പുരാണങ്ങളിലെ സരസ്വതി നദി യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നെന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി
Daily News
പുരാണങ്ങളിലെ സരസ്വതി നദി യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നെന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th October 2016, 12:28 pm

ന്യൂദല്‍ഹി: പുരാണകഥകളില്‍ പരാമര്‍ശിക്കുന്ന സരസ്വതി നദി യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്ന് സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. പുതിയ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മുന്നോട്ടു  പോകുമെന്ന് കേന്ദ്ര ജലവിഭവമന്ത്രി ഉമാ ഭാരതി അറിയിച്ചു.

കമ്മിറ്റിയുടെ കണ്ടെത്തലിനെ ” ചോദ്യം ചെയ്യാന്‍ കഴിയാത്തത്” എന്നാണ് ഉമാഭാരതി വിശേഷിപ്പിച്ചത്.

“സരസ്വതി നദി നിലനിന്നിരുന്ന എന്ന നിഗമനത്തിലാണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. അത് ഒഴുകിയിരുന്നു. ഇത് ഹിമാലയത്തില്‍ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറന്‍ കടലില്‍ അവസാനിച്ചിരുന്നു.” റിപ്പോര്‍ട്ട് തയ്യാറാക്കിയ പാനലിന്റെ തലവന്‍ പ്രഫസര്‍ കെ.എസ് വൈദ്യ പറയുന്നു.

ഹരിയാന, രാജസ്ഥാന്‍, വടക്കന്‍ ഗുജറാത്ത് എന്നിവടങ്ങളിലൂടെയാണ് ഈ നദി നീങ്ങിക്കൊണ്ടിരുന്നതെന്നും അദ്ദേഹം പറയുന്നു. സരസ്വതി നദിക്ക് 4000 കിലോമീറ്റര്‍ നീളമുണ്ടായിരുന്നെന്നും ഭൂഗര്‍ഭജല ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. പാകിസ്ഥാനിലെ റാന്‍ ഓഫ് കച്ച് വഴിയാണ് ഇത് പടിഞ്ഞാറന്‍ കടലിലേക്ക് നീങ്ങിയതെന്നും അദ്ദേഹം പറയുന്നു.

നദിയുടെ 3000 കിലോമീറ്റര്‍ ഒഴുക്ക് ഇന്ത്യന്‍ ഭൂപ്രദേശങ്ങളിലൂടേയും. നദിയ്ക്ക് രണ്ട് കൈവഴികള്‍ ഉണ്ടായിരുന്നതായും ഏഴംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കിഴക്കും പടിഞ്ഞാറും. പടിഞ്ഞാറന്‍ കൈവഴിയുടെ ഭാഗമായിരുന്നു സത്‌ലജ് നദി.

പട്യാലയ്ക്ക് തെക്ക് 25 കിലോമീറ്റര്‍ അകലെ ശത്രാനയിലാണ് ഇരു കൈവഴികളും സംഗമിച്ചിരുന്നത്. അവിടെ നിന്ന് റാന്‍ ഓഫ് കച്ചിലൂടെയാണ് നദിയുടെ ഒഴുകിയാണ് നദി പടിഞ്ഞാറന്‍ കടലില്‍ പതിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

വളരെ വലിയ ഒരു നദിയായിരുന്നു ഇതെന്നും ചിലയിടങ്ങളില്‍ ഇതിന് 5 കിലോമീറ്റര്‍ വരെ വീതിയുണ്ടായിരുന്നെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ആറുമാസത്തെ ഗവേഷണത്തിനശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.