|

സാര്‍പ്പട്ടയിലെ കഥാപാത്രങ്ങള്‍ക്കായി മാതൃകയാക്കിയത് ഈ ലോകപ്രശസ്ത ബോക്‌സര്‍മാരെ; വിവരങ്ങള്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതിയ തമിഴ് ചിത്രമായ സാര്‍പ്പട്ട പരമ്പരൈ സോഷ്യല്‍ മീഡിയയില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. പാ. രഞ്ജിത്ത് ചിത്രത്തിലെ ബോക്‌സിംഗ് രംഗങ്ങളെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുന്നത്.

ശരിക്കും ബോക്‌സിംഗ് താരങ്ങളാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പെര്‍ഫോമന്‍സാണ് സിനിമയില്‍ നടന്മാരെല്ലാം നല്‍കിയിരിക്കുന്നത്. ബോക്‌സിംഗിനെ കുറിച്ച് ആഴത്തില്‍ പഠിച്ച ശേഷമാണ് തിരക്കഥ തയ്യാറാക്കിയതെന്ന് സംവിധായകന്‍ പാ. രഞ്ജിത്ത് പറഞ്ഞിരുന്നു.

സിനിമയില്‍ നാല് പ്രധാന ബോക്‌സിംഗ് കഥപാത്രങ്ങളാണുള്ളത്. ഈ നാല് കഥാപാത്രങ്ങളെയും രൂപപ്പെടുത്തിയെടുക്കാനായി ലോകപ്രശസ്ത ബോക്‌സര്‍മാരെയാണ് പാ. രഞ്ജിത്ത് മാതൃകയാക്കിയത്.

കബിലന്‍

ആര്യ ചെയ്ത സാര്‍പ്പട്ട പരമ്പരൈയിലെ കേന്ദ്ര കഥാപാത്രമായ കബിലന് വേണ്ടി മാതൃകയാക്കിയത് സാക്ഷാന്‍ മുഹമ്മദ് അലിയെയാണ്. മുഹമ്മദ് അലിയുടെ ബോക്‌സിങ്ങ് ടെക്‌നിക്കുകളാണ് കബിലനില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്.

ചിത്രത്തിന്റെ തീം സോങ്ങായ ‘നീയേ ഒലി’ എന്ന പാട്ടില്‍ മുഹമ്മദ് അലിയുടെ പ്രശസ്തമായ ഒരു വാചകവും ഉപയോഗിച്ചിട്ടുണ്ട്. തന്റെ ബോക്‌സിങ്ങ് രീതിയെ കുറിച്ച് അദ്ദേഹം പറഞ്ഞ ‘Floar like a butterfly, sting like a killer bee’ എന്ന വാചകമാണിത്.

രണ്ട് വര്‍ഷത്തോളമായി ആര്യ ബോക്‌സിംഗില്‍ കൃത്യമായ പരിശീലനവും നടത്തിയിരുന്നു.

വേമ്പുലി

സാര്‍പ്പട്ടയിലെ ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത ബോക്‌സറായ വേമ്പുലിക്കായി റഫര്‍ ചെയ്തിരിക്കുന്ന അയേണ്‍ മൈക്ക് എന്ന് വിളിപ്പേരുണ്ടായിരുന്ന ലോകപ്രശസ്ത ബോക്‌സര്‍ മൈക്ക് ടൈസണെയാണ്.

മൈക്ക് ടൈസന്റെ ബോക്‌സിങ്ങ് ടെക്‌നിക്കുകളും ബോഡി മൂവ്‌മെന്റുകളും കൂടാതെ അദ്ദേഹത്തിന്റെ പരുക്കന്‍ സ്വഭാവവും മത്സരബുദ്ധിയും കൂടി തന്റെ കഥാപാത്രത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതായി ജോണ്‍ കൊക്കന്‍ പറഞ്ഞിരുന്നു.

ഡാന്‍സിങ്ങ് റോസ്

സര്‍പ്പാട്ട പരമ്പരൈയിലെ ഏറ്റവും കയ്യടി നേടിയ കഥാപാത്രമാണ് ബോക്‌സറായ ഡാന്‍സിങ്ങ് റോസ്. പ്രിന്‍സ് അഹമ്മദ് എന്നറിയപ്പെട്ടിരുന്ന നസീം അഹമ്മദിനെയാണ് തനിക്ക് മാതൃകയാക്കാനായി നല്‍കിയിരുന്നതെന്ന് ഷബീര്‍ പറയുന്നു.

ചിത്രത്തില്‍ ഏറ്റവും വ്യത്യസ്തമായ രീതിയില്‍ ബോക്സിംഗ് ചെയ്യുന്ന, റിങ്ങിനുള്ളില്‍ ഡാന്‍സ് ചെയ്തുകൊണ്ട് എതിരാളിയെ ഇടിച്ചിടുന്ന റോസ് എന്ന കഥാപാത്രം എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

നസീം അഹമ്മദിന്റെ, നൃത്തച്ചുവടുകളെ ഓര്‍മ്മിപ്പിക്കുന്ന വേഗതയും ഒഴുക്കുമുള്ള ബോക്‌സിങ്ങ് മൂവുകളാണ് ഡാന്‍സിങ്ങ് റോസില്‍ കടന്നുവരുന്നത്. നസീം അഹമ്മദിന്റെ ബോക്‌സിങ്ങ് രീതികളുടെ ഒരു ആകെ തുക നോക്കിയ ശേഷം പിന്നീട് സ്വന്തമായ ഒരു സ്റ്റൈല്‍ ഡാന്‍സിങ്ങ് റോസിനായി രൂപ്പെടുത്തിയെടുക്കയായിരുന്നുവെന്നാണ് ഷബീര്‍ പറയുന്നത്.

രാമന്‍

ബോക്‌സര്‍ ജോര്‍ജ് ഫോര്‍മാനാണ് രാമന്‍ എന്ന കഥാപാത്രത്തിന്റെ റഫറന്‍സ്. സന്തോഷ് പ്രതാപായിരുന്നു ഈ വേഷം ചെയ്തത്.

ഇന്റര്‍നാഷണല്‍ ബോക്‌സിങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഹെവി വെയ്റ്റ് ചാമ്പ്യന്മാരിലൊരാളായിരുന്നു ഫോര്‍മാന്‍.

ജൂലൈ 22ന് ആമസോണില്‍ റിലീസ് ചെയ്ത സര്‍പാട്ട പരമ്പരൈയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പാ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.
സന്തോഷ് നാരായണന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മുരളി ജി. ക്യാമറയും സെല്‍വ ആര്‍.കെ. എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

1970കളില്‍ ചെന്നൈയില്‍ നിലനിന്നിരുന്ന ബോക്‌സിംഗ് കള്‍ച്ചറാണ് ചിത്രത്തിന്റെ പശ്ചാത്തലം. കബിലന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ആര്യ എത്തുന്നത്. ദുശാറ വിജയന്‍, പശുപതി, കലൈയരസന്‍ തടുങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Sarapatta Parambarai movies- Who is the real boxers inspired for the characters