മുംബൈ: അദാനി-ഹിന്‍ഡന്‍ ബര്‍ഗ് വിവാദത്തില്‍ തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും, ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെ.പി.സി) അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തെ എതിര്‍ക്കില്ലെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായി തന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ശരദ് പവാര്‍ ഇക്കാര്യം പറഞ്ഞത്.
യു.എസ് ധനകാര്യ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിനെപ്പറ്റി മുമ്പ് കേട്ടിട്ടുണ്ടായിരുന്നില്ലെന്നും ഒരു പ്രത്യേക വ്യവസായ ഗ്രൂപ്പിനെ ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്നുമായിരുന്നു നേരത്തെ പവാര്‍ പറഞ്ഞിരുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തന്നെ ഉലയ്ക്കാന്‍ കാരണമായെന്നും പവാര്‍ അഭിപ്രായപ്പെട്ടിരുന്നു.
മഹാരാഷ്ട്രയിലെ മഹാവികാസ് അഖാടി സഖ്യത്തില്‍ അംഗങ്ങളായ ഉദ്ധവ് താക്കറെ പക്ഷ ശിവസേനയും എന്‍.സി.പിയും അദാനി വിഷയത്തില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചത് ചര്‍ച്ചയായിരുന്നു.
മഹാവികാസ് അഖാടി സഖ്യത്തിലെ അംഗങ്ങളായ കോണ്‍ഗ്രസും ശിവസേനയും അദാനി വിഷയത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നതിനിടെ അദാനിയെ അനുകൂലിച്ച് ശരദ് പവാര്‍ രംഗത്തെത്തിയതാണ് ചര്‍ച്ചക്ക് വഴിവെച്ചത്. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന പ്രതിഷേധങ്ങളില്‍ എന്‍.സി.പി സജീവമായി പങ്കെടുക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ചില നിലപാടുകളില്‍ തനിക്ക് വിയോജിപ്പുണ്ടാകാമെന്നും എന്നാല്‍ അത് ബി.ജെ.പിയെ സഹായിക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ടല്ലെന്നുമാണ് ഇപ്പോള്‍ പവാര്‍ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശിവസേന വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയപ്പോഴും ശരദ് പവാര്‍ മറ്റൊരു വിധത്തിലാണ് ഇതിനോട് പ്രതികരിച്ചത്. രാജ്യത്ത്, ജനങ്ങളെ ബാധിക്കുന്ന മറ്റനേകം കാര്യങ്ങളുള്ളപ്പോള്‍ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത വലിയ ചര്‍ച്ചയാക്കേണ്ടതില്ല എന്നായിരുന്നു പവാറിന്റെ നിലപാട്.
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിന്റെ പുറത്തും മഹാവികാസ് അഖാഡി സഖ്യത്തില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നിരുന്നു. സവര്‍ക്കര്‍ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളില്‍ ശിവസേന നേതൃത്വം കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. കടുത്ത ഹിന്ദുത്വ ബോധവും മുസ്‌ലിം വിരുദ്ധതയും മാറ്റി നിര്‍ത്തിയാല്‍ സവര്‍ക്കറില്‍ അംഗീകരിക്കേണ്ടതായ ഗുണങ്ങളുണ്ടെന്നാണ് പവാറിന്റെ നിലപാട്. സവര്‍ക്കറെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന നിലപാടാണ് ശിവസേനയുടേത്. സവര്‍ക്കറിന് ഭാരതരത്‌ന നല്‍കണമെന്ന അഭിപ്രായം പോലും ഉയര്‍ത്തുന്ന പാര്‍ട്ടിയാണ് ശിവസേന.
Content Highlights: Sarad pawar says he dont oppose JPC probe against Adani