| Monday, 2nd April 2018, 9:59 am

വി.ടി ബല്‍റാം മീഡിയാ മാനിക്കായിട്ടുള്ള അവസ്ഥയിലാണ്; സരസ് മേളക്ക് ക്ഷണിച്ചില്ലെന്ന് പറഞ്ഞ ബല്‍റാമിന് തെളിവ് നിരത്തി മുഹസിന്‍ എം.എല്‍.എയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പട്ടാമ്പിയില്‍ നടക്കുന്ന ദേശീയ കുടുംബ ശ്രി മിഷന്റെ സരസ് മേളക്ക് തന്നെ ക്ഷണിച്ചില്ലെന്ന് പരാതി പറഞ്ഞ വി.ടി ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഹ്‌സിന്‍. മാധ്യമങ്ങളുടെ മുന്നില്‍ ശ്രദ്ധയുണ്ടാക്കാനും ഈ പരിപാടിയെ വഴിതിരിച്ച് വിടാനുമുള്ള ബല്‍റാമിന്റെ ശ്രമമാണിതെന്നും മുഹ്‌സിന്‍ പറഞ്ഞു.

തന്നെ ക്ഷണിച്ചില്ലെന്ന ബല്‍റാന്റെ വാദം വളരെ നിര്‍ഭാഗ്യകരമായിപ്പോയെന്നും ബല്‍റാം വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നതെന്നും മുഹ്‌സിന്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ എന്ന നിലക്ക് ഞാന്‍ അദ്ദേഹത്തെ ക്ഷണിച്ചിരുന്നെന്നും ഏഴാം തീയതി എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കേണ്ടത് അദ്ദേഹമാണെന്നും മുഹ്‌സിന്‍ പറഞ്ഞു.


Read Also : ബീഹാറില്‍ നിതീഷ് കുമാര്‍ ബി.ജെ.പിയുമായി ചേര്‍ന്നതിനുശേഷം വര്‍ഗീയ സംഘര്‍ഷം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്


നേരത്തെ സഹപ്രവര്‍ത്തകരോടൊപ്പം മേള സന്ദര്‍ശിക്കാനെത്തിയ ബല്‍റാം തന്നെ മേളക്ക് ക്ഷണിച്ചില്ലെന്നും മേളനടക്കുന്ന തൊട്ടടുത്ത ജനപ്രതിനിധിയായിട്ട് പോലും ഔപചാരികമായ ഒരു ക്ഷണമോ ഒരു അറിയിപ്പോ ഒരു നോട്ടീസോ ഇതുവരെ എം.എല്‍.എ എന്ന നിലയില്‍ എനിക്ക് കിട്ടിയിട്ടില്ലാ എന്നും പറഞ്ഞിരുന്നു. ഇതിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്ന് ആദ്യം ക്ഷണിച്ചിരുന്നു, ഏത് ദിവസമാണ് പങ്കെടുക്കാന്‍ സൗകര്യം എന്ന് ചോദിച്ചപ്പോള്‍ ഇതിന്റെ ഉദ്ഘാടന ദിവസമാണ് പങ്കെടുക്കാന്‍ സൗകര്യമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഞാന്‍ ഇല്ലാത്തൊരു ദിവസം എന്റെ അനുവാദം കൂടാതെ ഇവിടെ നിന്നാരോ പറയുന്നത് കേട്ടു, ആ ദിവസം ഞാന്‍ നാട്ടില്‍ ഇല്ലായെന്നും നേരത്തെ തന്നെ അറിയിച്ചിരുന്നതാണെന്നും ബല്‍റാം പറഞ്ഞു. ഞാന്‍ ഇല്ലാത്തൊരു ദിവസം എന്റെ പേരിട്ട് ഞാന്‍ വരുന്നില്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള രാഷ്ട്രീയ നീക്കമാണോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.


 Read Also : അവര്‍ ഭരണഘടന മാറ്റിയെഴുതും…സംവരണം അവസാനിപ്പിക്കും, അത് അനുവദിച്ചുകൊടുക്കരുത്’; കേന്ദ്രസര്‍ക്കാരിനെതിരെ ബി.ജെ.പി എം.പിയുടെ റാലി


എന്നാല്‍ ഇതിലൊരു രാഷ്ട്രീയമിവുമില്ലെന്നും ഏതെങ്കിലും തരത്തില്‍ അദ്ദേഹത്തിന് പ്രശ്നമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് തുറന്ന് പറയാമായിരുന്നെന്നും സമിതിയില്‍ ലീഗുകാരും കോണ്‍ഗ്രസ്‌കാരുമുണ്ടെന്നും അവരോട് പറഞ്ഞിരുന്നെങ്കില്‍ നമുക്ക് മാറ്റാമായിരുന്നെന്നും മുഹ്‌സിന്‍ വ്യക്തമാക്കി. ഇവിടെ വന്ന് സീനുണ്ടാക്കി പോകുന്നതിന് പകരം അദ്ദേഹം ഒരു ജനാധിപത്യവാദിയായിരുന്നെങ്കില്‍ എന്നോട് മാന്യമായി പറയാമായിരുന്നല്ലൊ എന്നും അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരായ സംഘാടക സമിതി അംഗങ്ങളോട് പറയാമായിരുന്നല്ലൊ എന്നും മുഹ്‌സിന്‍ പറഞ്ഞു. ബല്‍റാമിന്റേത് വാര്‍ത്തയുണ്ടാക്കാനും പരിപാടി അലങ്കോലമാക്കാനുമുള്ള ശ്രമമാണെന്നും മുഹ്‌സിന്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more