| Sunday, 18th April 2021, 8:25 pm

'തൃശൂര്‍ ഞാന്‍ ഇങ്ങെടുക്കുവാ, ഇതെനിക്ക് വേണം'എന്ന് കൊവിഡ് പ്രഖ്യാപിക്കും, കൈവിട്ട കളിയാണിത്; തൃശൂര്‍ പൂരം നടത്തുന്നതില്‍ ശാരദക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂര്‍ പൂരം നടത്താനുള്ള തീരുമാനത്തിനെതിരെ എഴുത്തുകാരി ശാരദക്കുട്ടി. രണ്ടോ മൂന്നോ ദേവസ്വംകാരുടെ താത്പര്യം മാനിച്ചും പൂരക്കച്ചവടക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയും തൃശൂര്‍ പൂരം നടത്തരുതെന്നാണ് ശാരദക്കുട്ടി ആവശ്യപ്പെടുന്നത്.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ശാരദക്കുട്ടിയുടെ പ്രതികരണം. ജനലക്ഷങ്ങളുടെ ജീവന്‍ അപകടത്തിലാക്കരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ശാരദക്കുട്ടി ഫേസ്ബുക്കിലെഴുതി.

ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ ഇതെനിക്കുവേണം എന്ന് കൊവിഡ് പ്രഖ്യാപിക്കുന്നത് ദയവായി നമ്മള്‍ കേള്‍ക്കണം എന്നും കൈവിട്ട കളിയാണ് ഇതെന്നും ഭയമാകുന്നുണ്ടെന്നും അവര്‍ പോസ്റ്റിലൂടെ പങ്കുവെച്ചു.

കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് തൃശൂര്‍ പൂരം നടത്തുക എന്നത് പ്രാവര്‍ത്തികമല്ലെന്ന് കാണിച്ച് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും കൂട്ടമായി രംഗത്തെത്തിയിട്ടുണ്ട്. തൃശൂര്‍ പൂരം നടത്തുന്നതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ശാരദക്കുട്ടിയുടെ പോസ്റ്റ്.

സംസ്ഥാനത്ത് ഇന്ന് മാത്രം 18,217 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ മാത്രം 1780 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച യോഗം ചേരും. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസമാകുമെന്ന് ദേവസ്വങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡില്‍ കുംഭമേള നടത്തിയതിന് പിന്നാലെ നിരവധി പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും സമാനമായ സാഹചര്യം ഉണ്ടാവാന്‍ ഇടയുണ്ടെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍, സംവിധായകന്‍ ഡോ. ബിജു തുടങ്ങി നിരവധി പേര്‍ പൂരം നടത്താനുള്ള നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

രണ്ടോ മൂന്നോ ദേവസ്വംകാരുടെ താത്പര്യം മാനിച്ചും പൂരക്കച്ചവടക്കാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയും ജനലക്ഷങ്ങളുടെ ജീവന്‍ അപായത്തിലാക്കരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്.

‘ഈ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുകാ ഇതെനിക്കു വേണം’ എന്ന് കോവിഡ് പ്രഖ്യാപിക്കുന്നത് ദയവായി കേള്‍ക്കണം. കൈവിട്ട കളിയാണിത്. ഭയമാകുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Saradakkutty about Thrissur Pooram

We use cookies to give you the best possible experience. Learn more