന്നും ശരത് പറഞ്ഞു.

‘അഭിനയം പോലെ തന്നെ പഠനവും ഞാന്‍ തുടര്‍ന്നിരുന്നു. ബികോം കഴിഞ്ഞ ഞാന്‍ പിന്നീട് സി.എക്ക് ചേര്‍ന്നു. പുതിയ താരങ്ങള്‍ക്ക് പിന്തുണയേകാന്‍ അന്ന് ടെലിവിഷന്‍ ചാനലുകളോ സോഷ്യല്‍ മീഡിയയോ ഉണ്ടായിരുന്നില്ല.

സിനിമയില്‍ തുടര്‍ച്ചയായി അവസരങ്ങളും കിട്ടിയിരുന്നില്ല. ആ സമയത്താണ് കേരളത്തിലെ ടെലിവിഷന്‍ ചാനലുകളില്‍ സീരിയലുകള്‍ കൂടി വരുന്നത്. നല്ല രീതിയില്‍ സീരിയലുകളില്‍ അഭിനയിച്ചതുകൊണ്ട് അതല്ലാതെ വേറെ മേഖലകളെക്കുറിച്ച് ഇതുവരെ ചിന്തിക്കേണ്ടി വന്നിട്ടില്ല.

ശ്രീകുമാരന്‍ തമ്പി സാര്‍ നിര്‍മിച്ച വിലാസിനി എന്ന കഥയെ ആസ്പദമാക്കിയ സീരിയലിലായിരുന്നു ഞാന്‍ ആദ്യം അഭിനയിച്ചത്. അതുകഴിഞ്ഞപ്പോള്‍ പിന്നാലെ എം.ടി വാസുദേവന്‍ സാര്‍ നിര്‍മിച്ച നാലുകെട്ട് എന്ന സീരിയലിലേക്ക് വിളി വന്നു.

മനസ്, സ്ത്രീ എന്നീ മെഗാ സീരിയലുകളായിരുന്നു ആദ്യഘട്ടങ്ങളില്‍ ചെയ്തിരുന്നത്. മിന്നുകെട്ട്, സ്വാമി അയ്യപ്പന്‍, ശ്രീ മഹാഭാഗവതം, ഹരിചന്ദനം, പട്ടുസാരി തുടങ്ങിയ അനേകം സീരിയലുകളില്‍ വളരെ നല്ല കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാന്‍ സാധിച്ചത്,’ ശരത് ദാസ് പറഞ്ഞു.

content highlight: sarath about trolls from his character

We use cookies to give you the best possible experience. Learn more