| Tuesday, 4th June 2024, 3:16 pm

സര്‍ക്കാര്‍ രൂപീകരണത്തിന് കരുക്കള്‍ നീക്കി ഇന്ത്യാസഖ്യം; നീതിഷിനേയും ചന്ദ്രബാബു നായിഡുവിനേയും വിളിച്ച് ശരദ് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് കടക്കവേ സര്‍ക്കാര്‍ രൂപീകരണത്തിനായി കരുക്കള്‍ നീക്കി ഇന്ത്യാ സഖ്യത്തിന്റെ നേതാക്കള്‍.

ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിനേയും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിനേയും എന്‍.സി.പി നേതാവ് ശരദ് പവാര്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിന് ഇരുവരുടേയും നിലപാട് നിര്‍ണായകമായിരിക്കെയാണ് ഇന്ത്യാ സഖ്യത്തിന് വേണ്ടിയുള്ള പവാറിന്റെ ഇടപെടല്‍.

അതേസമയം മോദിയും അമിത് ഷായും ഇരുവരേയും വിളിച്ചതായും സൂചനകളുണ്ട്. അമിത് ഷാ ചന്ദ്രബാബു നായിഡുവുമായും നിതീഷുമായും സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി സഖ്യം തുടരുമെന്ന് ജെ.ഡി.യു അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് നിതീഷും ചന്ദ്രബാബു നായിഡുവും എന്‍.ഡി.എയുടെ ഭാഗമായത്. എച്ച്.ഡി കുമാരസ്വാമിയോട് നാളെ ദല്‍ഹിയിലെത്താന്‍ അമിത് ഷാ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഇന്ന് വൈകീട്ട് ഇന്ത്യാ നേതാക്കള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

എന്‍.ഡി.എക്കെതിരെ ഇന്ത്യാ സഖ്യം കടുത്ത മത്സരം കാഴ്ചവെച്ചതിനാലും ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാത്തതിനാലും നീതിഷിന്റേയും ചന്ദ്രബാബു നായിഡുവിന്റേയും നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ ഏറെ നിര്‍ണായകമാകും. ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയും ചന്ദ്രബാബു നായിഡുവിന് എന്‍.ഡി.എ കണ്‍വീനര്‍ സ്ഥാനവും ബി.ജെ.പി വാഗ്ദാനം ചെയ്തതായി സൂചനകളുണ്ട്.

നിലവില്‍ 237 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 97 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 35 സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടിയും 30 സീറ്റുകളില്‍ ത്രിണമൂല്‍ കോണ്‍ഗ്രസും 21 സീറ്റുകളില്‍ ഡി.എം.കെയും 16 സീറ്റുകളില്‍ ടി.ഡി.പിയും 14 സീറ്റുകളില്‍ ജെ.ഡി.യുവും 11 സീറ്റുകളില്‍ ശിവസേന ഉദ്ധവ് വിഭാഗവും ഏഴ് സീറ്റുകളില്‍ എന്‍.സി.പി ശരദ് ചന്ദ്രപവാര്‍ പാര്‍ട്ടിയുമാണ് മുന്നേറുന്നത്.

15 സീറ്റുകള്‍ വരെ പ്രതീക്ഷിക്കുന്ന ജെ.ഡി.യുവിനെ ഒപ്പം നിര്‍ത്താന്‍ ഇന്ത്യാ സഖ്യത്തിനായാല്‍ അത് ബി.ജെ.പിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും. മാത്രമല്ല പ്രാദേശിക പാര്‍ട്ടികളുമായുള്ള ചര്‍ച്ചയ്ക്കും കോണ്‍ഗ്രസിന് ഇത് ശക്തി പകരും. ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തുടങ്ങിയവരുടെ കൂടി പിന്തുണ ഉറപ്പാക്കാനായാല്‍ ഇന്ത്യാ സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരണം എളുപ്പമാകും.

We use cookies to give you the best possible experience. Learn more