എതാനും വര്‍ഷം മുമ്പ് കോട്ടയത്ത് മേരി റോയിയുടെ corpus christy സ്‌കൂളില്‍ (ഇന്നത്തെ പള്ളിക്കൂടം) ജീസസ് ക്രൈസ്റ്റ് സൂപ്പര്‍ സ്റ്റാര്‍ (jesus christ super star) എന്ന ഓപ്പറെ, സ്‌കൂളിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി. യേശു ക്രിസ്തുവും മഗ്ദലന മറിയവും കഥാപാത്രങ്ങളായിരുന്ന നാടകം അരങ്ങേറുന്ന ദിവസം പുരോഹിതരും റബ്ബര്‍ മുതലാളിമാരും, കൂടെ മേരി റോയിയുടെ ജ്യേഷ്ഠനും അടങ്ങുന്ന ഒരു വലിയ സംഘം സ്‌കൂളിനു മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ചു.
”അവള്‍ക്ക് കൂച്ചുവിലങ്ങിടുക, അവളുടെ കാലുകള്‍ തല്ലിയൊടിക്കുക, ഈ തെരുവില്‍ രക്തമൊഴുകും, ഈ സ്‌കൂളിന്ന് തകര്‍ക്കും ഞങ്ങള്‍…”
ഒടുവില്‍ സുപ്രീംകോടതിയുടെ അനുവാദം വാങ്ങിയാണ് ആ നാടകം അരങ്ങിലെത്തിച്ചത്. മേരി റോയിയുടെ സ്‌കൂളിലെ കുട്ടികളെ അവരവരുടെ നാടുകളിലെ പള്ളികളിലെ ചടങ്ങുകളില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
ഇത്രയൊക്കെയായിട്ടും മേരി റോയി സ്വന്തമായി ഒരു സാമ്രാജ്യം സൃഷ്ടിക്കുകയും അവിടത്തെ മഹാരാജ്ഞിയായി വാഴുകയും ചെയ്യുന്നു. ഒരാണിന്റെയും ഒരു സഭയുടെയും പിന്തുണയില്ലാതെയാണ് ആ സാമ്രാജ്യം അവര്‍ ഉണ്ടാക്കിയെടുത്തത്.
മേരി റോയ് ഈ പ്രായത്തിലും ഷോര്‍ട്‌സും ടീ ഷര്‍ട്ടും ധരിച്ച് നടക്കാന്‍ പോവുകയും നീന്തല്‍ക്കുളത്തില്‍ നീന്തുകയും ഒറ്റയ്ക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യുകയും ചെയ്തു. തന്നിഷ്ടം പോലെ ജീവിച്ചു.
സ്ത്രീകളോട് സമൂഹവും നിയമവും മതനേതൃത്വവും യാതൊരു നാണവുമില്ലാതെ പ്രദര്‍ശിപ്പിക്കുന്ന നിഷേധാത്മകവും അന്യായവുമായ സമീപനത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുമ്പോള്‍ ഇവര്‍ക്കെതിരെ പള്ളിയും രാഷ്ട്രീയക്കാരും ഒറ്റക്കെട്ടായി നില്‍ക്കുന്നുണ്ടായിരുന്നു.
മാതൃകാ ജീവിതം ഇതാണ്. പോരാട്ട വീര്യത്തിനു മുന്നില്‍ വിനയത്തോടെ, നന്ദിയോടെ നമസ്‌കാരം.
Content Highlight: Saradakutty writes about Mary Roy after her death