കൊച്ചി: എം.ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരീസ് ‘മനോരഥങ്ങള്‍’ ട്രെയ്‌ലര്‍ റിലീസിനിടെ നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ നടന്‍ ആസിഫ് അലിയെ വേദിയില്‍ അപമാനിച്ച സംഗീത സംവിധായകന്‍ രമേശ് നാരായണനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി.
ആസിഫ് അലിയെ ബോധപൂര്‍വ്വം അപമാനിക്കാനായി രമേശ് നാരായണന്‍ കളിച്ച നാടകമാണ് ഇതെന്നും ഈ നടപടി അദ്ദേഹത്തിന്റെയും ആ സംഗീതത്തിന്റെയും വില കെടുത്തിയെന്നും ശാരദക്കുട്ടി പറഞ്ഞു.
സ്വയം വലുതാക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ ചെറുതാക്കപ്പെടുക തന്നെ ചെയ്യുമെന്നും സംവിധായകന്‍ ജയരാജ് അതിനു കൂട്ടു നിന്നപ്പോള്‍ അമ്മാവന്‍ സിന്‍ഡ്രോം പൂര്‍ണ്ണമായെന്നും കാലഹരണപ്പെട്ടവര്‍ക്ക് ഡ്രാമയിലൂടെയും രക്ഷയില്ലെന്നും ആസിഫ് അലിക്കൊപ്പം മാത്രമാണെന്നും ശാരദക്കുട്ടി പറഞ്ഞു.
ശാരദക്കുട്ടിയുടെ പ്രതികരണം
ആസിഫ് അലിയെ ബോധപൂര്‍വ്വം അപമാനിക്കാനായി രമേശ് നാരായണന്‍ കളിച്ച നാടകം അദ്ദേഹത്തിന്റെയും ആ സംഗീതത്തിന്റെയും വില കെടുത്തി. സ്വയം വലുതാക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ ചെറുതാക്കപ്പെടുക തന്നെ ചെയ്യും.
സംവിധായകന്‍ ജയരാജ് അതിനു കൂട്ടു നിന്നപ്പോള്‍ അമ്മാവന്‍ സിന്‍ഡ്രോം പൂര്‍ണ്ണമായി. കാലഹരണപ്പെട്ടവര്‍ക്ക് ഡ്രാമയിലൂടെയും രക്ഷയില്ല.
ആസിഫ് അലിക്കൊപ്പം മാത്രം.
‘പകല്‍വാണ പെരുമാളിന്‍ രാജ്യഭാരം വെറും
പതിനഞ്ചുനാഴിക മാത്രം
ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളേ
പ്രാകൃതയുഗമുഖഛായകളേ..’
(എംടി വാസുദേവന്‍ നായരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ‘മനോരഥങ്ങ’ളുടെ ട്രെയ്ലര്‍ ലോഞ്ചിനിടയില്‍ തനിക്കുള്ള ഉപഹാരം നടന്‍ ആസിഫ് അലിയില്‍ നിന്ന് സ്വീകരിക്കാന്‍ സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ വിസമ്മതിച്ച നടപടിയാണ് വിഷയം.)
ഇന്നലെ നടന്ന പരിപാടിയുടെ വീഡിയോ ഇന്ന് രാവിലെ മുതലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. രമേശ് നാരായണന് പുരസ്‌കാരം കൈമാറാനായി ആസിഫ് അലി വേദിയില്‍ എത്തിയപ്പോള്‍ ഒട്ടും താത്പര്യമില്ലാതെ അസിഫിന്റെ മുഖത്ത് പോലും നോക്കാന്‍ തയ്യാറാകാതെയാണ് രമേശ് നാരായണന്‍ വേദിയിലേക്ക് വന്നത്.
ആസിഫ് കൊടുത്ത ട്രോഫി ഒട്ടും മനസില്ലാതെ കൈയില്‍ നിന്ന് വാങ്ങിയ ഇദ്ദേഹം വേദിയിലേക്ക് സംവിധായകന് ജയരാജിനെ വിളിച്ചുവരുത്തി. ട്രോഫി ജയരാജനെ ഏല്‍പ്പിച്ച ശേഷം അദ്ദേഹത്തോട് തനിക്ക് കൈമാറാന്‍ പറഞ്ഞു.
ട്രോഫി ഏറ്റുവാങ്ങിയ ശേഷം ജയരാജിനെ കെട്ടിപ്പിടിക്കുകയും ക്യാമറയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഇതിനിടെ എന്ത് ചെയ്യണമെന്നറിയാതെ ആസിഫ് വേദിയില്‍ നില്‍ക്കുന്നത് കാണാം. ഇന്ദ്രജിത്ത്, ബിജു മേനോന്‍ എന്നിവരും വേദിക്ക് താഴെയായി നില്‍ക്കുന്നുണ്ടായിരുന്നു.
വിഷയത്തില്‍ വലിയ വിമര്‍ശനമാണ് രമേശ് നാരായണനെതിരെ ഉയരുന്നത്. പൊതു ചടങ്ങില്‍ ക്യാമറകള്‍ക്ക് മുന്‍പില്‍ അപമാനിതന്‍ ആവുക എന്നത് വല്ലാത്തൊരു അവസ്ഥ ആണെന്നും ആസിഫ് അലിയോടുള്ള പെരുമാറ്റം അംഗീകരിക്കാനാവുന്നതല്ലെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.
പുരസ്‌കാരത്തിനുള്ള ക്ഷണം സ്വീകരിക്കുമ്പോള്‍ ആരാണ് തരുന്നത് എന്ന് ചോദിക്കാം. തരുന്നയാളെ മാറ്റാന്‍ ആവശ്യപ്പെടാം, മാറ്റിയില്ലെങ്കില്‍ പുരസ്‌കാരം സ്വീകരിക്കാന്‍ പോവാതിരിക്കാം. ഈ നിബന്ധനകള്‍ ഇല്ലാതെ പുരസ്‌ക്കാരം മേടിക്കാന്‍ പോയാല്‍ കമ്മറ്റി തീരുമാനിച്ച ആര് തന്നാലും സ്വീകരിക്കുന്നതാണ് മര്യാദ.
പകരക്കാരനായി ജയരാജ് പോയത് ഉചിതമായില്ല. ഒരു സഹപ്രവര്‍ത്തകനെ അപമാനിക്കുന്നതിനു ജയരാജ് കൂട്ട് നില്‍ക്കരുതായിരുന്നു.
ഒരു നടന്‍ എന്ന നിലയില്‍ ആസിഫലിക്ക് എന്താണ് ഒരു കുറവ്?
വ്യത്യസ്ത റോളുകള്‍ തേടി പിടിച്ചു ആ റോളുകളോട് നീതി പുലര്‍ത്താന്‍ ആസിഫിന് കഴിയുന്നുണ്ട്. ഒരു സംഗീത സംവിധായകന്‍ എന്ന നിലയില്‍ രമേശ് നാരായണനേക്കാള്‍ വിജയമാണ് നടന്‍ എന്ന നിലയില്‍ ആസിഫ് അലി, സോഷ്യല്‍ മീഡിയ പറയുന്നു.
Content Highlight: Saradakutty criticise Ramesh narayanan and Director Jayaraj on Asif Ali Issue