| Sunday, 14th January 2018, 5:13 pm

'മാധവിക്കുട്ടിയെ സിനിമയിലാക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യവശാല്‍ കമല്‍ എന്ന ശരാശരി സംവിധായകനായിപ്പോയി;വിദ്യാ ബാലന്‍ രക്ഷപ്പെട്ടു മഞ്ജു വാര്യര്‍ പെട്ടു എന്നു പറയുന്നതാകും ശരി'; ശാരദക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാധവിക്കുട്ടിയുടെ ജീവിത കഥയെ കുറിച്ചുള്ള സംവിധായകന്‍ കമലിന്റെ പ്രതികരണത്തിനെതിരെ വിമര്‍ശനവുമായി ശാരദക്കുട്ടി. കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആമിയില്‍ നിന്നും വിദ്യാ ബാലന്‍ പിന്‍മാറിയത് നന്നായെന്നും ഇല്ലെങ്കില്‍ ചിത്രത്തില്‍ ലൈംഗികത കടന്നു വരുമായിരുന്നുവെന്നും കമല്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്.

“അസ്തമയ സൂര്യനെ നോക്കിയിരിക്കുന്ന കമലയോട് നീ ഏതു ദൈവത്തെയാണ് ധ്യാനിക്കുന്നത് എന്നു ചോദിച്ച അമ്മയോട് കമല പറഞ്ഞത്, ഞാനിഷ്ടപ്പെട്ട പുരുഷനുമായി രതിലീലകളാടുന്നത് ഭാവന ചെയ്യുകയാണ് എന്നാണ്. ആ മാധവിക്കുട്ടി ഇരുന്നിടത്ത് കമലിന്റെ പെണ്‍ സങ്കല്‍പത്തെ പിടിച്ചിരുത്തിയാല്‍ അതിന് വല്ലാതെ പൊള്ളും. ലൈംഗികത എന്തെന്നും സ്ത്രൈണത എന്തെന്നും തിരിച്ചറിയാനാകാത്തവര്‍ ഊര്‍ജവതികളായ ചില സ്ത്രീകളെ നേര്‍ക്കുനേര്‍ കാണുമ്പോള്‍ ഇതു പോലെ പരിഭ്രമമനുഭവിക്കാറുണ്ട്. മിടുക്കരായ പെണ്ണുങ്ങളെ തൊട്ടപ്പോഴൊക്കെ അവര്‍ വിറകൊണ്ടിട്ടുണ്ട്.” എന്നായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം.

ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ശാരദക്കുട്ടി പ്രതികരണവുമായി എത്തിയത്. മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ആമിയുടെ സംവിധായകനാണ് കമല്‍. ചിത്രത്തില്‍ മാധവിക്കുട്ടിയാകുന്നത് മഞ്ജു വാര്യരാണ്. നേരത്തെ വിദ്യാ ബാലനെയായിരുന്നു മാധവിക്കുട്ടിയായി തിരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് വിദ്യ പിന്മാറുകയായിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അസ്തമയ സൂര്യനെ നോക്കിയിരിക്കുന്ന കമലയോട് നീ ഏതു ദൈവത്തെയാണ് ധ്യാനിക്കുന്നത് എന്നു ചോദിച്ച അമ്മയോട് കമല പറഞ്ഞത്, ഞാനിഷ്ടപ്പെട്ട പുരുഷനുമായി രതിലീലകളാടുന്നത് ഭാവന ചെയ്യുകയാണ് എന്നാണ്. ആ മാധവിക്കുട്ടി ഇരുന്നിടത്ത് കമലിന്റെ പെണ്‍ സങ്കല്‍പത്തെ പിടിച്ചിരുത്തിയാല്‍ അതിന് വല്ലാതെ പൊള്ളും. ലൈംഗികത എന്തെന്നും സ്ത്രൈണത എന്തെന്നും തിരിച്ചറിയാനാകാത്തവര്‍ ഊര്‍ജവതികളായ ചില സ്ത്രീകളെ നേര്‍ക്കുനേര്‍ കാണുമ്പോള്‍ ഇതു പോലെ പരിഭ്രമമനുഭവിക്കാറുണ്ട്. മിടുക്കരായ പെണ്ണുങ്ങളെ തൊട്ടപ്പോഴൊക്കെ അവര്‍ വിറകൊണ്ടിട്ടുണ്ട്. ഒന്നു കൊതിക്കാന്‍ പോലും ധൈര്യമില്ലാതെ, വാ പൊളിച്ച് ഈത്തയൊലിപ്പിച്ചു നിന്നിട്ടുണ്ട്.

ഒരേ സമയം മാധവിക്കുട്ടിയെ ആരാധിക്കുന്നതായി ഭാവിച്ചപ്പോഴും, അവരുന്നയിച്ച സദാചാര പ്രശ്നങ്ങളെ പടിക്കു പുറത്തു നിര്‍ത്തി തങ്ങളുടെ ഭീരുത്വം ഇക്കൂട്ടര്‍ തെളിയിച്ചു കൊണ്ടിരുന്നു. മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യവശാല്‍ കമല്‍ എന്ന ശരാശരി സംവിധായകനായിപ്പോയി. എടുത്താല്‍ പൊങ്ങാത്ത വി കെ എന്നിനെയും മാധവിക്കുട്ടിയേയും ഒക്കെ തൊട്ട് കാല്‍ വഴുതി വീഴുന്നു അദ്ദേഹം. മാധവിക്കുട്ടിയെ “സിനിമയിലെടുത്തു” എന്ന ആ അന്ധാളിപ്പില്‍ നിന്ന് അദ്ദേഹം ഇനിയും പുറത്തു കടന്നിട്ടില്ല. അതാണദ്ദേഹം കുലീനത, നൈര്‍മല്യം, മൂക്കുത്തി, മഞ്ജു വാര്യര്‍ എന്നൊക്കെ പറയുന്നത്. വിദ്യാ ബാലന്‍ രക്ഷപ്പെട്ടു മഞ്ജു വാര്യര്‍ പെട്ടു എന്നു പറയുന്നതാകും ശരി.

We use cookies to give you the best possible experience. Learn more