സാറയുടെ ലോകത്തെ ആണുങ്ങള്‍
FB Notification
സാറയുടെ ലോകത്തെ ആണുങ്ങള്‍
പ്രവീണ്‍ പ്രഭാകര്‍
Saturday, 10th July 2021, 3:08 pm
അമ്മ എന്ന വാക്കിനെ എത്രത്തോളം അനാവശ്യമായി ഗ്ലോറിഫൈ ചെയ്തിട്ടുണ്ടോ അത്രത്തോളം അബോര്‍ഷനെ പാപമായി സമൂഹം കല്പിച്ചു വെച്ചിട്ടുണ്ട്. ഗര്‍ഭിണി ആകുക എന്നതും അമ്മയാകുക എന്നുമെല്ലാം ഒരു പെണ്ണിന്റെ ചോയ്‌സ് ആണെന്ന് ഇനി എത്ര കാലം കഴിഞ്ഞാലാണ് നമുക്ക് മനസിലാക്കുക എന്നതാണ് ചോദ്യം

സാറയുടെ കഥ ഞാന്‍ എന്ന പ്രേക്ഷകനെ വ്യക്തിപരമായി ഏറ്റവും സ്വാധീനിച്ചത് സാറയെ മുന്‍നിര്‍ത്തി ആ കഥ കണ്ടപ്പോഴല്ല, മറിച്ച് സാറയുടെ ലോകത്തെ ആണുങ്ങളിലൂടെ കഥ വായിച്ചപ്പോഴാണ് അതിലെ മനോഹാരിത വെളിവാകുന്നത്.

ഒരു സ്ത്രീപക്ഷ സിനിമ അല്ലെങ്കില്‍ കഥ എന്നാല്‍ എല്ലായിപ്പോഴും ആണഹന്തയുടെ മുകളില്‍ പെണ്ണ് നേടുന്ന വിജയങ്ങളിലേക്ക് അല്ലെങ്കില്‍ ചെറുത്ത് നില്‍പ്പിലേക്ക് മാത്രം ചുരുങ്ങുന്ന കഥാ കഥനങ്ങളിലാണ് സാറ വേറിട്ടു നിന്നത്.

സാറയുടെ ലോകത്തെ അവളുടെ വേണ്ടപ്പെട്ട ആണുങ്ങള്‍ എല്ലാം എന്റെ കണ്ണില്‍ പ്രകാശം പരത്തുന്ന ആണുങ്ങള്‍ തന്നെയാണ്. ഒന്ന് കണ്ണോടിച്ചു നോക്കു, അവര്‍ മാനുഷികമായ ചില ദൗര്‍ബല്യങ്ങള്‍ ഉള്ളവരും ചിലപ്പോഴെങ്കിലും സമൂഹത്തെ സ്വന്തം ചിന്തയിലേക്ക് കലര്‍ത്തുന്നവരുമാണ് എന്നത് സമ്മതിച്ചാല്‍ പോലും അവരടങ്ങുന്ന ചുറ്റുപാട് സാറയെ പോലൊരു പെണ്‍കുട്ടിയുടെ തീരുമാനങ്ങള്‍ക്ക് കരുത്തു നല്‍കുന്നത് തന്നെയാണ്.

 

 

സാറയുടെ അച്ഛനാണ് പലപ്പോഴും അവളുടെ പല തീരുമാനങ്ങള്‍ക്കും പിന്നില്‍ പാറ പോലെ ഉറച്ചു നില്‍ക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. മകളുടെ കരിയര്‍, വിവാഹം എന്നതെല്ലാം അവളുടെ സ്വന്തം തീരുമാനത്തിന് തന്നെയാണ് അയാള്‍ വിട്ടുകൊടുക്കുന്നത്.

ഇത് ഇത്ര മഹത്തരമായി പറയണോ എന്ന് ചോദിച്ചാല്‍ സ്വന്തം കാര്യത്തില്‍ സ്വന്തം തീരുമാനങ്ങള്‍ പോലും നടപ്പിലാക്കാന്‍ കഴിയാത്ത ആണ്‍/പെണ്‍ മക്കളുടെ ലോകത്ത് നിന്ന് തന്നെയാണ് സാറയെ പോലുള്ളവരുടെ ജീവിത കഥകളും നമ്മള്‍ കേള്‍ക്കുന്നത്. അപ്പോള്‍ അത് അടയാളപ്പെടുത്തുക തന്നെ വേണം.

മകളുടെ അബോര്‍ഷന്‍ എന്ന തീരുമാനത്തെ അവളുടെ മാത്രം ചോയിസായി കണ്ട, ആ ധീരമായ തീരുമാനത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ അയാള്‍ക്ക് സാധിച്ചത് അയാളുടെ മകളുടെ മനസ്സറിഞ്ഞത് കൊണ്ട് തന്നെയാണ്.

മാനസികമായി തയ്യാറാകാത്ത ഒരു കാര്യത്തിന് തന്റെ മകളെ നിര്‍ബന്ധിക്കാന്‍ അയാള്‍ക്ക് സാധിച്ചിരുന്നില്ല. അബോര്‍ഷന്‍ എന്നത് ഒരു കൊലപാതകമാണ് എന്നയാള്‍ വൈകാരികമായി അവളോട് പറഞ്ഞില്ല.

എത്രയോ വര്‍ഷങ്ങളായി അവള്‍ ചിലവിട്ട അവളുടെ ലക്ഷ്യങ്ങള്‍ക്ക് മുകളിലല്ല ഒരു മാസം മാത്രം ആയുസ്സുള്ള ഒരു ജീവന്റെ കണം എന്നയാള്‍ക്ക് അറിയാമായിരുന്നു.

‘നമുക്ക് നമ്മുടെ ജോലികള്‍ ഷെയര്‍ ചെയ്യണം’ എന്ന് ഭാര്യ പറയുമ്പോള്‍ നിങ്ങളില്‍ എത്രപേര്‍ അത് സന്തോഷത്തോടെ സ്വീകരിക്കും എന്നെനിക്കറിയില്ല.

ആഴ്ചയിലെ ഏഴു ദിവസങ്ങളില്‍ നാല് ദിവസവും നിങ്ങള്‍ കുക്ക് ചെയ്യണം എന്ന് പറഞ്ഞാല്‍ എത്ര പേര്‍ അംഗീകരിക്കും എന്നെനിക്കറിയില്ല. പക്ഷേ ഇതെല്ലാം സമ്മതിക്കുന്നവരെക്കളേറേയാണ് സമ്മതിക്കാത്തവര്‍ എന്ന് മാത്രം അറിയാം.

വളരെ സ്വഭാവികമായി ഒരു സുഹൃത്തിനെ പോലെ ഇടപഴകാന്‍ കഴിയുന്നവരാകണം നമ്മുടെ പാര്‍ട്ണര്‍. അങ്ങനെയെങ്കില്‍ ചില മാജിക്കുകള്‍ നമ്മളറിയാതെ തന്നെ നമ്മുടെ ജീവിതത്തില്‍ സംഭവിക്കും.

അങ്ങനെ നോക്കുകയാണെകില്‍ സാറയും ജീവനും പൊളിയാണ്, കിടുവാണ്. ജോലി സ്ഥലത്ത് തനിക്ക് നേരിട്ട ഒരു അപമാര്യാദയോട് തന്റെ പാര്‍ട്ണര്‍ പ്രതികരിച്ചോ എന്ന് ഉറപ്പ് വരുത്തി സമാധാനിക്കുന്ന, അവളോടൊപ്പം ചേര്‍ന്ന് ആ വീട്ടിലെ ജോലികള്‍ പങ്കുവെക്കുന്ന, വൈകുന്നേരങ്ങളില്‍ ഓരോ ബിയറ് ഒരുമിച്ചിരുന്നു കുടിച്ചുകൊണ്ട് അന്നത്തെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന, പാര്‍ട്ണറിന്റെ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറം നല്‍കുന്ന ജീവന്‍.

സാറ ഗര്‍ഭിണിയാണ് എന്നറിഞ്ഞ ശേഷം അയാള്‍ക്ക് അയാളുടെ ആദ്യ നിലപാടില്‍ നിന്ന് പതിയെ മാറാന്‍ തോന്നിയത് തന്നെ ഒരുപക്ഷെ അയാളില്‍ എപ്പോഴോ ഒരു സോഷ്യല്‍ കണ്ടീഷണിങ് ഉണ്ടായി എന്നത് കൊണ്ട് തന്നെയാവും എന്നാണ് കരുതാനാഗ്രഹിക്കുന്നത്.

സുഹൃത്തുക്കളും ബന്ധുക്കളും അറിഞ്ഞതുകൊണ്ട് തന്നെ പതിയെ അവരുടെ സന്തോഷങ്ങളോട് ആയാളും ബലമായി ചേര്‍ക്കപ്പെടുന്നത് പോലെ തോന്നി.

പക്ഷേ, സാറയുടെ തീരുമാനമാണ് അവവളുടെ സന്തോഷമെന്നും അവളുടെ സന്തോഷം മാത്രമാണ് മറ്റെല്ലാവരുടെയും സന്തോഷത്തേക്കാള്‍ വലുതെന്നും അയാള്‍ തിരിച്ചറിയുന്ന നിമിഷം അയാള്‍ക്ക് അവളോട് ചേര്‍ന്ന് നില്‍ക്കാനല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു.

അത് തന്നെയാണ് അവളുടെ ആദ്യ സിനിമയുടെ ആദ്യ പ്രതികരണങ്ങള്‍ക്ക് മുന്നേ ഡെലിവറി റൂമിന് പുറത്തുകാത്ത് നില്‍ക്കുന്ന ഭര്‍ത്താവിന്റെ ടെന്‍ഷനോടെ അയാള്‍ കാത്ത് നിന്നത്. കാരണം ആ സിനിമയും കഥയും അവളുടെയും അവളിലൂടെ അവന്റെയും ജീവിതമാണ്.

‘സാറ എപ്പോള്‍ തയ്യാറാവുന്നോ അപ്പോള്‍ മതി പ്രെഗ്‌നന്‍സി’ പറഞ്ഞത് ഒരു ഡോക്ടര്‍ ആണെങ്കില്‍ പോലും അത് വന്ന് കൊണ്ടത് നമ്മുടെ പൊതുബോധങ്ങള്‍ക്ക് മേലെയാണ്.

അബോര്‍ഷന്‍ എന്നാല്‍ അമ്മയുടെ ശരീരികമായ ഒരു ആവശ്യം മാത്രമാണ് എന്ന ചിന്തക്കപ്പുറം അമ്മയുടെ മാനസികമായ ഒരു ആവശ്യം കൂടിയാണ് എന്നാണ് ആ വാക്കുകള്‍ പറഞ്ഞു വെക്കുന്നത്.

ഒരു അമ്മയാകാന്‍ മാനസികമായി തയ്യാറാവാത്ത ഒരാളോട് അയാള്‍ക്ക് വേണമെങ്കില്‍ അമ്മയാകുക എന്നത് ഒരു ഭാഗ്യമാണെന്നും എല്ലാവര്‍ക്കും എപ്പോഴും സാധിക്കില്ല എന്നുമൊക്കെ പറഞ്ഞു മറ്റ് ഡോക്ടര്‍മാരെ പോലെ ഒരു മാനസിക സമ്മര്‍ദ്ദം ചെലുത്താമായിരുന്നു.

പക്ഷേ സാറയുടെ ഉറച്ച തീരുമാനത്തോടൊപ്പം നില്‍ക്കുക എന്നത് തന്നെയാണ് ധാര്‍മികത എന്ന് അയാള്‍ക്ക് നന്നായി തന്നെ അറിയാമായിരുന്നു. അങ്ങനെ അയാളും കൂടി ചേര്‍ന്നുകൊണ്ട് തന്നെയാണ് അവളുടെ സ്വപനങ്ങള്‍ക്ക് ചിറക് വരച്ചു കൊടുത്തത്.

അമ്മ എന്ന വാക്കിനെ എത്രത്തോളം അനാവശ്യമായി ഗ്ലോറിഫൈ ചെയ്തിട്ടുണ്ടോ അത്രത്തോളം അബോര്‍ഷനെ പാപമായി സമൂഹം കല്പിച്ചു വെച്ചിട്ടുണ്ട്. ഗര്‍ഭിണി ആകുക എന്നതും അമ്മയാകുക എന്നുമെല്ലാം ഒരു പെണ്ണിന്റെ ചോയ്‌സ് ആണെന്ന് ഇനി എത്ര കാലം കഴിഞ്ഞാലാണ് നമുക്ക് മനസിലാകുക എന്നതാണ് ചോദ്യം.

ആ ചോദ്യം ഒരു വിരല് ചൂണ്ടിക്കൊണ്ട് സാറയും അവളുടെ ചുറ്റുമുള്ള മനുഷ്യരും നമ്മളിലേക്ക് ഇറക്കി വെച്ചപ്പോള്‍ അത് ദഹിക്കാത്ത ഒരു കൂട്ടം മനുഷ്യരെ കണ്ടിട്ട് പ്രത്യേകിച്ച് ഞെട്ടല്‍ ഒന്നും തോന്നിയില്ല.

സാറയിലെ അമ്മമാരെ പോലെയും, കുഞ്ഞു ഇപ്പോള്‍ വേണ്ട എന്ന് പറഞ്ഞാല്‍ അത് ‘ഫെമിനിസം’ ആണെന്ന് പറയുകയും ചെയ്യുന്ന സ്ത്രീ ജനങ്ങളെ പോലെയുമുള്ളവരാല്‍ നിറഞ്ഞ ലോകത്ത് നിന്ന് സാറ ഒരിക്കലും കയ്യടികള്‍ മാത്രം പ്രതീക്ഷിക്കരുത്, പൊതു ബോധത്തില്‍ നിന്ന് ഒരു കഴഞ്ചു പോലും മുന്നോട്ട് പോയാല്‍ അത് പാപമായി കരുതുന്ന സമൂഹത്തില്‍ നിന്ന് നിലവിളികള്‍ കൂടി പ്രതീക്ഷിക്കണം.

 

കമല്‍ ഹാസന്‍ ഒരിക്കല്‍ പറഞ്ഞ ഒരു വാക്കുകൂടി പറഞ്ഞു നിര്‍ത്തുകയാണ്.’കല്യാണം കഴിക്കുന്നതും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും കുഞ്ഞുണ്ടാവുന്നതുമെല്ലാം മനുഷ്യന്‍ ഉണ്ടായ കാലം മുതലേ ആവര്‍ത്തിച്ചു വരുന്ന കാര്യങ്ങളാണ്. അതിനുമപ്പുറത്തു എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതാണ് ജീവിതം’, സാറ ശ്രമിച്ചതത്രയും അത് തന്നെയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Sara’s Film review, abortion, pregnancy