| Monday, 15th October 2018, 7:06 pm

അന്‍പതു വര്‍ഷം മുന്‍പ് നിങ്ങള്‍ വായില്ലാക്കുന്നിലമ്മയായി നിന്നത് മനസ്സിലാക്കാം; അടൂര്‍ഭാസിയുടെ പിന്തുടര്‍ച്ചക്കാരെ കാണുമ്പോള്‍ കെ.പി.എ.സി ലളിതയ്ക്ക് തിരിച്ചറിയുന്നില്ല: ശാരദക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡബ്ല്യു.സി.സി. അംഗങ്ങള്‍ക്കെതിരെ രംഗത്തു വന്ന കെ.പി.എ.സി ലളിതയെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. പെണ്ണ് ആണിന്റെ കെട്ടുകാഴ്ചയായിരുന്ന കാലം കഴിഞ്ഞെന്നും അവന്റെ കെട്ട കാഴ്ചകള്‍ നിര്‍ഭയമായി പെണ്‍കുട്ടികള്‍ വിളിച്ചു പറയുന്ന ഒരു കാലത്താണ് ശ്രീമതി കെ.പി.എ.സി ലളിത ജീവിക്കുന്നതെന്നും ശാരദക്കുട്ടി വിമര്‍ശിക്കുന്നു.

പഴയ അടൂര്‍ഭാസിയുടെ പിന്തുടര്‍ച്ചക്കാരെ കാണുമ്പോള്‍ തിരിച്ചറിയാന്‍ കെ.പി.എ.സി ലളിതയ്ക്ക് കഴിയാത്തത് അത്ഭുതം സൃഷ്ടിക്കുന്നു എന്നും ശാരദക്കുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.പി.എ.സി ലളിതയെ വിമര്‍ശിച്ച് ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്.

അന്‍പതു വര്‍ഷം മുന്‍പ് നിങ്ങള്‍ വായില്ലാക്കുന്നിലമ്മയായി നിന്നത് മനസ്സിലാക്കാം ഇന്നത്തെ പെണ്‍കുട്ടികള്‍ അങ്ങനെ നില്‍ക്കില്ല. നിങ്ങള്‍ കേട്ടില്ലേ, പോടാ ഊളകളേ, എനിക്കു വേറെ പണിയുണ്ടെന്നു പറഞ്ഞത്. ആണിനോടു മാത്രമല്ല, ആണത്തത്തെ ഊട്ടിപ്പോറ്റുന്ന അമ്മമാരോടും അവരതു പറയാന്‍ മടിക്കില്ല- ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പത്തന്‍പതു വര്‍ഷം മുന്‍പ് അടൂര്‍ഭാസിയില്‍ നിന്നു നേരിട്ട ദുരനുഭവങ്ങള്‍ പുറത്തു പറയാന്‍ അന്ന് കെ.പി.എ.സി ലളിതക്കു കഴിയാതിരുന്നത് അന്ന് സമൂഹം ഇത്ര മാത്രം സ്ത്രീപക്ഷത്തുനിന്നു ചിന്തിച്ചു തുടങ്ങുകയോ സാമൂഹിക സാഹചര്യങ്ങള്‍ സ്ത്രീയുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സജ്ജമാകുകയോ ചെയ്യാതിരുന്നതിനാലാണ് എന്നാണ് ഇന്നുച്ച വരെയും ഞാന്‍ വിശ്വസിക്കാനിഷ്ടപ്പെട്ടത്.

ദിലീപിനെ ജയിലില്‍ നിങ്ങള്‍ കാണാന്‍ പോയപ്പോഴും പൊട്ടിക്കരഞ്ഞപ്പോഴും നിങ്ങളുടെ ചില പ്രത്യേക സാഹചര്യങ്ങള്‍ ഓര്‍ത്ത് ഞാന്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചു. പാവത്തിന്റെ നിസ്സഹായത എന്നു കാണാന്‍ ശ്രമിച്ചു. പെണ്ണ് ആണിന്റെ കെട്ടുകാഴ്ചയായിരുന്ന കാലം കഴിഞ്ഞു. അവന്റെ കെട്ട കാഴ്ചകള്‍ നിര്‍ഭയമായി പെണ്‍കുട്ടികള്‍ വിളിച്ചു പറയുന്ന ഒരു കാലത്താണ് ശ്രീമതി കെ.പി.എ.സി ലളിത, നിങ്ങള്‍ ഇന്നു ജീവിക്കുന്നത്.

A.M.M.Aക്കു വേണ്ടി ഇന്നു വക്കാലത്തു പറയാന്‍ നിങ്ങള്‍ വരാന്‍ പാടില്ലായിരുന്നു. മാപ്പു പറഞ്ഞ് അകത്തു കയറൂ എന്ന് പുതിയ കാലത്തിന്റെ കലാകാരികളോട് പറയുവാന്‍ പാടില്ലായിരുന്നു. അതിനുള്ള വിവേകം ഈ കാലയളവിലെ ഇടതുപക്ഷ ജീവിതവും അഭിനയ ജീവിതവും നിങ്ങള്‍ക്ക് തന്നില്ല എന്നത് നിങ്ങളുടെ പദവിക്ക് അപമാനകരമാണ്.


പഴയ അടൂര്‍ ഭാസിയുടെ പിന്തുടര്‍ച്ചക്കാരെ കാണുമ്പോള്‍ നിങ്ങള്‍ക്കിപ്പോഴും തിരിച്ചറിയാന്‍ കഴിയുന്നില്ലല്ലോ.. അത്ഭുതം തന്നെ. അന്‍പതു വര്‍ഷം മുന്‍പ് നിങ്ങള്‍ വായില്ലാക്കുന്നിലമ്മയായി നിന്നത് മനസ്സിലാക്കാം. ഇന്നോ? വലിയൊരു പ്രസ്ഥാനത്തിന്റെ നെടുംതൂണായിരുന്ന നടി ഇന്നെവിടെയെത്തി നില്‍ക്കുന്നു?

ഇന്നത്തെ പെണ്‍കുട്ടി അങ്ങനെ. നില്‍ക്കില്ല. നിങ്ങള്‍ കേട്ടില്ലേ, പോടാ ഊളകളേ, എനിക്കു വേറെ പണിയുണ്ടെന്നു പറഞ്ഞത്. ആണിനോടു മാത്രമല്ല, ആണത്തത്തെ ഊട്ടിപ്പോറ്റുന്ന അമ്മമാരോടും അവരതു പറയാന്‍ മടിക്കില്ല.

നിങ്ങള്‍ ചെയ്ത വേഷങ്ങള്‍ കണ്ട്, ഭാവപ്പകര്‍ച്ചകള്‍ കണ്ട്, അടൂരിനും അരവിന്ദനും ഒപ്പം ഇന്‍ഡ്യ ആദരിക്കുന്ന മലയാളത്തിന്റെ കലാകാരിയെന്നു നിങ്ങളെ ക്കുറിച്ച് അഭിമാനിക്കുന്ന എനിക്ക്, ഇപ്പോഴണിയുന്ന നിങ്ങളുടെ ഈ വേഷം അസഹ്യമാണ്.

We use cookies to give you the best possible experience. Learn more