ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമല്ലാതെ വാക്‌സിനില്‍ ഇളവനുവദിക്കാന്‍ പാടില്ല; മതപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് ഇളവനുവദിച്ച വിദ്യാഭ്യാസമന്ത്രിക്കെതിരെ ശാരദക്കുട്ടി
Kerala
ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമല്ലാതെ വാക്‌സിനില്‍ ഇളവനുവദിക്കാന്‍ പാടില്ല; മതപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് ഇളവനുവദിച്ച വിദ്യാഭ്യാസമന്ത്രിക്കെതിരെ ശാരദക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st November 2021, 10:46 am

തിരുവനന്തപുരം: മതപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് സ്‌കൂളുകളില്‍ എത്തുന്നതില്‍ ഇളവുനല്‍കിയ വിദ്യാഭ്യാസമന്ത്രിയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി.

വിശ്വാസത്തിന്റെ പേരില്‍ വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളില്‍ വരേണ്ടതില്ലെന്നും ഇത്തരത്തിലുള്ളവര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടര്‍ന്നാല്‍ മതിയെന്നുമുള്ള വി. ശിവന്‍കുട്ടിയുടെ പ്രസ്താവനക്കെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

നാലു വോട്ടിനു വേണ്ടി കേരളത്തെ പിന്നോട്ടു നടത്തില്ലെന്ന് ഉറപ്പു തന്ന ഒരു മുഖ്യമന്ത്രിയാണ് ഇന്ന് കേരളത്തെ നയിക്കുന്നതെന്നും എന്നിട്ടാണ് മതപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് സ്‌കൂളുകളില്‍ ഇളവുകൊടുക്കുമെന്ന തരത്തില്‍ വിദ്യാഭ്യാസ മന്ത്രി പറയുന്നതെന്നും ശാരദക്കുട്ടി പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമല്ലാതെ വാക്‌സിനില്‍ ഇളവനുവദിക്കാന്‍ പാടില്ലെന്നാണ് നിയമമെന്നും അറേബ്യന്‍നാടുകളില്‍ ബൂസ്റ്റര്‍ ഡോസെടുക്കാത്തവരെ മാളുകളില്‍ പോലും പ്രവേശിപ്പിക്കുന്നില്ല എന്നാണറിയാന്‍ കഴിഞ്ഞതെന്നും ശാരദക്കുട്ടി പോസ്റ്റില്‍ കുറിച്ചു.

മതപരമായ കാരണത്താല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഇളവ് കൊടുക്കാനുള്ള അധികാരം വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് എവിടെ നിന്നാണ് കിട്ടിയതതെന്ന് ഇന്നലെ അഭിഭാഷകന്‍ ഹരീഷ് വാസുദേവനും ചോദിച്ചിരുന്നു.

പൊതുജനാരോഗ്യ കാരണങ്ങളാലാണ് വാക്‌സിന്‍ മറ്റുള്ളവര്‍ക്ക് നിര്‍ബന്ധം ആക്കിയതെങ്കില്‍, മതപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്ത ഒറ്റയാള്‍ക്കും ഇളവ് കൊടുക്കാന്‍ മന്ത്രിക്ക് അധികാരമില്ലെന്നും ഭരണഘടന നടപ്പാക്കാനാണ് മന്ത്രിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

” ഭരണഘടനയാണ് മതവിശ്വാസത്തിനുള്ള അവകാശം നല്‍കുന്നത്. പൊതുജനാരോഗ്യത്തിനും പൊതുസമാധാനത്തിനും വിധേയമായിട്ടു മാത്രമുള്ള മതവിശ്വാസമേ ഇന്ത്യയില്‍ സമ്മതിച്ചിട്ടുള്ളൂ.

പൊതുജനാരോഗ്യ കാരണങ്ങളാല്‍ ആണ് വാക്‌സിന്‍ മറ്റുള്ളവര്‍ക്ക് നിര്‍ബന്ധം ആക്കിയതെങ്കില്‍, മതപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്ത ഒറ്റയാള്‍ക്കും ഇളവ് കൊടുക്കാന്‍ മന്ത്രിക്ക് അധികാരമില്ല. ഭരണഘടന നടപ്പാക്കാനാണ് മന്ത്രി. അതിനു താഴെയാണ് മന്ത്രി,” ഹരീഷ് വാസുദേവന്‍ പറഞ്ഞു.

മന്ത്രിക്കോ മന്ത്രിസഭയ്ക്കോ പ്രത്യേക അവകാശങ്ങള്‍ ഉണ്ടെന്ന് ശിവന്‍കുട്ടി മന്ത്രി തെറ്റിദ്ധരിക്കരുതെന്നും ശമ്പളം തുടര്‍ന്നും വാങ്ങണമെങ്കില്‍, അവരോട് വാക്‌സിന്‍ എടുത്ത് ക്ലാസില്‍ വരാന്‍ മന്ത്രി പറയണമെന്നും അദ്ദേഹം പറഞ്ഞു.

അലര്‍ജി തുടങ്ങിയ ആരോഗ്യസംബന്ധിയായ കാരണങ്ങളാല്‍ വാക്‌സിനില്‍ ഉള്ള ഇളവ് നല്‍കേണ്ടത് ഭരണഘടനാപരമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ എഴുതി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content highlight: saradakutty about vk sivankutty statement on covid vaccination