| Wednesday, 23rd October 2019, 3:06 pm

'രണ്ടാം തവണയും രക്ഷപ്പെടുവാന്‍ മഞ്ജു സ്വയം ശ്രമിച്ചുവെങ്കില്‍ അതിന് അവരെ അഭിനന്ദിക്കണം'; പ്രതികരണവുമായി ശാരദക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പൊലീസില്‍ പരാതി നല്‍കിയ നടി മഞ്ജു വാര്യരുടെ നടപടിയെ അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി.

സ്‌നേഹബന്ധങ്ങള്‍ ഒരു പ്രത്യേക ഘട്ടം കഴിയുമ്പോള്‍ അതിന്റെ സ്വച്ഛ സൗന്ദര്യങ്ങളും ശാന്തതയും വിട്ട്, കഴുത്തില്‍ കുരുക്കിട്ടു മുറുക്കിത്തുടങ്ങുമ്പോള്‍, ശ്വാസം മുട്ടിക്കുമെന്നു തിരിച്ചറിയുവാനും അതില്‍ നിന്ന് എങ്ങനെയും രക്ഷപ്പെടുവാനും ശ്രമിക്കുന്നത് വിവേചന ശക്തിയുടെ, ബുദ്ധിശക്തിയുടെ, അതിജീവനത്തിന്റെ ലക്ഷണമാണെന്ന് ശാരദക്കുട്ടി പറയുന്നു.

മഞ്ജു വാര്യര്‍ രണ്ടാം തവണയും രക്ഷപ്പെടുവാന്‍ സ്വയം ശ്രമിച്ചുവെങ്കില്‍, അതിനവര്‍ക്കു കഴിയുന്നുവെങ്കില്‍ അവരെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറ്ഞ്ഞു.

രക്ഷകന്മാരുടെ അവകാശവാദങ്ങളെ ഭയക്കാതെ, സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും കാണാച്ചരട് കഴുത്തില്‍ കുരുങ്ങിക്കുരുങ്ങി മുറുകി ശ്വാസം മുട്ടിച്ചത്താല്‍ മാത്രം കിട്ടുന്ന ആ സത്‌പേരിന് മോഹിക്കുന്നില്ല എന്നത് ഒരു സ്ത്രീയെങ്കില്‍ ഒരു സ്ത്രീ തെളിയിക്കട്ടെ.

അവരുടെ പ്രിവിലേജസ് അവരെ അതിനു സഹായിക്കുന്നുവെങ്കില്‍ സഹായിക്കട്ടെ. അവര്‍ എങ്ങനെയോ അങ്ങനെ ജീവിക്കട്ടെ. സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ നൃത്തം ചെയ്തു കടന്നു പോകട്ടെ എന്നാണ് ശാരദക്കുട്ടി കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു ഡി.ജി.പിക്ക് പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും മഞ്ജുവാര്യര്‍ പരാതിയില്‍ പറഞ്ഞിരുന്നു.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതിയിലുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ സുഹൃത്തുമാണെന്നും പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം പൊലീസില്‍ പരാതി നല്‍കിയ വിഷയത്തില്‍ മഞ്ജു വാര്യര്‍ക്ക് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു. താരത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ശ്രീകുമാര്‍ മേനോന്‍ നടത്തിയത്.

ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും അപ്പോള്‍ കാണുന്നവനെ അപ്പാ ‘എന്ന് വിളിക്കുന്ന സ്വഭാവവും കൂടെപ്പിറപ്പാണെന്ന് നിന്റെ അച്ഛന്‍ തന്നെയാണ് എന്നോട് പറഞ്ഞിരിക്കുന്നത് എന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

തന്റെ ബുദ്ധിയിലും സ്‌നേഹത്തിലും ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങള്‍, എല്ലാം മഞ്ജു മറന്നുപോയെന്നുമൊക്കെയായിരുന്നു ശ്രീകുമാര്‍ മേനോന്റെ വാദങ്ങള്‍.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് …

സ്നേഹബന്ധങ്ങള്‍ ഒരു പ്രത്യേക ഘട്ടം കഴിയുമ്പോള്‍ അതിന്റെ സ്വച്ഛ സൗന്ദര്യങ്ങളും ശാന്തതയും വിട്ട്, കഴുത്തില്‍ കുരുക്കിട്ടു മുറുക്കിത്തുടങ്ങുമ്പോള്‍, ശ്വാസം മുട്ടിക്കുമെന്നു തിരിച്ചറിയുവാനും അതില്‍ നിന്ന് എങ്ങനെയും രക്ഷപ്പെടുവാനും ശ്രമിക്കുന്നത് വിവേചന ശക്തിയുടെ, ബുദ്ധിശക്തിയുടെ, അതിജീവനത്തിന്റെ ലക്ഷണമാണ്. മഞ്ജു വാര്യര്‍ രണ്ടാം തവണയും രക്ഷപ്പെടുവാന്‍ സ്വയം ശ്രമിച്ചുവെങ്കില്‍, അതിനവര്‍ക്കു കഴിയുന്നുവെങ്കില്‍ അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. അതിനവര്‍ തിരഞ്ഞെടുക്കുന്നത് ഏതു വഴിയായാലും അതിനൊരു നീതീകരണമുണ്ട്.

രക്ഷകന്മാരുടെ അവകാശവാദങ്ങളെ ഭയക്കാതെ, സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും കാണാച്ചരട് കഴുത്തില്‍ കുരുങ്ങിക്കുരുങ്ങി മുറുകി ശ്വാസം മുട്ടിച്ചത്താല്‍ മാത്രം കിട്ടുന്ന ആ സത്‌പേരിന് മോഹിക്കുന്നില്ല എന്നത് ഒരു സ്ത്രീയെങ്കില്‍ ഒരു സ്ത്രീ തെളിയിക്കട്ടെ. അവരുടെ പ്രിവിലേജസ് അവരെ അതിനു സഹായിക്കുന്നുവെങ്കില്‍ സഹായിക്കട്ടെ. അവര്‍ എങ്ങനെയോ അങ്ങനെ ജീവിക്കട്ടെ. സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ നൃത്തം ചെയ്തു കടന്നു പോകട്ടെ.

എസ്.ശാരദക്കുട്ടി
23.10.2019

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more