| Thursday, 2nd May 2013, 5:02 pm

സരബ്ജിത്ത് സിങ്ങിന്റെ മൃതദേഹം ഇന്ത്യക്ക് കൈമാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍ : ഇന്ന് വെളുപ്പിന് ഒരു മണിക്ക് മരിച്ച സരബ്ജിത്ത് സിങ്ങിന്റെ മൃതദേഹം പാക്കിസ്ഥാന്‍ ഇന്ത്യക്ക്  കൈമാറി.  പാക് ജയിലില്‍ സഹതടവുകാരുടെ ക്രൂരമായ മര്‍ദ്ദനമേറ്റാണ് സരബ്ജിത്ത് സിങ്ങ് മരിച്ചത്.

പ്രത്യേക വിമാനത്തില്‍ മൃതദേഹം ഉടനെ അമൃത് സറില്‍ എത്തിക്കും. ലാഹോറിലെ ജിന്ന ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സരബ് ജിത്ത് സിങ്ങ്
ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ്  സരബ് ജിത്തിനെ ചികിത്സിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ അധ്യക്ഷന്‍ മഹ്മൂദ് ഷൗക്കത്ത് പറഞ്ഞത്.[]

വെളുപ്പിന് തന്നെ ഈ വിവരം പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമ്മീഷനെ അറിയിച്ചു. എന്നാല്‍ , സരബ് ജിത്തിന്റെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് സംബന്ധിച്ചോ ഭൗതികശരീരം ഇന്ത്യയ്ക്ക് വിട്ടുനല്‍കുന്നത് സംബന്ധിച്ചോ തീരുമാനമായിട്ടില്ലെന്ന് ആസ്പത്രികേന്ദ്രങ്ങള്‍ പറഞ്ഞു.

സരബ് ജിത്തിന് ഇന്ത്യയില്‍ നിന്നുള്ള വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കണമെന്ന് അദ്ദേഹത്തെ ആസ്പത്രിയില്‍ സന്ദര്‍ശിച്ച ഭാര്യയും സഹോദരിയും മക്കളും ആവശ്യപ്പെട്ടിരുന്നു. ഇവര്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. സരബ് ജിത്തിനുവേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അതിനുവേണ്ടി നിരാഹാര സമരം നടത്തുമെന്നും സഹോദരി ദല്‍ബിര്‍ കൗര്‍ ബുധനാഴ്ച പറഞ്ഞിരുന്നു.

ജിന്ന ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സരബ് ജിത്തിന്റെ ജീവന്‍ രക്ഷിക്കാനാവില്ലെന്ന് ബുധനാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഹൃദയമിടിപ്പ് ഉണ്ടെങ്കിലും തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്ന് ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അതീവ സുരക്ഷാസംവിധാനമുള്ള ലാഹോറിലെ ലഖ്പത് ജയിലില്‍ വച്ച് ആറ് തടവുകാര്‍ സരബ് ജിത്തിനെ ആക്രമിച്ചത.്  ഇതില്‍ രണ്ടുപേരെ മാത്രമാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്.

ലാഹോറില്‍ സ്‌ഫോടനം നടത്തിയതിന് സരബ് ജിത്തിനോട് പക വീട്ടുകായിരുന്നുവെന്നാണ് പിടിയിലായ തടവുകാര്‍ പോലീസിന് മൊഴി നല്‍കിയത്. ജയിലില്‍ സരബ് ജിത്തിന് വേണ്ടത്ര സുരക്ഷ ഉണ്ടായിരുന്നില്ലെന്നാണ് ഈ സംഭവം തെളിയിച്ചത്. സരബ് ജിത്തിനെതിരെ നടന്ന ആക്രമണം ഗൂഢാലോചനയുടെ ഫലമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

1990 ല്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ 14 പേരുടെ മരണത്തിന് ഇടയാക്കി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് പാകിസ്താന്‍ സരബ് ജിത്തിനെ പിടികൂടി തടവിലിട്ടത്.

പിന്നീട് വധശിക്ഷ വിധിച്ചു. അതിനു ശേഷം വിവിധ ജയിലുകളിലായി 22 വര്‍ഷം തടവുശിക്ഷ അനുഭവിച്ച സരബ്ജിത്ത് നല്‍കിയ ദയാഹര്‍ജി പാകിസ്താനിലെ വിവിധ കോടതികളും മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫും തള്ളിയിരുന്നു.

പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതൃത്വം നല്‍കിയ സര്‍ക്കാരാണ് 2008 ല്‍ സരബ് ജിത്തിന്റെ വധശിക്ഷ അനിശ്ചിതമായി നീട്ടിവച്ചത്.

We use cookies to give you the best possible experience. Learn more