പേര് സൂചിപ്പിക്കും പോലെ സാറാസ് സാറയുടെ കഥയാണ്. Sara എന്നതിനപ്പുറത്ത് ഒരു ‘s എന്നെഴുതി Sara’s എന്ന് ഇംഗ്ലിഷില്‍ എഴുതിയിരിക്കുന്നതിലൂടെ തന്നെ, സാറയുടെ ജീവിതത്തിനും സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ശരീരത്തിനും മേല്‍ പൂര്‍ണ്ണ അവകാശം സാറക്ക് തന്നെയാണെന്ന് സിനിമ പറയുകയാണ്.
ഏറെ പ്രധാനപ്പെട്ട ഒരു വിഷയത്തെ, സുപരിചിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് സാറാസ്. ഒരു വശത്ത് ഗര്‍ഭിണിയാകല്‍, കുട്ടികള്‍, പാരന്റിംഗ്, കുടുംബം, ബന്ധുജനങ്ങള്‍ എന്നിവയും അപ്പുറത്ത് സ്വന്തം ജീവിതം, സ്വപ്‌നം, ശരീരം, താല്‍പര്യം എന്നിവ വരുമ്പോള്‍ സ്ത്രീകള്‍ കടന്നുപോകുന്ന സംഘര്‍ഷങ്ങളും ചിത്രം വ്യക്തതയോടെ സംസാരിക്കുന്നു.
യാഥാര്‍ത്ഥ്യങ്ങളെല്ലാം കാണിച്ചുകൊണ്ട് തന്നെ സാറക്കൊപ്പം നില്‍ക്കാന്‍ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും പുതുമുഖ തിരക്കഥാകൃത്തായ ഡോ. അക്ഷയും ശ്രമിക്കുന്നു എന്ന ഇടത്തില്‍ കൂടിയാണ് സാറാസ് ആശ്വാസമാകുന്നതും വിജയിക്കുന്നതും.
ഒരു ത്രില്ലര്‍ കഥയുമായി ‘എ ഫിലിം ബൈ സാറ വിന്‍സന്റ്’ എന്ന് തിയേറ്ററില്‍ എഴുതി കാണിക്കുന്നത് സ്വപ്‌നം കണ്ട് ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഠിന പരിശ്രമം നടത്തുന്നയാളാണ് സാറ. അതിനുവേണ്ടി നിര്‍മ്മാതാക്കളെ കാണാന്‍ നടക്കുന്നതും ഇതിനിടയില്‍ വെച്ച് ജീവനെ കണ്ടുമുട്ടുന്നതുമാണ് കഥാപശ്ചാത്തലം. സണ്ണി വെയ്ന്‍ ആണ് ജീവനായി എത്തുന്നത്.
ഗര്‍ഭിണിയാകല്‍, അബോര്‍ഷന്‍, പാരന്റിംഗ് ഇവയുടെ വിവിധ വശങ്ങള്‍ ഒരു സ്ത്രീയുടെ ഭാഗത്ത് നിന്ന്, അതും കുട്ടികളെ വളര്‍ത്താന്‍ താല്‍പര്യം ഇല്ലാത്ത ഒരു സ്ത്രീയുടെ ഭാഗത്തു നിന്നുകൊണ്ടാണ് ചിത്രം പറയുന്നത്.
പ്രസവിക്കേണ്ട എന്ന് സാറക്ക് ചെറുപ്പത്തില്‍ തന്നെ തോന്നിയിട്ടുണ്ട്. അത് വ്യക്തമായി പറയുന്നുമുണ്ട്. ലോകത്തിലെ എല്ലാ സ്ത്രീകളിലും അമ്മയാകാനുള്ള വാസനയും കുട്ടികളോട് അതീവ വാത്സല്യവും നിറഞ്ഞുനില്‍ക്കുമെന്ന തെറ്റായ പൊതുബോധനത്തിന് വഴങ്ങാത്ത സ്ത്രീയാണ് സാറ. നമ്മള്‍ക്കൊക്കെ പരിചയമുള്ള, എന്നാല്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത കുട്ടികളോട് വലിയ താല്‍പര്യമില്ലാത്ത ഒരു പെണ്‍കുട്ടി.
സിനിമയില്‍ സാറ തന്നെ പറയുന്നുണ്ട്, ‘എനിക്ക് കുട്ടികളോട് എന്തെങ്കിലും ദേഷ്യമുണ്ടായിട്ടില്ല, സ്വന്തമായി കുട്ടികള്‍ വേണ്ട എന്ന് പറയുന്നത് പാരന്റിംഗ് എന്നത് വര്‍ഷങ്ങള്‍ നീണ്ട കമിറ്റ്‌മെന്റ് ആവശ്യമുള്ള പരിപാടിയാണ്. അത് താല്‍പര്യമുള്ളവര്‍ക്ക് അത് ചെയ്യാം അല്ലാത്തവര്‍ക്ക് വേണ്ട, എന്ന്. ശരിക്കും അത്രേയുള്ളു കാര്യം.
സിനിമയുടെ ഈ ആശയം മറ്റൊരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് സിദ്ദിഖിന്റെ ഗൈനക്കോളജിസ്റ്റായ ഹാഫിസ് എന്ന കഥാപാത്രവും പറയുന്നുണ്ട്. ‘ബെറ്റര്‍ നോട്ട് ടു ബി എ പാരന്റ് ദാന്‍ എ ബാഡ് പാരന്റ്’ എന്നതും സ്ത്രീകളുടെ റീപ്രൊഡക്ടീവ് അവകാശങ്ങളും വളരെ ലളിതമായ സംഭാഷണങ്ങളിലൂടെ ചിത്രം പറയുന്നുണ്ട്.
കേള്‍ക്കുമ്പോള്‍ രണ്ട് തവണ ആലോചിക്കേണ്ടി വരാത്ത ഈ ആശയങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടി വരുന്ന സാഹചര്യത്തെ കുറിച്ച് ഒന്നാലോചിച്ചു നോക്കുക, പറയും പോലെ അത്ര എളുപ്പമാവില്ല കാര്യങ്ങള്‍. സാറാസും അതു തന്നെയാണ് കാണിച്ചു തരുന്നത്.
ഒരു ഘട്ടം കഴിയുമ്പോള്‍ സാറയുടെ ജീവിതപങ്കാളിക്ക് കുട്ടികള്‍ വേണമെന്ന് തോന്നുന്നത്, ഇരുവരുടെയും ‘നന്മ മാത്രം പ്രതീക്ഷിക്കുന്ന’ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും, വിശേഷമായില്ലേ എന്ന ചോദ്യങ്ങള്‍, കല്യാണം കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്കുള്ളിലെങ്കിലും ഭാര്യ ഗര്‍ഭിണിയായില്ലെങ്കില്‍ ഭര്‍ത്താക്കന്മാരുടെ ആണത്തത്തിനു നേരെയുയരുന്ന സംശയങ്ങള്‍, സ്വന്തം നിലപാട് വാ തുറന്നു പറയുന്ന സ്ത്രീകളെ ഫെമിനിച്ചിയെന്ന് ചാപ്പ കുത്താന്‍ കാത്തിരിക്കുന്നവര്‍, കുട്ടി വേണ്ട എന്ന് ഒരു സ്ത്രീ പറയുന്നതും അണുബോംബും ഒരേ പ്രഹരശേഷിയുള്ളതാണെന്ന് രീതിയില്‍ ചിന്തിക്കുന്ന സമൂഹം – ഇതൊക്കെ കൂടി മുന്നില്‍ വന്നു നിന്നാല്‍ നിങ്ങള്‍ പെട്ടുപോകും. ഈ ഓരോ പ്രതിസന്ധികളെയും നേരിടാന്‍ സാറ ശ്രമിക്കുന്നത് കൂടിയാണ് സിനിമ.
ചിത്രത്തിന്റെ തുടക്കത്തില്‍ സാറ ഒരു പേടിസ്വപ്‌നം കാണുന്ന സീനുണ്ട്, ഗര്‍ഭിണിയാകുന്നതാണ് ഈ സ്വപ്‌നം. ഈ രംഗത്ത് ഒരു പാട്ടുണ്ട്, മലയാള സിനിമയില്‍ ആദ്യമായിട്ടായിരിക്കും ഒരുപക്ഷെ, പത്ത് മാസം നൊന്ത് പെറ്റ് സ്ത്രീ ജന്മത്തിന്റെ ജീവിതസാഫല്യം നേടലൊന്നുമില്ലാതെ, ഗര്‍ഭിണിയായിരിക്കുന്ന പത്ത് മാസക്കാലവും അതിനുശേഷവും സ്ത്രീ കടന്നുപോകുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് പാട്ട് വരുന്നത്.
മാത്രമല്ല, ഈ സ്വപ്‌നത്തിന്റെ സീനുകളില്‍ സാറ ഒറ്റക്കാണ്. ഗര്‍ഭമെന്നത്, ആരൊക്കെ എത്രയൊക്കെ കൂടെ നിന്നാലും, ഗര്‍ഭിണിയാകുന്ന സ്ത്രീ ഒറ്റയ്ക്ക് തന്നെ നേരിടേണ്ടി വരുന്ന യുദ്ധമാണെന്ന് ഈ പാട്ട് പറയാതെ പറഞ്ഞുവെക്കുന്നുണ്ട്. മുന്‍ ചിത്രങ്ങളിലേതു പോലെയല്ല, എന്നെ ആരും എവിടെയും പൂട്ടിയിടുന്നില്ലെന്ന അന്ന ബെന്‍ സാറാസിനെ കുറിച്ച് പറഞ്ഞിരുന്നു, എന്നാല്‍ ഇതിലും പൂട്ടിയിടല്‍ നടക്കുന്നുണ്ട്, അതൊരു ഗര്‍ഭമാണെന്ന് മാത്രം. പ്രീ മാരിറ്റല്‍ സെക്‌സിനെ കുറിച്ചും സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ചും സിനിമ സ്വാഭാവികതയോടെ സംസാരിക്കുന്നുണ്ട്.
റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളുമാണ് സാറാസിനെ മനോഹരമാക്കുന്നത്. ഈ കാലഘട്ടത്തിലെ പ്രണയബന്ധങ്ങളില്‍ യുവാക്കള്‍ തമ്മില്‍ സംസാരിക്കുന്ന വാക്കുകള്‍ തന്നെയാണ് സാറാസിലും കടന്നുവരുന്നത്.
സിനിമയില്‍ പല തരത്തിലുള്ള കുടുംബങ്ങളെ കാണിക്കുന്നുണ്ട്, സിംഗിള്‍ പാരന്റിംഗും സന്തോഷവതിയായ ദമ്പതികളും വിവിധ പ്രായത്തിലുള്ള കുടുംബാംഗങ്ങളുമെല്ലാം ചിത്രത്തിലുണ്ട്. ഏതെങ്കിലും വ്യക്തികളെയോ ബന്ധങ്ങളെയോ കുറ്റപ്പെടുത്താതെ കുട്ടികളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വ്യവസ്ഥയില്‍ തന്നെ ശ്രദ്ധയൂന്നാന്‍ സാറാസിന് കഴിയുന്നുണ്ട്.
സിനിമയില്‍ ഏറ്റവും സന്തോഷം തോന്നിയ കാര്യം സിദ്ദിഖ് ചെയ്ത ഗൈനക്കോളിജിസ്റ്റായ ഡോ. ഹാഫിസ് എന്ന കഥാപാത്രമായിരുന്നു. ഗര്‍ഭം തുടരണോ വേണ്ടയോ എന്നതില്‍ അവസാന തീരുമാനം സ്ത്രീകളുടേതാണെന്ന സിനിമയുടെ ആശയവും സംവിധായകന്റെ നിലപാടുകളും പറഞ്ഞു കൊടുക്കാനായി നിര്‍ത്തിയിരിക്കുന്നതായി, ഡോക്ടര്‍ ഹാഫിസിന്റെ ചില ഡയലോഗുകള്‍ തോന്നിപ്പിക്കുമെങ്കിലും ഈ ഗൈനക്കോളജിസ്റ്റ് ചര്‍ച്ച ചെയ്യപ്പെടും. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗനന്‍സി ആക്ടും അത് സ്ത്രീകള്‍ നല്‍കുന്ന അവകാശവും ഒപ്പം ചര്‍ച്ചയായേക്കാം.
അബോര്‍ഷനെ കുറിച്ച് അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന വസ്തുതകളും നിലപാടുകളും അബോര്‍ഷന്‍ ആവശ്യപ്പെടുന്നവരോടുള്ള പെരുമാറ്റവും, പ്രേക്ഷകനെ അത്ഭുതപ്പെടുത്തിയേക്കാം. ഇങ്ങനെയൊരു ഗൈനക്കോളജിസ്റ്റ് കേരളത്തിലുണ്ടാകുമോയെന്ന സംശയമുണ്ടായേക്കാം. ആ സംശയത്തിന് ഇടയാക്കുന്ന സാഹചര്യങ്ങളെയാണ് സാറ ചോദ്യം ചെയ്യുന്നത്.
അന്ന ബെന്‍ സാറയായി മികച്ച അഭിനയം കാഴചവെച്ചിട്ടുണ്ട്. കഥാപാത്രം കടന്നുപോകുന്ന സംഘര്‍ഷങ്ങളും സന്തോഷവും കയ്യടക്കത്തോടെയാണ് അന്ന ബെന്‍ അവതരിപ്പിക്കുന്നത്.
സാറയുടെ കഥാപാത്രത്തിന് നല്‍കിയിരിക്കുന്ന അതേ പ്രധാന്യത്തോടെയാണ് ജീവനെയും വാര്‍ത്തെടുത്തിരിക്കുന്നത്. കുട്ടികള്‍ വേണ്ട എന്ന് കരുതുന്ന, പങ്കാളിയായ സ്ത്രീയുടെ ഒപ്പം നിന്ന് ചിന്തിക്കുന്നയാളാണ് ജീവന്‍. മാസ്‌ക്യുലിനിറ്റിയുടെ ഭാരങ്ങളൊന്നും ഈ കഥാപാത്രത്തില്‍ കാര്യമായി കാണാനാകില്ല.
ഒരുഘട്ടത്തില്‍ കരിയറില്‍ മികച്ച നിലയില്‍ എത്തിയ ശേഷം ഇനി കുട്ടികളാകാമല്ലോ എന്ന് ജീവന്‍ ചിന്തിക്കുകയാണ്. ഇതിനൊപ്പം സുഹൃത്തുക്കളില്‍ നിന്നുള്ള സമ്മര്‍ദവും വരുന്നു. കല്യാണം, കുട്ടികള്‍ എന്നീ വിഷയങ്ങളോടനുബന്ധിച്ച് എങ്ങനെയാണ് പുരുഷന്മാര്‍ക്കിടയില്‍ പിയര്‍ പ്രെഷര്‍ വര്‍ക്ക് ചെയ്യുന്നതെന്ന് ജീവനിലൂടെ കാണാനാകും. ജീവിതത്തില്‍ ജീവന്‍ കടന്നുപോകുന്ന വിവിധ ഘട്ടങ്ങളെ സ്വാഭാവികതയോടെ ചിത്രം അവതരിപ്പിക്കുന്നുണ്ട്. സണ്ണി വെയ്ന്‍ ജീവനായി തരക്കേടില്ലാത്ത പ്രകടനമാണ് നടത്തിയിരിക്കുന്നത്.
അടുത്ത പ്രധാന കഥാപാത്രം ജീവന്റെ അമ്മയായി എത്തിയ മല്ലിക സുകുമാരന്റെ കഥാപാത്രമാണ്. ശക്തയായ ഒരു ടിപ്പിക്കല്‍ അമ്മായിയമ്മയായി എത്തുമ്പോഴും സാറയുടെ ഒരൊറ്റ ഡയലോഗില്‍ മക്കള്‍ക്ക് വേണ്ടി ജീവിച്ചു തീര്‍ത്ത സ്വന്തം ജീവിതത്തെ പറ്റി അവര്‍ നിരാശയോടെ ആലോചിച്ചു പോകുന്നുണ്ട്. പാരന്റിംഗിനെ മഹത്വവല്‍ക്കരിക്കാനില്ലെന്ന് സാറാസ് എന്ന ചിത്രം ഈ കഥാപാത്രത്തിലൂടെ കാണിച്ചു തരികയാണ്. മികച്ച ടൈമിങ്ങുള്ള മല്ലിക സുകുമാരന്റെ പെര്‍ഫോമന്‍സ് സിനിമയെ ആസ്വാദ്യമാക്കുന്നുണ്ട്.
സാറയുടെ അച്ഛനാണ് മറ്റൊരു കഥാപാത്രം. ബെന്നി പി നായരമ്പലം ചെയ്ത ഈ കഥാപാത്രം ഓം ഓശാന്തി ഓശാനയിലെ രണ്‍ജി പണിക്കരുടെ വേഷത്തിന്റെ തുടര്‍ച്ചയായാണ് അനുഭവപ്പെട്ടത്, മകളെ മനസിലാക്കുന്ന ഒരു അച്ഛന്‍.
സിനിമയ്ക്ക് പുതുമുഖങ്ങളായ എന്നാല്‍ മറ്റു രംഗങ്ങളിലൂടെ സുപരിചിതരായ ചിലരെ ചിത്രത്തില്‍ ജൂഡ് ആന്റണി കൊണ്ടുവന്നിട്ടുണ്ട്. ഒതളങ്ങാതുരുത്തിലെ നത്തിനെ ചെയ്ത അബിന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, അവതാരക ധന്യ വര്‍മ്മ എന്നിവരാണ് ഇക്കൂട്ടത്തിലെ പ്രമുഖര്‍. ഒരു പരിധി വരെ തങ്ങളുടെ കഥാപാത്രങ്ങളെ സ്വാഭാവികതയോടെ ഇവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
ചിത്രത്തിലെ ഹൃദ്യമായ മറ്റൊരു ഘടകം സാറാസിലെ ഒരോ വീടുകളുടെയും ഇന്റരീയര്‍ ഡിസൈനിംഗും ആര്‍ട്ട് വര്‍ക്കുമാണ്. ഷാന്‍ റഹ്മാന്റെ സംഗീതവും സിനിമയോട് ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു. കഥ പറയണ് എന്ന പാട്ട് സിനിമാമോഹവുമായി നടക്കുന്ന യുവാക്കളുടെ പരിശ്രമവും നിരാശയും സന്തോഷവും വരച്ചു കാണിക്കുന്നുണ്ട്.
സിനിമയുടെ തുടക്കത്തില്‍, പ്രധാന കഥാപരിസരത്തേക്ക് കടക്കുന്നത് വരെയുള്ള ഭാഗങ്ങളില്‍ തിരക്കഥയുടെ മുറുക്കം പലപ്പോഴും നഷ്ടപ്പെട്ടു പോകുന്നുണ്ട്. പകുതിയില്‍ നിന്നങ്ങോട്ട് പിന്നെ സിനിമ മികച്ച പേസിലെത്തുകയും പ്രേക്ഷകനെ ഒപ്പം കൊണ്ടുപോകുകയും ചെയ്യും.
തമാശകള്‍ പ്രേക്ഷകനിലേക്ക് എത്തിക്കുന്നതിലാണ് സിനിമയിലെ പാളിച്ചകള്‍ കുറച്ചു കൂടി വ്യക്തമാകുന്നത്. മാത്രമല്ല, ഫെമിനിസം, മീ ടു, പൊളിറ്റിക്കല്‍ കറക്ടനെസ് എന്നീ ഇന്നത്തെ കാലഘട്ടം ചര്‍ച്ച ചെയ്യുന്ന പല കാര്യങ്ങളും തമാശരൂപത്തിലും അല്ലാതെയും കടന്നുവരുമ്പോള്‍, ചിലപ്പോഴൊക്കെ മുഴച്ചു നില്‍ക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. സിനിമാക്കാരിയുടെ കഥ പറയുന്നത് കൊണ്ടാകും സിനിമാ റെഫറന്‍സുകളുടെ ബാഹുല്യവും സാറാസിലുണ്ട്.
മരിച്ചതിന് ശേഷം ലോകം നമ്മളെ ഓര്‍ത്തിരിക്കുന്ന വിധം എന്തെങ്കിലും ചെയ്യണം, ഒരു സംവിധായകക്ക് ആദ്യം വേണ്ടത് ക്രിയേറ്റിവിറ്റിയാണ് എന്നിങ്ങനെയുള്ള ചില ക്ലീഷേ മോട്ടിവേഷനും ഉപദേശം മോഡിലേക്ക് ചിത്രം പോകുന്നതും സാറാസിനെ പിന്നോട്ടടിക്കുന്നതായി തോന്നാമെങ്കിലും കഥയെ മോശമാക്കാതെ അവ കൈകാര്യം ചെയ്യപ്പെടുന്നുണ്ട്.
സാറാസ് ഒരുക്കിയവര്‍ക്ക് തങ്ങള്‍ സമൂഹത്തിന് മുന്‍പില്‍ വെക്കുന്ന ആശയത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും നിലപാടുമുണ്ട്. ആ നിലപാടിനെ സിനിമാറ്റിക്കായ പോസിറ്റീവ് സ്‌പേസില്‍ നിന്ന് സമീപിക്കുമ്പോഴും സാറ എന്ന സ്ത്രീയുടെയും ചുറ്റുമുള്ളവരുടെയും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ സിനിമ കണ്ണടക്കുന്നില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Sara’s Malayalam Movie Review- Anna Ben, Jude Anthany Joseph, Sunny Wayne