|

'ആശുപത്രിയിലും വാക്‌സിനിലും വിശ്വാസമില്ല; പ്രസവത്തിലും ജനന സര്‍ട്ടിഫിക്കറ്റിലും മാത്രമായെന്തിന് വിശ്വസിക്കണം?'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വീട്ടില്‍ പ്രസവം നടന്നതിന്റെ പേരില്‍ നവജാത ശിശുവിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചെന്ന പരാതിയുമായി രംഗത്തെത്തിയ ദമ്പതികളോട് ചോദ്യവുമായി എഴുത്തുകാരി ശാരദക്കുട്ടി. പ്രസവത്തിലും ജനന സര്‍ട്ടിഫിക്കറ്റിലും മാത്രമായെന്തിന് വിശ്വസിക്കണമെന്ന് ശാരദക്കുട്ടി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

‘മരുന്നില്‍ വിശ്വാസമില്ല. ആശുപത്രിയില്‍ വിശ്വാസമില്ല. വാക്‌സിനേഷനില്‍ വിശ്വാസമില്ല. പ്രസവത്തിലും ജനന സര്‍ട്ടിഫിക്കറ്റിലും മാത്രമായെന്തിനു വിശ്വസിക്കണം,’ ശാരദക്കുട്ടി ചോദിച്ചു.

കോഴിക്കോട് കോട്ടൂളി സ്വദേശിയായ ഷറാഫത്ത് ആണ് തന്റെ കുട്ടിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. 2024 നവംബര്‍ രണ്ടിനാണ് കുട്ടി ജനിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഷറാഫത്തിന്റെ ഭാര്യ ആസ്നാ ജാസ്മിന്‍ ചികിത്സ തേടിയിരുന്നത്.

എന്നാല്‍ ആശുപത്രിയില്‍വെച്ച് പ്രസവം നടത്താന്‍ താത്പര്യം ഇല്ലാത്ത ദമ്പതികള്‍ വീട്ടില്‍വെച്ച് തന്നെ പ്രസവം നടത്തുകയായിരുന്നു. കുഞ്ഞ് പുറത്ത് വന്ന ശേഷം ഷറാഫത്ത് പുറത്ത് പോയി ബ്ലേഡ് വാങ്ങി വരികയും അതുപയോഗിച്ച് പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റുകയായിരുന്നു.

മരുന്ന് കുത്തിവെച്ച് പ്രസവം നടത്തുമെന്ന കാരണത്താലാണ് ദമ്പതികള്‍ ആശുപത്രിയെ സമീപിക്കാതിരുന്നത്. പ്രസവ ദിവസം തന്നെ ഉച്ചയോടെ കെ സ്മാര്‍ട്ട് വഴി ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയിരുന്നതായും ദമ്പതികള്‍ പറയുന്നു. കൊവിഡ് വാക്‌സിനുകളെ അടക്കം ദമ്പതികള്‍ വിമര്‍ശിക്കുകയും തങ്ങള്‍ അക്യുപങ്ചര്‍ പഠിച്ചവരാണെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ആശാ വര്‍ക്കര്‍ എത്തി പരിശോധന നടത്തിയെങ്കിലും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നാണ് ദമ്പതികള്‍ പരാതിയില്‍ പറയുന്നത്. ഗര്‍ഭിണിയായിരുന്നു എന്നതിന് തെളിവായി തന്റെ കൈവശം സ്‌കാനിങ് റിപ്പോര്‍ട്ടുകളും പോസ്റ്റ് കെയര്‍ റിപ്പോര്‍ട്ടുകളും ഉണ്ടെന്നാണ് യുവതിയുടെ ഭാഗം.

എന്നാല്‍ ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ പൊതുജന ആരോഗ്യ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ദമ്പതികള്‍ ഇത് പാലിച്ചില്ലെന്നുമാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം. ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചുവെന്ന് കാണിച്ച് ദമ്പതികള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്.

Content Highlight: Saradakutty questions couple who complained about being denied a birth certificate for newborn baby due to home birth

Latest Stories

Video Stories