| Sunday, 7th October 2018, 11:53 am

ശബരിമല വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തുന്ന സ്ത്രീകളെ ആക്രമിക്കുന്നത് സംഘപരിവാറിലെ സൈബര്‍ ഗുണ്ടകള്‍; ശാരദക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുന്നവര്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തില്‍ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി.

നിരന്തരമായി സൈബര്‍ ആക്രമണം നടത്തുന്നത് സംഘപരിവാറിലെ ഒരു വിഭാഗം സൈബര്‍ ഗുണ്ടകളാണെന്നും എന്നാല്‍ അവരെ ശുദ്ധീകരിക്കുക എന്ന ദൗത്യം കൂടി സ്ത്രീകള്‍ ഏറ്റെടുക്കണമെന്നും ശാരദക്കുട്ടി അഭിപ്രായപ്പെടുന്നു.


ഫേസ്ബുക്ക് കുറിപ്പിലാണ് ശാരദക്കുട്ടി സൈബര്‍ ആക്രമണ നടത്തുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. “ഇത്തരക്കാരുടെ ഉള്ളിലെ അശുദ്ധ രക്തത്തെ പുറത്തേക്കൊഴുക്കിക്കളഞ്ഞ് അവരെ വിമലീകരിച്ചെടുക്കുകയാണ് വേണ്ടത്. അവരെ സഹോദരന്‍മാരായി കാണണമെന്നും അവരുടെ ഉള്ളില്‍ കെട്ടിക്കിടക്കുന്നത് അഴുക്കാണെന്നറിയാത്തത് അവരുടെ കുറ്റമായി കാണരുതെന്നും” ശാരദക്കുട്ടി അഭിപ്രായപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിരന്തര പ്രകോപനങ്ങളിലൂടെ സംഘപരിവാറിലെ ഒരു വിഭാഗം സൈബര്‍ ഗുണ്ടകളുടെ ഉള്ളിലെ അശുദ്ധ രക്തത്തെ പുറത്തേക്കൊഴുക്കിക്കളഞ്ഞ് അവരെ വിമലീകരിച്ചെടുക്കുക എന്നതുകൂടി നമ്മുടെ മനോഹരവും ദൃഢവുമായ വലിയ ഉത്തരവാദിത്വമെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു സഖികളേ…


നമ്മുടെ വാക്കുകള്‍ അവര്‍ക്ക് സ്വന്തം ഉള്ളിലെ മാലിന്യം പുറന്തള്ളിക്കളയാനുള്ള വിരേചനൗഷധമാകണം.. അവര്‍ നമ്മുടെ സഹോദരന്മാരാണ്. അവര്‍ രോഗവിമുക്തരാകേണ്ടത് ഒരു സാമൂഹികാവശ്യമാണ്.

ഉള്ളില്‍ കെട്ടിക്കിടക്കുന്നത് അഴുക്കാണെന്നറിയാത്തത് അവരുടെ കുറ്റമായി കാണരുത്. വായിലൂടെ വമിക്കുന്നത് മാലിന്യമാണെന്നറിയാത്തത് അവരുടെ അജ്ഞതയെന്നു മാത്രം മനസ്സിലാക്കാനുള്ള വിവേകം നമുക്കുണ്ടായാല്‍ മതി.

Latest Stories

We use cookies to give you the best possible experience. Learn more