കര്‍ണാടക: പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം ഘട്ട യോഗത്തിലെ ആദ്യ ദിനത്തില്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ പങ്കെടുക്കില്ല. ഇന്നും നാളെയുമായി ബെംഗളൂരുവിലാണ് രണ്ടാം ഘട്ട പ്രതിപക്ഷ യോഗം നടക്കുന്നത്. നാളെ നടക്കുന്ന യോഗത്തിലാണ് അദ്ദേഹം പങ്കെടുക്കുകയെന്ന് എന്‍.സി.പി വക്താവ് മഹേഷ് ഭാരേത് തപാസെ ട്വീറ്റ് ചെയ്തു.
‘എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ സാഹേബും എക്‌സിക്യൂട്ടീവ് പ്രസിഡന്റ് സുപ്രിയ സുലേയും ജൂലൈ 18 ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും,’ അദ്ദേഹം പറഞ്ഞു.
ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവോത്തും പവാര്‍ നാളെ പങ്കെടുക്കുമെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.
‘പട്‌ന യോഗത്തിന് ശേഷം ബെംഗളൂരുവില്‍ നടക്കുന്ന യോഗം വളരെ നിര്‍ണായകമാണ്. ശിവസേന പാര്‍ട്ടി നേതാവ് ഉദ്ദവ് താക്കറെ യോഗത്തില്‍ പങ്കെടുക്കും. ശരദ് പവാര്‍ യോഗത്തില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. യോഗത്തില്‍ പങ്കെടുക്കാന്‍ നാളെ തന്നെ പവാര്‍ ബെംഗളൂരുവിലെത്തും. അത്ര ഉറപ്പോട് കൂടിയാണ് ഞാനിത് പറയുന്നത്,’ അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കെതിരെയുള്ള വിശാല സഖ്യത്തിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം ഐക്യ യോഗം ഇന്ന് മുതലാണ് ബെംഗളൂരുവില്‍ നടക്കുന്നത്. താജ് വെസ്റ്റ്എന്‍ഡ് ഹോട്ടലില്‍ രണ്ട് ദിവസമാണ് യോഗം ചേരുന്നത്. നേരത്തെ പട്‌നയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയില്‍ ജൂണ്‍ 23ന് ചേര്‍ന്ന ആദ്യ യോഗത്തില്‍ 15 കക്ഷികള്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ ഇത്തവണത്തെ യോഗത്തില്‍ 24 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ പാര്‍ട്ടികളില്‍ നിന്ന് 49 നേതാക്കള്‍ ഇന്നത്തെ യോഗത്തില്‍ എത്തും എന്നാണ് കണക്കുകൂട്ടുന്നത്.
ദല്‍ഹി ഓര്‍ഡിനന്‍സ് എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ ആം ആദ്മി പാര്‍ട്ടിയും യോഗത്തിനെത്തും. കര്‍ണാടകയിലെ കോണ്‍ഗ്രസാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. വൈകീട്ട് ആറ് മുതല്‍ എട്ട് വരെയാണ് ആദ്യ യോഗം. തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരുക്കുന്ന വിരുന്നില്‍ നേതാക്കള്‍ പങ്കെടുക്കും.
നാളെയാണ് പ്രധാന യോഗം നടക്കുന്നത്. രാവിലെ 11 മുതല്‍ വൈകീട്ട് വരെ ഈ യോഗം തുടരും. പ്രതിപക്ഷ ഐക്യനിരയ്ക്ക് പേര് വേണമോ, ചെയര്‍മാനെ നിശ്ചയിക്കണോ എന്നൊക്കെയുള്ള കാര്യത്തില്‍ ഇന്നും നാളെയും നടക്കുന്ന ചര്‍ച്ചകളില്‍ തീരുമാനമാകും.
content highlights: sarad pawar will attend opposition meeting tomorrow