| Thursday, 17th October 2013, 10:42 am

ശാരദ ചിട്ടിക്കമ്പനി അഴിമതി :സസ്‌പെന്‍ഷനിലായ തൃണമൂല്‍ കോണ്‍ഗ്രസ് എം. പി കുനാല്‍ ഘോഷിനെ കമ്പനികാര്യവകുപ്പ് ചോദ്യം ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊല്‍ക്കത്ത : ശാരദാ ചിട്ടിക്കമ്പനി അഴിമതിയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കുനാല്‍ ഘോഷിനെ കമ്പനികാര്യവകുപ്പ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തും.

“ശാരദ ചിട്ടികമ്പനി അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് നാളെ ഹാജരാകണമെന്ന് കമ്പനികാര്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ദല്‍ഹിയിലെ ഓഫീസില്‍ ഹാജരകാനാണ് നിര്‍ദേശം. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് കുനാല്‍ ഘോഷ് പ്രതികരിച്ചു.

കഴിഞ്ഞമാസം പാര്‍ട്ടിയില്‍ നിന്നും ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശാരദ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് ബിധാനഗര്‍ പൊലീസ് കഴിഞ്ഞ ഒരുമാസത്തിനിടെ ആറു തവണയാണ് കുനാല്‍ ഘോഷിനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്.

ശാരദ മീഡിയ ഗ്രൂപ്പിന്റെ സി.ഇ.ഒ ആയിരുന്നു ഘോഷ്. തന്നെ അറസ്റ്റ് ചെയ്താല്‍ അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ളവരുടെയും പേരുകള്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.

പാര്‍ട്ടി നേതൃത്വത്തിനോട് തനിക്ക് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും അതിനാല്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ കഴിഞ്ഞമാസം 28ന് ഘോഷിനെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു.

നേരത്തെ ശാരദ മീഡിയയില്‍ ഉദ്യോഗസ്ഥനും ഘോഷിന്റെ അടുത്ത സുഹൃത്തുമായ സോമനാഥ് ദത്തിനെ ഏഴു ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

ജമ്മുകാശ്മീരിലെ സോന്‍മാര്‍ഗില്‍  ശാരദ ഗ്രൂപ്പ് ചെയര്‍മാന്‍ സുദീപ്ത സെന്നിനെയും മറ്റു രണ്ടു പേരെയും  അറസ്റ്റ് ചെയ്തതോടെയാണ്  ഈ അഴിമതി പുറത്തു വന്നത്.

We use cookies to give you the best possible experience. Learn more