| Friday, 14th November 2014, 10:41 am

ശാരദാ ചിട്ടി തട്ടിപ്പ്: ആരോപണ വിധേയനായ മുന്‍ എം.പി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കുനാല്‍ ഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അലിപൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉറക്ക ഗുളിക കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം.

അദ്ദേഹത്തെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് കുനാല്‍ ഘോഷ് ജയിലിലായത്.

കുനാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചകാര്യം പശ്ചിമബംഗാള്‍ മന്ത്രി എച്ച്.എ സ്വാഫി സ്ഥിരീകരിച്ചു. കുനാല്‍ ഘോഷിന്റെ ആരോഗ്യം വീണ്ടെടുക്കാനായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മുന്‍കരുതല്‍ എന്ന നിലയില്‍ അദ്ദേഹത്തെ എസ്.എസ്.കെ.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാകണെന്നും അദ്ദേഹം അറിയിച്ചു.

ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുള്ള ശ്രമം സി.ബി.ഐയുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് കുനാല്‍ ഘോഷ് മൂന്ന് ദിവസം മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ഘോഷ് ഭീഷണി മുഴക്കിയത്. 2013 നവംബര്‍ മുതല്‍ കുനാല്‍ ഘോഷ് ജയിലില്‍ കഴിയുകയാണ്.

ശാരദാ ചിട്ട തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്ന് അടുത്തിടെ ഘോഷ് തുറന്ന കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ ഉള്‍പ്പെട്ടവര്‍ സ്വതന്ത്രമായി വിഹരിക്കുമ്പോള്‍ തന്നെപ്പോലുള്ളവര്‍ ജയിലില്‍ കഴിയുന്നത് അംഗീകരിക്കാനാവില്ല. മൂന്ന് ദിവസത്തെ സമയം താന്‍ തരാം. അതിനുള്ളില്‍ നടപടിയെടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഘോഷിന്റെ ഭീഷണി.

ശാരദാ ഗ്രൂപ്പ് സ്ഥാപനമായ ബംഗാള്‍ മീഡിയ ലിമിറ്റഡിന്റെ മുന്‍ സി.ഇ.ഒ ആയിരുന്നു ഘോഷ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തുള്ള ചിലര്‍ ഈ തട്ടിപ്പിന്റെ ഗുണഭോക്താക്കളാണെന്നും അവര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം വ്യാപിപ്പിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more