എന്റെ കാമുകിമാരുടെ വീരചരിതങ്ങള്‍
Discourse
എന്റെ കാമുകിമാരുടെ വീരചരിതങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th October 2012, 5:54 pm

‘എടീ, നിന്നെ സ്‌നേഹിക്കുന്ന ഓരോ തുള്ളിച്ചോരയുമാണ് ഈ കൊതുകെന്ന കശ്മലന്‍ വലിച്ച് കുടിക്കുന്നത്…’


ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍


മുതുകില്‍ ആഞ്ഞു കടിച്ചുകൊണ്ടിരുന്ന ഒരു കൊതുകിനെ അടിച്ച് കൊല്ലാന്‍ അവളെ ഞാന്‍ വിളിച്ചപ്പോള്‍ അവള്‍ മുഖം വീര്‍പ്പിച്ച് പറഞ്ഞു… “ഞാന്‍ ആരുമല്ലല്ലോ…. നിങ്ങ നിങ്ങടെ കാമുകിമാരെ വിളിക്ക്. എനിക്ക് ആരാച്ചാരുടെ പണിയൊന്നുമില്ല..! “[]

“എടീ, നിന്നെ സ്‌നേഹിക്കുന്ന ഓരോ തുള്ളിച്ചോരയുമാണ് ഈ കൊതുകെന്ന കശ്മലന്‍ വലിച്ച് കുടിക്കുന്നത്…”

“പിന്നെ പിന്നെ… എന്നോടീ പുന്നാരം പോലെ നാടു നീളെ നടന്ന് പുന്നാരം പറഞ്ഞ് ഇപ്പോള്‍ എത്രയാ നിങ്ങള്‍ക്ക് കാമുകിമാര്‍… നിങ്ങടെ ചോരമുഴുവന്‍ കൊതുകും മൂട്ടയും അട്ടയും രസിച്ച് കുടിച്ച് പോകട്ടെ…”

അവള്‍ അനങ്ങുന്നില്ല… മടി മൂത്ത് ഞാന്‍ കൊതുകിന്റെ വയറ്റില്‍ നിറയുന്ന എന്റെ ചോരയുടെ കാര്യമോര്‍ത്തിരുന്നു. ഓരോതുള്ളിച്ചോരക്കും പ്രതികാരം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ബഷീര്‍ വചനം ഓര്‍ത്ത് മിണ്ടാതിരുന്നു…….

“ഠപ്പോ” പൂരത്തിനു ഇരുട്ടമിട്ട് പൊട്ടുന്നതിലും ഉച്ചത്തിലും ആഘാതത്തിലും അവള്‍ എന്റെ പുറത്ത് ആഞ്ഞടിച്ചു… കൊതുക് ചത്തില്ല. അത് മൂളിമൂളി ഞങ്ങള്‍ക്ക് ചുറ്റും പറന്നു…

അവള്‍ ആഹ്ലാദിച്ച് ചിരിച്ചു.. ഞാനൊന്നും മിണ്ടാതെ വേദന സഹിച്ചിരുന്നു… “കാമുകിമാരെക്കുറിച്ചോര്‍ത്തിരിക്കുവാണോ…?”

“ഉം…”

“അവളുമാരുടെ പേരൊക്കെയൊന്ന് പറഞ്ഞേ…?”

“എന്തിനാടീ…?”

“അവളുമാരുടെ തലയില്‍ ആറ്റം ബോംബിടാന്‍…”

“പറഞ്ഞില്ലെങ്കില്‍…?”

“നിങ്ങടെ തലയില്‍ ഞാനാ ബോംബിടും..!”

പ്രണയം വളരെ നല്ലതാണ്.. പക്ഷേ, പ്രണയത്തിന്റെ പേരില്‍ രക്തസാക്ഷിയാവുന്നത് അത്ര നല്ല കാര്യമല്ല..

ഞാന്‍ പറഞ്ഞു…

“സൈനബ..”

“ഉം….”അവള്‍ മൂളി..

“സുഹറ…”

“ഉം..ഉം….”വീണ്ടും മൂളി…

“സാറാമ്മ…”

“ഉമ്മ്മ്മ്മ്മ്മ്മ്ം….”ഉച്ചത്തില്‍ മൂളി……

“ഫെര്‍മിനാന്‍ഡാ ഡാസാ…”

ഇത്തവണ മൂളല്‍ കേട്ടില്ല. അയാള്‍ തല ചെരിച്ച് നോക്കിയപ്പോള്‍ അവള്‍ അമ്പരന്നിരിക്കുന്നു… “ഏതവളാ അവള്‍…? നമ്മുടെ നാട്ടുകാരിയല്ലേ…?”

ഞാന്‍ ചിരിച്ചു…

“എന്തിനാ മനുഷ്യേനേ ഞാന്‍ ഇത്രയും സ്‌നേഹിച്ചിട്ടും ഈ നാടു നീളെ നടന്ന് പ്രണയിക്കുന്നത്…?എന്റെ പ്രണയത്തില്‍ വല്ല കലര്‍പ്പുമുണ്ടോ…? സമയാ സമയം ചായ കാപ്പി പലഹാരങ്ങള്‍ ഉണ്ടാക്കിത്തരുന്നില്ലേ ?”

“ഉണ്ട്…”

“നിങ്ങടെ കുഞ്ഞിനെ പെറ്റ് പൊന്നുപോലെ വളര്‍ത്തുന്നില്ലേ…?”

“ഉണ്ട്…”

ഇത്തവണ അവള്‍ അതി രൂക്ഷമായും പൈശാചികമായും അയാളെ ആക്രമിച്ചു…

“കാരണം പറ…എന്തിന്റെ സൂക്കേടാ നിങ്ങള്‍ക്ക്…?”

“എടീ, ഞാന്‍ സൈനബയെ പ്രണയിക്കുന്നത്… മുച്ചീട്ടു കളിക്കാരന്റെ രൂപാച്ചീട്ടില്‍ സൂചിക്ക് തുളയിട്ട് എന്നെ വിജയിപ്പിക്കാന്‍…”

“ങേ…..” അവളുടെ ഒരു കണ്ണ് ചെറുതായി..

“സുഹറയെ പ്രണയിക്കുന്നത്…. എന്റെ കാലില്‍ പരു വരുമ്പോള്‍ അടുത്തിരുന്ന് ഊതിയൂതി അതിന്റെ നീറ്റലും വേദനയും ആറ്റാന്‍….”

“അയിനു ഞാനില്ലേ….?”

“നീ എന്റെ പരുക്കില്‍ ചുംബിക്കുമോ…?”

“അയ്യേ….. അങ്ങനെ വന്നാല്‍ ആശൂത്രീ കൊണ്ടെ കീറിച്ച് മരുന്ന് വെച്ച് ഇഞ്ചക്ഷനെടുക്കണം…!”

“അപ്പോള്‍ സാറാമ്മയെ പ്രണയിക്കുന്നതോ…?”

“ഞാന്‍ സമ്പാദിച്ചുകൊണ്ടുവരുന്നതെല്ലാം ചെലവാക്കാതെ സൂക്ഷിച്ചുവെക്കാന്‍… അവസാനം എനിക്ക് അതൊരു പ്രണയലേഖനമായി തരാന്‍……”

ഇത്തവണ അവള്‍ എന്നെ തുറിച്ച് നോക്കുകയും അമ്പരക്കുകയും ചെയ്തു..

“എന്നാ ആ മദാമ്മയെ എന്തിനാ പ്രണയിക്കുന്നെ….?”

“അത് വയസ്സുകാലത്ത് എന്റെ പുറം ചൊറിഞ്ഞ് തരാന്‍…..”

“അപ്പോള്‍…. അപ്പോള്‍ ഞാനോ…?”

അവളുടെ കരച്ചിലിന്റെ ചീളുകള്‍ നെഞ്ചിനെ കീറുമ്പോള്‍ ഞാന്‍ പറഞ്ഞൂ…

“നീ ഷെഹറസാദ്…..!

ഓരോ രാവുകളില്‍ എനിക്കായ് കഥ പറയേണ്ടവള്‍…. കഥയായ് മാറേണ്ടവള്‍….”

“ഇല്ല…!

ഞാന്‍ ഞാനാണ് …… ഞാനൊരു ഷെഹറസാദുമല്ല….

നിങ്ങ നിങ്ങടെ പ്രണയിനികളുമായി സുഖിച്ചോ….ഞാന്‍ എന്റെ കൊച്ചിനെ താരാട്ടുപാടിയുറക്കട്ടെ … അതിനു നിങ്ങടെ കാമുകിമാരൊന്നും വരില്ലെ”ന്ന് പരിഭവിച്ച് ചാടിത്തുള്ളിയവള്‍ നടന്നകന്നപ്പോള്‍……….

പഴയ കൊതുക് ധൈര്യത്തോടെ പറന്നു വന്ന് എന്റെ നെഞ്ചില്‍ നിന്നും ചോരകുടിക്കാന്‍ തുടങ്ങിയിരുന്നു….!


“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍:

മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും

ഹവ്വാച്ചീ’സ് പെര്‍ഫോമന്‍സ്…

മരം പറയുന്നത്

പുഴയുടെ സ്വാതന്ത്ര്യസമരം….

എഴുത്തുകാരന്റെ കൈയ്യൊപ്പ്….

ഒരു ഗസല്‍ കീര്‍ത്തനം പോലെ…

മൂന്നു സ്ത്രീകള്‍

വായനയുടെ പേരയ്ക്കാസുഗന്ധം

സ്വപ്നത്തിലേക്ക് നങ്കൂരമിടുന്ന മനുഷ്യക്കപ്പല്‍

ഷെഹറസാദ് കണ്‍ ചിമ്മിയപ്പോള്‍…

കഥ കേള്‍ക്കുന്ന ഷെഹറസാദ്…

ചോദ്യം ചെയ്യപ്പെടുന്ന ഷെഹറാസാദ്..

ഹൃദയത്തില്‍ കവിതയൊഴുകിയിരുന്നവന്‍… യൂദാസ്.!

സര്‍ഗാത്മകത മുഖത്തിടിക്കുമ്പോള്‍

ക്രിസ്തുവിന്റെ കല്യാണം….

ഗാന്ധാരീ വിലാപം

കുന്തി…!

പാഞ്ചാലി…

ഓര്‍മ്മപ്പുസ്തകം !!!

ഉപജാപങ്ങളുടെ രാജകുമാരന്മാര്‍ അല്ലെങ്കില്‍ ദേവന്മാര്‍