ചണ്ഡീഗഡ്: പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത്ത് സിങ്ങിന്റെ അഭിഭാഷകനെയും മകനെയും തട്ടിക്കൊണ്ടുപോയി.
അഭിഭാഷകനായ അവൈസ് ഷേക്കിനെയും മകനെയുമാണ് തട്ടിക്കൊണ്ടുപോയത്. ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പാക്കിസ്ഥാന്‍ ഗ്രാമത്തില്‍നിന്നാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.[]
എന്നാല്‍ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരൊക്കെയാണെന്ന കാര്യം വ്യക്തമല്ല. ഇവരെ തട്ടിക്കൊണ്ടുപോയതിന് പിന്നിലുള്ള ലക്ഷ്യം അറിയില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സരബ്ജിത് ജയിലില്‍ കഴിയുന്ന സമയത്ത് അഭിഭാഷകന് ഭീകര സംഘടനയായ തെഹ്‌രിക താലിബാനില്‍ നിന്ന് വധഭീഷണിയുണ്ടായിരുന്നു.
സരബ്ജിത്തിന് വേണ്ടി ഹാജരാകുന്ന കേസില്‍ നിന്ന് പിന്‍മാറണമെന്നായിരുന്നു അന്നത്തെ ആവശ്യം. പിന്മാറിയില്ലെങ്കില്‍ മക്കളെയും വധിക്കുമെന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.
സരബ്ജിത് സിങ് ഉള്‍പ്പെട്ട സംഘം നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ കുടുംബാംഗങ്ങളെ മുഴുവന്‍ നഷ്ടപ്പെട്ടയാളാണ് താനെന്ന് കത്തില്‍ പരിചയപ്പെടുത്തിയിരുന്നു.
1990 ല്‍ പാക്കിസ്ഥാനിലുണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടായിരുന്നു സരബ്ജിത് സിങ് അറസ്റ്റിലാകുന്നത്. 14 പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.