| Wednesday, 8th February 2023, 8:14 pm

ബയോളജി ക്ലാസില്‍ റോയല്‍ ചലഞ്ചേഴ്‌സിനെന്താ കാര്യം? വൈറലായി സാറ ടെന്‍ഡുല്‍ക്കറുടെ സ്‌റ്റോറി

സ്പോര്‍ട്സ് ഡെസ്‌ക്

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ഐ.പി.എല്‍ ടീമുകളിലൊന്നാണ് വിരാട് കോഹ്‌ലിയുടെ സ്വന്തം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. കപ്പടിച്ചില്ലെങ്കിലും ആര്‍.സി.ബിക്ക് ആരാധകരേറെയാണ്.

ആര്‍.സി.ബിയെ കുറിച്ച് സാറ ടെന്‍ഡുല്‍ക്കര്‍ പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ടീമിനെ വൈറലാക്കിയിരിക്കുന്നത്. സംഭവം ഒരു കുഞ്ഞ് അബദ്ധമാണ്.

പഠിക്കുന്ന പുസ്തകത്തില്‍ ആര്‍.ബി.സി(റെഡ് ബ്ലഡ് സെല്‍സ്) എന്നതിന് പകരം ആര്‍.സി.ബി എന്ന് താന്‍ വീണ്ടും വീണ്ടും തെറ്റിയെഴുതുന്നുവെന്നാണ് സാറ ഇന്‍സ്റ്റാ സ്‌റ്റോറിയില്‍ പറഞ്ഞത്. തെറ്റിയെഴുതുന്നതിന്റെ ഫോട്ടോയും സാറ ഇതോടൊപ്പം പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്‍സ്റ്റാ യൂസേഴ്‌സും ആര്‍.സി.ബി ഫാന്‍സും സാറയുടെ സ്റ്റോറിക്ക് റിയാക്ഷനുമായി എത്തിയത്. സ്റ്റോറിയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ മറ്റ് സമൂഹമാധ്യമങ്ങളിലും വൈറലായി.

കപ്പടിച്ചില്ലെങ്കിലും പ്രകടനം കൊണ്ട് ആരും ആര്‍.സി.ബിയുടെ ഫാനായി പോകുമെന്നാണ് ചിലരുടെ കമന്റ്. ക്രിക്കറ്റിനൊപ്പം പഠനത്തിലും ശ്രദ്ധ വേണമെന്ന ഉപദേശവുമായും ചിലര്‍ എത്തുന്നുണ്ട്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മുംബൈ ഇന്ത്യന്‍സുമായി ചാമ്പ്യന്‍സ് ലീഗില്‍ ആര്‍.സി.ബി ഏറ്റുമുട്ടിയത് ഓര്‍മിപ്പിച്ചെത്തുന്നവരുടെ എണ്ണവും കുറവല്ല. 2011ലെ ലീഗില്‍ ഹര്‍ഭജന്‍ സിങ് നയിച്ച മുംബൈ ഇന്ത്യന്‍സിനോട് പരാജയം ഏറ്റുവാങ്ങാനായിരുന്നു ഡാനിയല്‍ വെറ്റോറിയുടെ ആര്‍.സി.ബിയുടെ വിധി.

എല്ലാ വര്‍ഷവും വെടിക്കെട്ട് ബാറ്റര്‍മാരുമായി കളത്തിലിറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ഐ.പി.എല്ലില്‍ മൂന്ന് തവണ ഫൈനലിലെത്തിയിരുന്നു. പക്ഷെ കുന്നോളം പ്രതീക്ഷ നല്‍കിയതല്ലാതെ കിരീടം ചൂടാന്‍ മാത്രം ടീമിനായിട്ടില്ല.

2023ലെ എഡിഷനില്‍ ഈ കിരീട ക്ഷാമത്തിന് പരിഹാരമുണ്ടാക്കുമെന്ന ഉറപ്പോടെയാണ് ടീമിനെ മാനേജ്‌മെന്റ് ഒരുക്കാന്‍ ശ്രമിക്കുന്നത്. മിനി ലേലത്തില്‍ ഏറ്റവും മികച്ച താരങ്ങളെ തന്നെ ടീമിലെത്തിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസവും മാനേജ്‌മെന്റിനുണ്ട്.

വിരാട് കോഹ്‌ലിക്ക് പകരം ശേഷം ഫാഫ് ഡു പ്ലെസിസാണ് ഇപ്രാവശ്യം ആര്‍.സി.ബിയുടെ ക്യാപ്റ്റനായി എത്തുന്നത്. എസ്.എ ടി-ട്വന്റിയില്‍ കിടിലന്‍ പ്രകടനം പുറത്തെടുക്കുന്ന ഫാഫ് ഡു പ്ലെസിസില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.

Content Highlight: Sara Tendulkar’s funny instagram story about Royal Challengers Bengaluru

We use cookies to give you the best possible experience. Learn more