വീട്ടില്‍ രാഷ്ട്രീയം പറയുന്ന ഭര്‍ത്താക്കന്‍മാരുണ്ടാകണം; സ്ത്രീകള്‍ നടത്തിയ സമരങ്ങള്‍ തോറ്റ ചരിത്രമില്ലെന്നും ശാരദക്കുട്ടി
Kerala News
വീട്ടില്‍ രാഷ്ട്രീയം പറയുന്ന ഭര്‍ത്താക്കന്‍മാരുണ്ടാകണം; സ്ത്രീകള്‍ നടത്തിയ സമരങ്ങള്‍ തോറ്റ ചരിത്രമില്ലെന്നും ശാരദക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th November 2018, 9:23 am

കൊയിലാണ്ടി: സ്ത്രീകള്‍ നടത്തിയ സമരങ്ങളെല്ലാം ലോകത്ത് വിജയിച്ച ചരിത്രമേ ഉള്ളൂവെന്നും സ്ത്രീകളെ രാഷ്ട്രീയവല്‍ക്കരിക്കുകയെന്ന ദൗത്യമാണ് കാലം ആവശ്യപ്പെടുന്നതെന്നും പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ശാരദക്കുട്ടി.

“ഓര്‍മ്മകളുണ്ടായിരിക്കണം കേരളം നടന്ന വഴികള്‍” എന്ന മുദ്രാവാക്യമുയര്‍ത്തി സാംസ്‌കാരിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും നേതൃത്വത്തില്‍ കേളപ്പജി സ്ഥാപിച്ച പാക്കനാര്‍ പുരത്ത് നിന്നാരംഭിച്ച നവോത്ഥാന സന്ദേശ പദയാത്രയുടെ സമാപന പൊതുസമ്മേളനം കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശാരദക്കുട്ടി.

ALSO READ: രാമക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക് എന്നാണ് അവരുടെ അജണ്ട; തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യം വര്‍ഗീയ കലാപങ്ങളിലേക്ക് നീങ്ങുകയാണെന്ന് സായ്‌നാഥ്

ക്ഷേത്രങ്ങളില്‍ നിന്ന് വീടുകളിലേക്ക് തുരങ്കം തീര്‍ത്ത ഫാസിസമാണ് ഇപ്പോള്‍ ശബരിമല വിധിക്കെതിരെ സ്ത്രീകളെ ഉപയോഗപ്പെടുത്തുന്നത്. ശബരിമല ആണ്‍ കാടുകള്‍ ആയത് കേരളത്തിലെ സാംസ്‌കാരിക കൂട്ടായ്മകള്‍ ആണ്‍കൂട്ടങ്ങള്‍ ആയത് കൊണ്ടു കൂടിയാണ്.

ശബരിമലയില്‍ അവകാശം പറയുന്ന സ്ത്രീ വൃത്തികെട്ടവളായി പരിഗണിക്കപ്പെടുന്ന വീടകങ്ങളാണ് ഇന്ന് കേരളത്തിലുള്ളത്. വീടുകളില്‍ ഇന്ന് ഭരിക്കുന്ന വിശ്വാസങ്ങളാണ് പൊളിച്ചടുക്കേണ്ടത്. വീട്ടില്‍ രാഷ്ട്രീയം പറയുന്ന ഭര്‍ത്താക്കന്‍മാര്‍ നമുക്ക് ഉണ്ടാകേണ്ടതുണ്ട് എന്നും ശാരദക്കുട്ടി പറഞ്ഞു.

സമാപന സമ്മേളനത്തില്‍ എന്‍.വി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രാജേന്ദ്രന്‍ എടത്തുംകര, എം.ബി. മനോജ്, എം.എം.സോമശേഖരന്‍ , കല്‍പ്പറ്റ നാരായണന്‍, വിജയരാഘവന്‍ ചേലിയ, എന്‍.വി.മുരളി എന്നിവര്‍ സംസാരിച്ചു.

ALSO READ: പന്തളം കൊട്ടാരത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു; പങ്കെടുക്കുമെന്ന് കൊട്ടാരം പ്രതിനിധി

പാക്കനാര്‍ പുരത്ത് നടന്ന നവോത്ഥാനസംഗമത്തിന് ശേഷം തുറയൂര്‍, മേലടി, തിക്കോടി, നന്തി, മൂടാടി എന്നിവിടങ്ങളില്‍ സ്വീകരണ സമ്മേളനങ്ങള്‍ നടന്നു. തെരുവു നാടകം,നാടന്‍ പാട്ടുമേള എന്നിവയുമുണ്ടായിരുന്നു.

വിവിധ കേന്ദ്രങ്ങളില്‍ കല്‍പ്പറ്റ നാരായണന്‍, ചന്ദ്രശേഖരന്‍ തിക്കോടി, എന്‍.വി.ബാലകൃഷ്ണന്‍, ശിവദാസ് പുറമേരി, സോമന്‍ കടലൂര്‍, വിജയരാഘവന്‍ ചേലിയ, വി.എ. ബാലകൃഷ്ണന്‍, പി.ടി.ഹരിദാസ്, സി.രാഘവന്‍, പ്രിയേഷ് കുമാര്‍, പി.ജിനേഷ്, സി.ലാല്‍ കിഷോര്‍, എടവന ദിനേശന്‍, എന്‍.കെ.മുരളി, രാജീവന്‍ താപ്പള്ളി, പി.കെ. രവീന്ദ്രനാഥ്, കെ.വേണുഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.

WATCH THIS VIDEO: