| Sunday, 12th November 2017, 4:24 pm

'കൗതുകം ലേശം കൂടുതലാ, മാപ്പാക്കണം'; ആരാധകരുടെ 'ചതിയില്‍' കളിക്കളത്തില്‍ ചമ്മി ഐസായി എല്ലിസ് പെറി; ചിരിയടക്കാനാവാതെ സറയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിഡ്‌നി: ലോകകപ്പോടെ കേരളത്തിലും വനിതാ ക്രിക്കറ്റിനോടുള്ള സമീപനം മാറിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പം മറ്റ് ടീമുകളുടെ പ്രകടനവും ആരാധകര്‍ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന കായിക ചര്‍ച്ചകളിലൊന്ന് ഓസീസ് ഓള്‍ റൗണ്ടര്‍ എല്ലിസ് പെറിയാണ്. ടെസ്റ്റില്‍ ഡബ്ബിള്‍ സെഞ്ച്വറി നേടുന്ന ഏഴാമത്തെ താരമായി എല്ലിസ് കഴിഞ്ഞ ദിവസം മാറി. ഇംഗ്ലണ്ടിനെതാരിയ ആഷസ് ടെസ്റ്റിലായിരുന്നു പെറിയുടെ നേട്ടം.

ഓസീസ് ഇന്നിംഗ്‌സ് 448-9 ന് ഡിക്ലെയര്‍ ചെയ്തപ്പോള്‍ പുറത്താകാതെ 213 റണ്‍സായിരുന്നു പെറിയുടെ സമ്പാദ്യം. ഓസീസിന്റെ ലീഡ് 168 റണ്‍സാണ്. കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 40 റണ്‍സ് എടുത്തിട്ടുണ്ട്. അഭിനന്ദനാര്‍ഹമായ പ്രകടനം കാഴ്ച്ചവെച്ചെങ്കിലും എല്ലിസിന് പറ്റിയ ചെറിയ അമളിയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

എല്ലിസിന്റെ സ്‌കോര്‍ 194 ല്‍ എത്തി നില്‍ക്കുകയായിരുന്നു. ഡബ്ബിള്‍ പ്രതീക്ഷിച്ച് ഗ്യാലറിയില്‍ ആരാധകരും ആവേശത്തോടെ നില്‍ക്കുന്നു. ഇംഗ്ലണ്ട് ബൗളര്‍ ലോറ മാര്‍ഷിന്റെ ഓഫ് സ്പിന്‍ വൈഡ് മിഡ് വിക്കറ്റിലേക്ക് പറത്തി വിട്ടു എല്ലിസ്. ആരാധകര്‍ ആവേശത്തില്‍ എഴുന്നേറ്റ് കൈകള്‍ വാനിലേക്ക് ഉയര്‍ത്തി സിക്‌സെന്ന് കാണിച്ച് ആഘോഷം തുടങ്ങി. ചരിത്ര നേട്ടത്തിനരികിലെത്തിയതിന്റെ സന്തോഷത്തില്‍ എല്ലിസ് ഹെല്‍മെറ്റൂരി ഗ്യാലറിയെ അഭിവാദ്യം ചെയ്യുകയും സഹതാരത്തെ ആശ്ലേഷിക്കുകയും ചെയ്തു. പിന്നെയാണ് പറ്റിയ അമളി മനസിലായത്.


Also Read: ‘ദൈവാനുഗ്രഹമില്ലാത്ത’ താരങ്ങള്‍ വരെ ഒരുപാട് മുന്നോട്ട് പോയതായി നാം കണ്ടിട്ടുണ്ട്’; വിരമിക്കാന്‍ പറഞ്ഞ അജിത് അഗാര്‍ക്കറിന് മറുപടിയുമായി ധോണി


ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ സറാ ടെയ്‌ലര്‍ എല്ലിസിന് അരികിലെത്തി പറഞ്ഞു. അത് സിക്‌സല്ല ഫോറാണെന്ന്. പിന്നീട് റിപ്ലേയില്‍ അത് തെളിയുകയും ചെയ്തു. അതോടെ സറയും എല്ലിസും ചിരി തുടങ്ങി. സറയുടെ ചിരിയില്‍ എല്ലിസിന് പറ്റിയ മണ്ടത്തരമാണുണ്ടായിരുന്നതെങ്കില്‍ എല്ലിസിന്റെ മുഖത്ത് ചമ്മിയ ഭാവമായിരുന്നു.

എന്നാല്‍ തൊട്ടടുത്ത പന്തില്‍ തന്നെ എല്ലിസ് ഡബ്ബിള്‍ പൂര്‍ത്തിയാക്കി. പക്ഷെ ഇത്തവണ ആഹ്ലാദം ബാറ്റുയര്‍ത്തി കാണിക്കുന്നതില്‍ നിര്‍ത്തിയെന്ന് മാത്രം.

We use cookies to give you the best possible experience. Learn more