മുംബൈ: 2024ലെ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളെയും നേതാക്കളെയും ഭീഷണിയായാണ് ബി.ജെ.പി കണക്കാക്കുന്നതെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. അതുകൊണ്ടാണ് എന്‍.സി.പി പോലുള്ള പാര്‍ട്ടികളില്‍ പിളര്‍പ്പുണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘പ്രാദേശിക പാര്‍ട്ടികളെ പിളര്‍ക്കാന്‍ ബി.ജെ.പി അവരുടെ എല്ലാ വിഭവങ്ങളും ഉപയോഗിക്കുന്നു. ഈ പാര്‍ട്ടികള്‍ കാരണം വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറത്ത് ബി.ജെ.പിയെ വളര്‍ത്താന്‍ അവര്‍ പാടുപെടുന്നുണ്ട്.
ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നത് വലിയ വെല്ലുവിളിയാണ്. ഇത് എളുപ്പമുള്ള ജോലിയല്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ മനസിലാക്കേണ്ടതുണ്ട്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കണമെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണം,’ അദ്ദേഹം പറഞ്ഞു.
എന്നാല്‍ പ്രാദേശിക രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ അവഗണിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഉദാഹരണത്തിന് പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും, കോണ്‍ഗ്രസും എതിരാളികളാണ്. അതുകൊണ്ട് തന്നെ ബി.ജെ.പിക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ എളുപ്പത്തില്‍ അവര്‍ക്ക് സാധിക്കില്ല. ഇതേ പ്രശ്‌നം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ പ്രായോഗികമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഐക്യത്തിന് കൂടി നമ്മള്‍ ശ്രമിക്കേണ്ടതുണ്ട്. വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് നമ്മള്‍ തയ്യാറെടുക്കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.
ഈ മാസം ആദ്യമായിരുന്നു എന്‍.സി.പിയെ പിളര്‍ത്തി പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഏറെ നാളായി എന്‍.സി.പിയില്‍ തുടരുന്ന അധികാര തര്‍ക്കമായിരുന്നു പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചത്.
അതേസമയം വെള്ളിയാഴ്ച ശരദ് പവാറിന്റെ വസതിയില്‍ ചെന്ന് മരുമകന്‍ കൂടിയായ അജിത് പവാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഉപമുഖ്യമന്ത്രിയായതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. പിന്നാലെ കഴിഞ്ഞ ദിവസവും അജിത് പവാര്‍ അദ്ദേഹത്തിന്റെ കൂടെയുള്ള മന്ത്രിമാരോടൊപ്പം ശരദ് പവാറിനെ സന്ദര്‍ശിച്ചിരുന്നു.
ഹസന്‍ മുഷ്‌റിഫ്, ഛഗന്‍ ഭൂജ്്ബല്‍, അതിഥി തത്കരെ, ദിലീപ് വല്‍സെ പട്ടീല്‍ എന്നീ മന്ത്രിമാരാണ് വൈ.ബി. ചവാന്‍ സെന്ററില്‍ അജിത് പവാറിനൊപ്പം ശരദ് പവാറിനെ സന്ദര്‍ശിക്കാനെത്തിയത്.
തങ്ങളുടെ ‘ആരാധനാപാത്രമായ’ പവാറിനെ കണ്ട് അനുഗ്രഹം തേടാനാണ് അദ്ദേഹത്തെ അറിയിക്കാതെ തന്നെ സന്ദര്‍ശനത്തിന് വന്നതെന്ന് പ്രഫുല്‍ പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഞങ്ങളുടെ ആരാധനാപാത്രമായ ശരദ് പവാറിനെ കാണാനാണ് ഞങ്ങള്‍ വന്നത്. എന്‍.സി.പി ഐക്യത്തോടെ നില്‍ക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ഇത് പരിഗണിക്കണമെന്നും ഞങ്ങളെ നയിക്കണമെന്നും അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഒന്നിനും പ്രതികരിക്കാതെ അദ്ദേഹം എല്ലാം കേട്ട് നിന്നു,’ പട്ടേല്‍ പറഞ്ഞു.
content highlights: sarad pawar about bjp