| Wednesday, 13th December 2017, 10:01 am

സഖാവ് മേഴ്‌സിക്കുട്ടിമ്മ ആരാണെന്നത് ജനങ്ങള്‍ക്കറിയാം, അവരെ വിപ്ലവ ബോധമോ സഹജീവി സ്‌നേഹമോ മറ്റാരും പഠിപ്പിക്കേണ്ട; വിനുവിന് മറുപടിയുമായി എഴുത്തുകാരി ശാരദക്കുട്ടി

എഡിറ്റര്‍

കൊല്ലം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഏഷ്യാനെറ്റിലെ വിനു വി ജോണിന്റെ ചര്‍ച്ചയില്‍ നിന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ ഇറങ്ങി പോയ സംഭവത്തില്‍ വിനുവിനും വിമര്‍ശനമുന്നയിക്കുന്നവര്‍ക്കും മറുപടിയുമായി എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

കടപ്പുറത്തുള്ളവര്‍ താത്കാലിക ക്ഷോഭത്താലോ വേദനയാലോ എന്തു പറയുമ്പോഴും മേഴ്‌സിക്കുട്ടിയമ്മക്ക് അവരേയും അവര്‍ക്ക് മേഴ്‌സിക്കുട്ടിയമ്മയേയും തിരിച്ചറിയാം. മത്സ്യത്തൊഴിലാളികളുടെയും കശുവണ്ടിത്തൊഴിലാളികളുടെയും കഷ്ടതകളുടെയും ദുരിതങ്ങളുടെയും ഇടയില്‍ തന്നെ അവരോടൊപ്പം കരഞ്ഞും പൊരുതിയും വളര്‍ന്ന സഖാവ് മേഴ്‌സിക്കുട്ടിയമ്മയെ വിപ്ലവ ബോധമോ സഹജീവി സ്‌നേഹമോ ആരും പഠിപ്പിക്കേണ്ടെന്ന് ശാരദക്കുട്ടി പറയുന്നു.

പെരുമണ്‍ തീവണ്ടിയപകടം നടന്ന ദിവസം തന്റെ മിന്നുകെട്ടിന്റെ ചടങ്ങുകള്‍ മുഴുവന്‍ കഴിയുന്നതിനു മുന്‍പ് വിവാഹ വേദിയില്‍ നിന്ന് ദുരന്തഭൂമിയിലേക്ക് ഓടിയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ആളാണ് മേഴ്്‌സിക്കുട്ടിയമ്മയെന്നും പിന്നിലെത്ര ആളുണ്ടെന്നും മുന്നിലെത്ര ക്യാമറയുണ്ടെന്നും നോക്കി രാഷ്ട്രീയം കളിക്കുന്നവരുടെ കൂടെ അവരെ അളക്കരുതെന്നും പോസ്റ്റില്‍ ശാരദക്കുട്ടി പറയുന്നു.

ഒരു സുപ്രഭാതത്തില്‍ ആരെങ്കിലും വെള്ളിത്താലത്തില്‍ വെച്ചു നീട്ടിക്കൊടുത്തു തുടങ്ങിയതല്ല മേഴ്‌സിക്കുട്ടിയമ്മയുടെ രാഷ്ട്രീയ ജീവിതം. സുനാമി ദുരിതകാലത്തെ ഫണ്ടു തിന്നു മുടിച്ചവരുടെ രാഷ്ട്രീയ കാലമൊക്കെ പെട്ടെന്നു മറന്ന് പോകരുത്. അന്നും മേഴ്‌സിക്കുട്ടിയമ്മ സ്വാര്‍ഥം നോക്കി പ്രവര്‍ത്തിച്ചിട്ടില്ല. വാവിട്ടു കരയുന്ന ദുരിതബാധിതരുടെ ചില വാക്കുകള്‍, അവരുടെ ക്ഷോഭങ്ങള്‍ അത് മേഴ്‌സിക്കുട്ടിയമ്മയെ അപമാനിക്കാനുള്ള ആയുധങ്ങളാക്കി മാറ്റാനുള്ള കുത്സിത നീക്കങ്ങള്‍ തിരിച്ചറിയാനുള്ള വിവേകം പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുണ്ട്. അവര്‍ക്കൊപ്പം എക്കാലത്തും നിന്നിരുന്ന സഖാവിനൊപ്പമേ അവര്‍ നില്‍ക്കൂവെന്നും ശാരദക്കുട്ടി പറയുന്നു.

ഓഖിയില്‍ ദുരിതം അനുഭവിച്ച് തീരമണഞ്ഞവരോടും സര്‍ക്കാരിന്റെ ക്രൂരതയോ എന്ന വിഷയത്തില്‍ വിനു വി ജോണ്‍ നടത്തിയ ചര്‍ച്ചയില്‍നിന്നാണ് കഴിഞ്ഞ ദിവസം മേഴ്സികുട്ടിയമ്മ ഇറങ്ങി പോയിരുന്നത്. ചര്‍ച്ചയില്‍ വിനു മാന്യമായി സംസാരിക്കണമെന്ന് ആദ്യം താക്കീത് നല്‍കുകയും വിനു ഒരു വാര്‍ത്താ അവതാരകനാണെന്ന മാന്യത കാണിക്കണമെന്നും മെഴ്‌സികുട്ടിയമ്മ ആവശ്യപ്പെട്ടിരുന്നു. പിന്നീടും മേഴ്സികുട്ടിയമ്മയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള സംസാരം വിനുവില്‍നിന്ന് വന്നതിനെ തുടര്‍ന്നാണ് മേഴ്സികുട്ടിയമ്മ ഇറങ്ങി പോയിരുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

പെരുമണ്‍ തീവണ്ടിയപകടം നടന്ന ദിവസമായിരുന്നു സഖാവ് മേഴ്‌സിക്കുട്ടിയമ്മയുടെ വിവാഹം. മിന്നുകെട്ടിന്റെ ചടങ്ങുകള്‍ മുഴുവന്‍ കഴിയുന്നതിനു മുന്‍പ് വിവാഹ വേദിയില്‍ നിന്ന് ദുരന്തഭൂമിയിലേക്ക് ഓടിയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ അവരെ രാഷ്ട്രീയ മര്യാദകളോ മാനുഷികതയോ പഠിപ്പിക്കുവാന്‍ മറ്റൊരാള്‍ മുതിരേണ്ടതില്ല.

ഒരു സുപ്രഭാതത്തില്‍ ആരെങ്കിലും വെള്ളിത്താലത്തില്‍ വെച്ചു നീട്ടിക്കൊടുത്തു തുടങ്ങിയതല്ല അവരുടെ രാഷ്ട്രീയ ജീവിതം. മത്സ്യത്തൊഴിലാളികളുടെയും കശുവണ്ടിത്തൊഴിലാളികളുടെയും കഷ്ടതകളുടെയും ദുരിതങ്ങളുടെയും ഇടയില്‍ തന്നെ അവരോടൊപ്പം കരഞ്ഞും പൊരുതിയും വളര്‍ന്ന സഖാവിന്റെ, സ്ഥിരമായി സഹാനുഭൂതി പടര്‍ന്നു നില്‍ക്കുന്ന മുഖത്ത് ആഴത്തില്‍ പതിഞ്ഞു കിടപ്പുണ്ട് ആ പോരാട്ടങ്ങളുടെ ഓര്‍മ്മകളും ചരിതങ്ങളും. വിപ്ലവ ബോധമോ സഹജീവി സ്‌നേഹമോ അവര്‍ക്ക് ഒരിക്കലും ഒരു പ്രകടനമോ കയ്യടിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളോ ആയിരുന്നില്ല.

വിവാദമുണ്ടാക്കാനായി അവരിന്നു വരെ ഒരു വാക്കും ഉരിയാടിയിട്ടുമില്ല. കടപ്പുറത്തുള്ളവര്‍ താത്കാലിക ക്ഷോഭത്താലോ വേദനയാലോ എന്തു പറയുമ്പോഴും മേഴ്‌സിക്കുട്ടിയമ്മക്ക് അവരേയും അവര്‍ക്ക് മേഴ്‌സിക്കുട്ടിയമ്മയേയും തിരിച്ചറിയാം. സുനാമി ദുരിതകാലത്തെ ഫണ്ടു തിന്നു മുടിച്ചവരുടെ രാഷ്ട്രീയ കാലമൊക്കെ പെട്ടെന്നു മറന്ന് പോകരുത്. അന്നും മേഴ്‌സിക്കുട്ടിയമ്മ സ്വാര്‍ഥം നോക്കി പ്രവര്‍ത്തിച്ചിട്ടില്ല. വാവിട്ടു കരയുന്ന ദുരിതബാധിതരുടെ ചില വാക്കുകള്‍ ,അവരുടെ ക്ഷോഭങ്ങള്‍ അത് മേഴ്‌സിക്കുട്ടിയമ്മയെ അപമാനിക്കാനുള്ള ആയുധങ്ങളാക്കി മാറ്റാനുള്ള കുത്സിത നീക്കങ്ങള്‍ തിരിച്ചറിയാനുള്ള വിവേകം പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുണ്ട്. അവര്‍ക്കൊപ്പം എക്കാലത്തും നിന്നിരുന്ന സഖാവിനൊപ്പമേ അവര്‍ നില്‍ക്കൂ..

പിന്നിലെത്ര ആളുണ്ടെന്നും മുന്നിലെത്ര ക്യാമറയുണ്ടെന്നും നോക്കി രാഷ്ട്രീയം കളിക്കുന്നവരുടെ കൂടെ സഖാവ് മേഴ്‌സിക്കുട്ടിയമ്മയെ അളക്കരുത്.അവര്‍ ആളു വേറെയാണ്. ഓഖിക്കോ സുനാമിക്കോ എടുത്തു കൊണ്ടുപോകാനാവില്ല അവരുടെ അടിയുറച്ച രാഷ്ട്രീയ ബോധത്തേയും വര്‍ഗ്ഗ ബോധത്തേയും. കാരണം കാരുണ്യവും രാഷ്ട്രീയവും അവര്‍ക്ക് ഒരു ഫേസ്പാക്ക് മാത്രമല്ല..

എഡിറ്റര്‍

We use cookies to give you the best possible experience. Learn more