[] അട്ടാരി: പാക് ജയിലില്‍ കൊല്ലപ്പെട്ട സരബ്ജിത്ത് ജയിലില്‍ ഉപയോഗിച്ച വസ്തുക്കള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചു. ഖുര്‍ആന്‍ ഉള്‍പ്പെടെ 36 വസ്തുക്കളാണ് മൂന്ന് കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ നിറച്ച് കഴിഞ്ഞ ദിവസം പാക് അധികൃതര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നാരായണ സിങിന് കൈമാറിയത്.
സരബ്ജിത്തിന്റെ വിധവ സുഖ്പ്രീത് കൗര്‍,മക്കളായ പൂനം, സ്വപന്‍ ദീപ് കൗര്‍, സഹോദരി തല്‍ബീര്‍ കൗര്‍ എന്നിവര്‍ വാഗാ അതിര്‍ത്തിയില്‍ വച്ചാണ് വസ്തുക്കള്‍ ഏറ്റുവാങ്ങിയത്.
സരബ്ജിത്ത് ജയിലില്‍ ഉപയോഗിച്ചിരുന്ന വെളുത്ത വസ്ത്രമായിരുന്നു വസ്തുക്കളിലേറെയും. അതേസമയം സരബ്ജിത്ത് ഉപയോഗിച്ചിരുന്ന എല്ലാ വസ്തുക്കളും തിരികെ ലഭിച്ചിട്ടില്ലെന്ന് സഹോദരി ദല്‍ബീര്‍ കൗര്‍ ആരോപിച്ചു.
സരബ്ജിത്ത് ഉപയോഗിച്ചിരുന്ന ഗുത്ക(സിഖ് മതഗ്രന്ഥം) യും അദ്ദേഹം സ്ഥിരമായി എഴുതിയിരുന്ന ഡയറിയും ലഭിച്ചിട്ടില്ലെന്നും ഡയറി വിട്ടുകിട്ടുംവരെ തനിക്ക് വിശ്രമമില്ലെന്നും അവര്‍ പറഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ പാകിസ്ഥാന്റെ സ്വരൂപം തുറന്ന് കാണിക്കാന്‍ ഉപയോഗപ്പെടുന്ന ഡയറിയാണ് അത്. തനിക്കും ഇന്ത്യക്കാരായ സഹതടവുകാര്‍ക്കും പാക് ജയിലില്‍ അനുഭവിക്കേണ്ടി വന്ന യാതനകള്‍ സരബ്ജിത്ത് ഡയറിയില്‍ കുറിച്ചിട്ടുണ്ടെന്നും ദല്‍ബീര്‍ കൗര്‍ പറഞ്ഞു.
തന്റെ സഹോദരനെ ക്രൂരമായി വധിച്ചതിലൂടെ തന്നോടും കുടുംബത്തോടും ചെയ്ത ചതി ഡയറിയുടെ കാര്യത്തിലും പാക്കിസ്താന്‍ ആവര്‍ത്തിക്കുകയാണെന്നും ദല്‍ബീര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മെയിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുകയായിരുന്ന സബ്ജിത്ത് സഹതടവുകാരുടെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ 1990ല്‍ 14 പേര്‍ കൊല്ലപ്പെട്ട ബോംബാക്രമണത്തില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു പാക് കോടതി സരബ്ജിത്തിന് വധശിക്ഷ വിധിച്ചത്.