പാക്കിസ്ഥാന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞിരുന്ന ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത്ത് സിങ്ങിന്റെ ആക്‌സമിക മരണം രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് തങ്ങളുടെ രാജ്യസ്‌നേഹം എത്രത്തോളമുണ്ടെന്ന് പൊതുജനങ്ങള്‍ക്ക് കാണിച്ചുതരാനുള്ള അവസരമായി ഉപയോഗിക്കുകയായിരുന്നു.
സരബ്ജിത്തിന്റെ പഴയകാല ജീവിതം മുതല്‍ പാക് ജയിലിലെ അദ്ദേഹത്തിന്റെ അന്ത്യനാളുകള്‍ വരെ മാധ്യമങ്ങള്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ ഭംഗിയായി കാണിച്ചു.
പഞ്ചാബിലെ കര്‍ഷകനായിരുന്ന സരബ്ജിത്ത് സിങ് മദ്യപിച്ച് അബദ്ധത്തിലാണ് അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തുന്നത്. പിന്നീട് ഒരു വര്‍ഷത്തേക്ക് സരബ്ജിത്ത് സിങ്ങിനെ കുറിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു വിവരവുമില്ലായിരുന്നു.[]
കാണാതായി ഒരു വര്‍ഷത്തിന് ശേഷം സരബ്ജിത്ത് സിങ്ങിന്റെ കത്ത് കുടുംബത്തിന് ലഭിച്ചു. അറിയാതെ അതിര്‍ത്തി കടന്നതും ഇതിന്റെ പേരില്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായതും അതിന് ശേഷം 1991ലെ ലാഹോറിലും ഫൈസലാബാദിലും 14 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തില്‍ പ്രതിയായതും അങ്ങനെയാണ് കുടുംബം അറിയുന്നത്.
തീവ്രവാദ ആക്രമണക്കേസില്‍ 1991 ല്‍ പാക് സര്‍ക്കാര്‍ സരബ്ജിത്ത് സിങ്ങിന് വധശിക്ഷ വിധിച്ചു. എന്നാല്‍ ദയാഹരജി സമര്‍പ്പിച്ചതും വധശിക്ഷ നടത്തുന്നത് നീട്ടിവെച്ചതും മൂലം കഴിഞ്ഞ 22 വര്‍ഷമായി അദ്ദേഹം പാക്കിസ്ഥാന്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു.
പാക്കിസ്ഥാന്‍ നിയമപ്രകാരം ജീവപര്യന്തം തടവ് 14 വര്‍ഷമാണ്. അങ്ങനെയാണെങ്കില്‍ സരബ്ജിത്ത് സിങ് ഇതിനകം “ഒന്നര” ജീവപര്യന്തം തടവ് അനുഭവിച്ച് കഴിഞ്ഞു! കഴിഞ്ഞ വര്‍ഷം സരബ്ജിത്ത് സിങ്ങിനെ പുറത്തിറക്കുക എന്ന പേരില്‍ കേന്ദ്ര സര്‍ക്കാറിന്റെ വക ഒരു ഗംഭീര നാടകവും അരങ്ങേറിയിരുന്നു.
2013 ഏപ്രില്‍ 26 ന് സഹതടവുകാരുടെ മര്‍ദ്ദനമേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സരബ്ജിത്ത് സിങ് മസ്തിഷ്‌കാഘാതം മൂലം മരണപ്പെട്ടപ്പോള്‍ പ്രതീക്ഷിച്ചത് പോലെ ഇന്ത്യയുടെ ദേശീയ വികാരം ഉണര്‍ന്നു. പരമ്പരാഗത വൈരികളായ പാക്കിസ്ഥാനോടുള്ള പക പഴയതിലധികം പുകഞ്ഞുപൊന്തി.
സരബ്ജിത്ത് സിങ്ങിന് നേരെ ആക്രമണമുണ്ടായതു മുതലുള്ള ഓരോ ചെറിയ സംഭവവും മുഖ്യധാര മാധ്യമങ്ങളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടെ പേജുകളില്‍ ഷേര്‍ ചെയ്തിരുന്നു. തീര്‍ച്ചയായും വാര്‍ത്തകള്‍ അറിയിക്കുക തന്നെ വേണം. അതിനെ ഒരിക്കലും കുറ്റപ്പെടുത്തിന്നില്ല.
പക്ഷെ വാര്‍ത്തകളെ വിവാദമാക്കുകയും ഇത്തരത്തില്‍ പകയും വിദ്വേഷവും പരത്തുന്നതിന്റെ യഥാര്‍ത്ഥ വില നല്‍കേണ്ടിവരുന്നത് ഇരു രാജ്യത്തേയും സാധാരണക്കാരാണെന്ന് ഇവരെന്തുകൊണ്ട് മനസ്സിലാക്കുന്നില്ല.
ഇത്തരത്തിലുള്ള ഓരോ പരാമര്‍ശവും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന് മാധ്യമങ്ങള്‍ ഓര്‍ക്കുന്നില്ലേ, അതോ കച്ചവടവത്കരണത്തിന്റെ ഭാഗമായി അവര്‍ ആഗ്രഹിക്കുന്നതും അതുതന്നെയാണോ?
അതെന്തുമാകട്ടെ, പാക്കിസ്ഥാന്‍ ജയിലില്‍ ഇന്ത്യന്‍ തടവുകാരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഉയര്‍ന്നുവന്ന ദേശസ്‌നേഹികളും മനുഷ്യസ്‌നേഹികളും ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ കൂടി ഒന്ന് ശ്രദ്ധിക്കുക,
ആയിരക്കണക്കിന് ആളുകളാണ് ഇന്ത്യന്‍ തടവറകളില്‍ നരകയാതനയനുഭവിച്ച് മരണപ്പെടുന്നതും ബലാത്സംഗങ്ങളടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നതും.
ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് പുറത്തുവിട്ട “ടോര്‍ച്ചര്‍ ഇന്‍ ഇന്ത്യ 2011” എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്, ഇന്ത്യയില്‍ 2001 നും 2010 നുമിടയില്‍ 14,231 ആളുകളാണ് പോലീസ് – ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടത്. അതായത് ഒരു ദിവസം നാലില്‍ കൂടുതല്‍ പേര്‍ ഇന്ത്യന്‍ തടവറകളില്‍ മരണപ്പെടുന്നുവെന്ന് വാസ്തവം.
ഇതില്‍ 1,504 പേര്‍ പോലീസ് കസ്റ്റഡിയിലും 12,727 പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലും മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ദേശീയമനുഷ്യാവകാശ കമ്മീഷനോട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ നിലവിലുണ്ട്.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അസ്വാരസ്യം ഇത്തരം ചര്‍ച്ചകളെയും സ്വാഭാവികമായും ബാധിച്ചിരുന്നു. തടവുകാരുടെ എണ്ണം കുറക്കുന്നതിന് വേണ്ടി രൂപീകരിച്ച റിട്ടയേര്‍ഡ് ജഡ്ജ്മാരുടെയും നയതന്ത്ര പ്രതിനിധികളുടെയും കമ്മിറ്റി അവസാന രണ്ട് വര്‍ഷം മൂന്ന് പ്രാവശ്യം മാത്രമാണ് ചര്‍ച്ച നടത്തിയത്. പാവപ്പെട്ട തടവുകാരുടെ കാര്യത്തിലുള്ള ഭരണകൂടത്തിന്റെ താത്പര്യം ഇതില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.
ഇതിനിടയില്‍ സരബ്ജിത്തിന്റെ ദൗര്‍ഭാഗ്യകരമായ മരണം വേദനാജനകമാണ്. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതിന് സരബ്ജിത്തിന്റെ മരണം കാരണമായേക്കാം.
സരബ്ജിത്തിന്റെ മരണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആവശ്യം. ആവശ്യം തികച്ചും ന്യായമാണ്. പാക്കിസ്ഥാന്റെ പ്രവൃത്തി മറക്കാനും പൊറുക്കാനും കഴിയാത്തതാണെന്നും ആക്ഷേപങ്ങള്‍ മന്ത്രിതലത്തില്‍ തന്നെ ഉയര്‍ന്നുവന്നിരിക്കുകയാണ് ഇപ്പോള്‍.
പക്ഷേ, ഇവരൊക്കെ മറന്നുപോയതോ മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നതോ ആയ ഒന്നുണ്ട്, കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ തടവില്‍ മരണപ്പെട്ടത് മൂന്ന് പാക്കിസ്ഥാന്‍ തടവുകാരാണ്. യുവാും സംശയത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലുമായ വ്യക്തിയുടെ മരണം സരബ്ജിത്തിന്റേതുപോലെ, ഇന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രകടിപ്പിച്ച അതേ രോഷപ്രകടനങ്ങള്‍ അന്ന് പാക് മാധ്യമങ്ങളും പ്രകടിപ്പിച്ചിരുന്നു. ശരിയായ അവസരവാദമായ ഇത്തരം പ്രവൃത്തികൊണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ലെന്നത് മറ്റൊരു കാര്യം.
സരബ്ജിത്ത് സിങ്ങിന്റെ മരണം ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് ബി.ജെ.പി പോലുള്ള വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളാണ്. ബി.ജെ.പി തങ്ങളുടെ വേഷം കൃത്യമായി ചെയ്തു. പാക്കിസ്ഥാന്റെ പതാക കത്തിച്ചും മറ്റും ഇവര്‍ തങ്ങളുടെ മാതൃരാജ്യ സ്‌നേഹവും വേണ്ടുവോളം പ്രകടിപ്പിച്ചു.
പക്ഷേ, ഏറെ രസകരമെന്തെന്ന് വെച്ചാല്‍ ഇരുരാജ്യങ്ങളും പരസ്പരം ശത്രുക്കളാണെന്ന് പറയുന്നതും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതും ഇവിടങ്ങളിലെ ഭരണകൂടങ്ങളും കോര്‍പ്പറേറ്റുകളും രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ താത്പര്യങ്ങള്‍ക്ക് കുട പിടിക്കുന്ന മാധ്യമങ്ങളുമാണ്. ഇവിടങ്ങളിലെ സാധാരണക്കാര്‍ ഒരിക്കല്‍ തങ്ങളുടെ ശത്രുക്കളായി അയല്‍രാജ്യത്തെ കണ്ടിട്ടില്ല.
ഇരുരാജ്യങ്ങളുടേയും യഥാര്‍ത്ഥ ശത്രു അപകടകരമാം വിധം വര്‍ധിച്ചുവരുന്ന യുദ്ധവെറിയാണ്. ഈ പാഠമാണ് നാം പഠിക്കേണ്ടത്. ഇരകളെ ഉയര്‍ത്തിപ്പിടിച്ച് ഇവിടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ചില താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മുതലെടുപ്പ് നടത്തുകയാണെന്ന് ജനം മനസ്സിലാക്കേണ്ടതുണ്ട്. അല്ലാതെ പാക്കിസ്ഥാന്റെ പതാക കത്തിച്ചോ അവര്‍ക്കെതിരെ ആക്രമണം നടത്തിയോ അല്ല ദേശസ്‌നേഹം പ്രകടിപ്പിക്കേണ്ടത്.
ഇന്ത്യാലേറ്റസ്റ്റ് പ്രസിദ്ധീകരിച്ചത്.