| Thursday, 10th August 2017, 9:19 am

'ഇതാണോ ഭാരതീയ സംസ്‌കാരം? വയസായവരെയെല്ലാം തെക്കോട്ടെടുക്കല്‍!!!' ശോഭാ സുരേന്ദ്രനോട് ശാരദക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മോശമായ ഭാഷയില്‍ സംസാരിച്ച ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. വയസ്സായവരെ തെക്കോട്ടെടുക്കണം എന്ന ശോഭയുടെ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ടാണ് അവര്‍ രംഗത്തുവന്നിരിക്കുന്നത്.

“വയസ്സായവരെ എല്ലാം തെക്കോട്ടെടുക്കണം എന്നാണോ ഭാരതീയ സംസ്‌കാരം പഠിപ്പിക്കുന്നത്? “കുറെകാലമായില്ലേ ഇനീ പോയി ചത്തൂടെ” എന്നൊക്കെയാണോ നിങ്ങള്‍ ഗുരുവന്ദനവും മാതൃവന്ദനവും കൊണ്ട് അര്‍ഥമാക്കുന്നത്?” ശാരദക്കുട്ടി ചോദിക്കുന്നു.

“കോടിയേരി ബാലകൃഷ്ണന്‍ ഉറങ്ങുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം ആലോചിക്കണം. അങ്ങ് ഈ കലാപരിപാടിയൊക്കെ അവസാനിപ്പിക്കണം. തെക്കോട്ടെടുക്കണ്ടേ, വയസെത്രയായി” എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം. ഇതാണോ ഭാരതീയ സംസ്‌കാരം പഠിപ്പിക്കുന്നതെന്നു ചോദിച്ച ശാരദക്കുട്ടി വീടും മുറ്റവും അടിച്ചു കഴുകി ചാണകം തളിച്ചതുകൊണ്ട് കാര്യമില്ല, വായും മനസ്സും കൂടി വൃത്തിയാക്കണമെന്നു പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

“വീടും മുറ്റവും അടിച്ചു കഴുകി ചാണകം തളിച്ചത് കൊണ്ട് മാത്രം കാര്യമില്ല. സ്വന്തം വായയും മനസ്സും വൃത്തിയാക്കുവാന്‍ ഒരു ചൂല് ഉള്ളില്‍ കരുതുന്നത് കൂടി നല്ലതാണ്.” അവര്‍ പറയുന്നു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

“വയസ്സായവരെ എല്ലാം തെക്കോട്ടെടുക്കണം എന്നാണോ ഭാരതീയ സംസ്‌കാരം പഠിപ്പിക്കുന്നത്? “കുറെകാലമായില്ലേ ഇനീ പോയി ചത്തൂടെ” എന്നൊക്കെയാണോ നിങ്ങള്‍ ഗുരുവന്ദനവും മാതൃവന്ദനവും കൊണ്ട് അര്‍ഥമാക്കുന്നത്?”

“വെളിവറ്റൊരഴുക്കു കുണ്ടില്‍ വീണളിവു ദുര്‍ജ്ജന പാപ ചേതന” എന്ന് കുമാരനാശാന്‍ എഴുതിയത് ശോഭാസുരേന്ദ്രന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സത്യമായി. വലിയ മാളങ്ങളില്‍ നിന്നിറങ്ങി വന്നു വിഷസര്‍പ്പങ്ങള്‍ വാ തുറന്നു വിഷം ചീറ്റിയിട്ടു തിരിയെ മാളങ്ങളിലേക്ക് പോകും. സമീപവാസികള്‍ വിഷവായു ശ്വസിച്ചു ശ്വാസം മുട്ടനുഭവിക്കും. വീടും മുറ്റവും അടിച്ചു കഴുകി ചാണകം തളിച്ചത് കൊണ്ട് മാത്രം കാര്യമില്ല. സ്വന്തം വായയും മനസ്സും വൃത്തിയാക്കുവാന്‍ ഒരു ചൂല് ഉള്ളില്‍ കരുതുന്നത് കൂടി നല്ലതാണ്.

We use cookies to give you the best possible experience. Learn more