| Wednesday, 23rd November 2016, 11:32 am

ക്യൂ നിന്നും കടം വാങ്ങിയും നിങ്ങളെ വളര്‍ത്തിയവര്‍ തന്നെ നിങ്ങളുടെ തലയില്‍ ചവിട്ടിപ്പോകും; മോഹന്‍ലാലിന് ശാരദക്കുട്ടിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുനിഞ്ഞു നില്‍ക്കുന്ന ശിരസ്സുകളുടെ മേല്‍ കാല്‍ പൊക്കുന്ന ആ രഞ്ജിത്ത്-ഷാജി കൈലാസ് താണ്ഡവം ഒന്നും ഇനി എടുക്കരുതെന്നും ഗ്യാപ് ഉള്ളിടത്തെല്ലാം വെക്കുന്ന ആ ശൈലി ആസ്വദിക്കാവുന്ന അവസ്ഥയിലല്ല ജീവിതത്തോടു യുദ്ധം ചെയ്യുന്ന പാവം മനുഷ്യരെന്നും ശാരദക്കുട്ടി


നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് ബ്ലോഗെഴുതിയ നടന്‍ മോഹന്‍ലാലിനെതിരെ വിവിധ കോണുകളില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സാധാരണക്കാര്‍ നോട്ടിനായി ക്യൂ നിന്ന് വലയുമ്പോള്‍ അത് അത്രവലിയ കാര്യമാക്കേണ്ടതില്ലെന്ന തരത്തിലുള്ള ലാലിന്റെ നിലപാടാണ് ചോദ്യം ചെയ്യപ്പെട്ടത്. വിഷയത്തില്‍ മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും നിരൂപകയുമായ ശാരദക്കുട്ടി.

പ്രിയപ്പെട്ടതായിരുന്ന മോഹന്‍ലാല്‍, ക്യൂ നിന്നും കടം വാങ്ങിയും നിങ്ങളെ വളര്‍ത്തിയവര്‍ തന്നെ നിങ്ങളുടെ തലയില്‍ ചവിട്ടിപ്പോകുമെന്നാണ് ശാരദക്കുട്ടിയുടെ വാക്കുകള്‍.

കുനിഞ്ഞു നില്‍ക്കുന്ന ശിരസ്സുകളുടെ മേല്‍ കാല്‍ പൊക്കുന്ന ആ രഞ്ജിത്ത്-ഷാജി കൈലാസ് താണ്ഡവം ഒന്നും ഇനി എടുക്കരുതെന്നും ഗ്യാപ് ഉള്ളിടത്തെല്ലാം വെക്കുന്ന ആ ശൈലി ആസ്വദിക്കാവുന്ന അവസ്ഥയിലല്ല ജീവിതത്തോടു യുദ്ധം ചെയ്യുന്ന പാവം മനുഷ്യരെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിക്കുന്നു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്


തന്നോട് ക്ഷുഭിതനായ കേശവദേവിനോട് “ഞങ്ങള്‍ പിന്മാറേണ്ട കാലമായോ” എന്ന് ഒരിക്കല്‍ മഹാകവി വള്ളത്തോള്‍ വിനയത്തോടെ ചോദിച്ചു. ദേവ് പറഞ്ഞ മറുപടി, “ക്ഷമിക്കണം, നിങ്ങള്‍ പിന്മാറണം എന്നില്ല. പക്ഷെ, ഞങ്ങള്‍ നിങ്ങളെ ചവിട്ടി കടന്നു പോകും” എന്നാണ്.

പ്രിയപ്പെട്ടതായിരുന്ന മോഹന്‍ലാല്‍, അതാണ് കാലം. അതാണ് ലോകം…ക്യൂ നിന്നും കടം വാങ്ങിയും നിങ്ങളെ വളര്‍ത്തിയവര്‍ തന്നെ നിങ്ങളുടെ തലയില്‍ ചവിട്ടി കടന്നു പോകും.

അത് കൊണ്ട് കുനിഞ്ഞു നില്‍ക്കുന്ന ശിരസ്സുകളുടെ മേല്‍ കാല്‍ പൊക്കുന്ന ആ രഞ്ജിത്ത്-ഷാജി കൈലാസ് താണ്ഡവം ഒന്നും ഇനി എടുക്കല്ലേ., ഗ്യാപ് ഉള്ളിടത്തെല്ലാം വെക്കുന്ന ആ ശൈലി ആസ്വദിക്കാവുന്ന അവസ്ഥയിലല്ല ജീവിതത്തോടു യുദ്ധം ചെയ്യുന്ന പാവം മനുഷ്യര്‍,

തന്റെ ബ്ലോഗിലെ പുതിയ കുറിപ്പിലൂടെയാണ് പ്രധാനമന്ത്രിയുടെ നടപടിയെ പ്രശംസിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം കേട്ടുവെന്നും ആത്മാര്‍ഥമായി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയായിരുന്നു ആ പ്രസംഗവും അതിന് ശേഷം നടന്ന സംഭവങ്ങളുമെന്നും മോഹന്‍ലാല്‍ കുറിപ്പില്‍ പറയുന്നു. “സത്യത്തിന്റെ ഇന്ത്യയ്ക്ക് വേണ്ടി ഒരു ബിഗ് സല്യൂട്ട്” എന്ന തലക്കെട്ടോടെയായിരുന്നു ലാലിന്റെ കുറിപ്പ്.


മദ്യഷോപ്പിനു മുന്നിലും സിനിമാശാലകള്‍ക്കു മുന്നിലും മതവിഭാഗങ്ങളുടെ ആരാധാനാലയങ്ങള്‍ക്കു മുന്നിലും പരാതികളില്ലാതെ വരി നില്‍ക്കുന്ന നമ്മള്‍ ഒരു നല്ല കാര്യത്തിനു വേണ്ടി അല്‍പസമയം വരി നില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല എന്നാണ് മോഹന്‍ ലാലിന്റെ അഭിപ്രായം.

ഇത് പറയുമ്പോള്‍ “നിങ്ങള്‍ക്കെന്തറിയാം വരി നില്‍ക്കുന്നതിന്റെ വിഷമം?” എന്ന മറുചോദ്യം കേള്‍ക്കുന്നു. കേരളത്തിലും ഇന്ത്യയിലും പുറം രാജ്യങ്ങളിലും പോയാല്‍, എനിക്കവസരം ലഭിച്ചാല്‍ ഞാനും എല്ലാവരെയും പോലെ വരിനിന്നാണ് ആവശ്യങ്ങള്‍ നിവര്‍ത്തിക്കാറുള്ളതെന്നും മോഹന്‍ലാല്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.

ഞാനൊരു വ്യക്തി ആരാധകനല്ല. വ്യക്തികളെയല്ല, ആശയങ്ങളെയാണ് ഞാന്‍ ആരാധിക്കുന്നത്. സത്യസന്ധവും അനുതാപമുള്ളതുമായ ആശയങ്ങളെ, സമര്‍പ്പണ മനോഭാവമുള്ള ആശയങ്ങളെ. ഈ ഒരു തീരുമാനത്തേയും ഞാന്‍ അത്തരത്തിലാണ് കാണുന്നത്. പെട്ടെന്നുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കുമപ്പുറം ഇത് ഒരു നല്ല ലക്ഷ്യത്തിനു വേണ്ടിയുള്ളതാണ് എന്നു ഞാന്‍ മനസ്സിലാക്കുന്നു. ഇതിനെ ഒരു സാമ്പത്തിക വിദഗ്ധന്റെ അഭിപ്രായമായി കാണരുത്. മുന്‍വിധികളില്ലാത്ത ഒരു സാധാരണക്കാരന്റെ ബോധ്യം മാത്രമാണ്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്ന തത്വമാണ് എന്നെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിക്കാന്‍ സഹായിച്ചതെന്നുമായിരുന്നു മോഹന്‍ലാല്‍ ബ്ലോഗില്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more